Thursday, May 2, 2024
HomeUncategorizedലാലിഗയില്‍ റയല്‍ മാഡ്രിഡിന് റയോയുടെ സമനിലക്കുരുക്ക്

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് റയോയുടെ സമനിലക്കുരുക്ക്

ലാലിഗയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. റയോ വലെകാനോയാണ് റയലിനെ 1-1ന് തളച്ചത്. മത്സരം തുടങ്ങി മൂന്ന് മിനിറ്റിനകം ജൊസേലുവിലൂടെ റയല്‍ ലീഡ് പിടിച്ചു.

വലതു വിങ്ങില്‍നിന്ന് വാല്‍വെർദെ നല്‍കിയ ക്രോസ് ജൊസേലു വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 27ാം മിനിറ്റില്‍ റയോ തിരിച്ചടിച്ചു. ബോക്സില്‍ വെച്ച്‌ എഡ്വാർഡോ കമവിംഗയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടർന്ന് വി.എ.ആർ പരിശോധനയിലൂടെയാണ് റഫറി പെനാല്‍റ്റിയിലേക്ക് വിസിലൂതിയത്. കിക്കെടുത്ത റൗള്‍ ഡി തോമസ് പന്ത് അനായാസം പോസ്റ്റിലെത്തിച്ചു.

35ാം മിനിറ്റില്‍ റയല്‍ ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത് തിരിച്ചടിയായി. ഇടവേളക്ക് തൊട്ടുമുമ്ബ് റയോക്കും മികച്ച അവസരം ലഭിച്ചെങ്കിലും റയല്‍ ഗോള്‍കീപ്പർ വിലങ്ങിട്ടു. 80ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ തകർപ്പൻ ഫ്രീകിക്ക് റയോ ഗോള്‍കീപ്പർ ഇടത്തോട്ട് പറന്ന് തട്ടിയകറ്റി. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ എതിർതാരത്തെ ഇടിച്ചിട്ടതിന് അന്റോണിയോ കാർവജല്‍ ചുവപ്പുകാർഡ് കണ്ട് പുറത്തുപോകുന്നതിനും മത്സരം സാക്ഷിയായി.

സമനിലയോടെ റയലിന് 25 മത്സരങ്ങളില്‍ 62 പോയന്റായി. ഒരു മത്സരം കുറച്ചു കളിച്ച ജിറോണ 56 പോയന്റുമായി രണ്ടാമതുണ്ട്. മൂന്നാമതുള്ള ബാഴ്സലോണക്ക് 25 മത്സരങ്ങളില്‍ 54 പോയന്റുമാണുള്ളത്. അത്‍ലറ്റികോ മാഡ്രിഡ് 51 പോയന്റുമായി നാലാമതാണ്.

മറ്റു മത്സരങ്ങളില്‍ റയല്‍ സൊസീഡാഡ് 2-1ന് മല്ലോർകയെ തോല്‍പിച്ചപ്പോള്‍ റയല്‍ ബെറ്റിസ്-അലാവസ് മത്സരവും (0-0) ഗ്രനഡ-അല്‍മേരിയ പോരാട്ടവും (1-1) സമനിലയില്‍ അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular