Saturday, July 27, 2024
HomeKeralaകോളേജ് ഭരണസമിതി പിരിച്ചുവിടാൻ തീരുമാനം

കോളേജ് ഭരണസമിതി പിരിച്ചുവിടാൻ തീരുമാനം

തൊടുപുഴ: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച്‌ തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോയിലെ വിദ്യാർഥികള്‍.

സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബുധനാഴ്ച പുലർച്ചേ സമരം അവസാനിപ്പിച്ചത്. കോളേജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനോടൊപ്പം സർവകലാശാല തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ നടപടിയുമെടുക്കും. ഒത്തു തീർപ്പ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർഥികള്‍ പറഞ്ഞു.

മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മന്ത്രിയോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികള്‍. പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ചിരുന്നു. എന്നാല്‍ പ്രിൻസിപ്പല്‍ രാജി വെയ്ക്കാതെ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞ് വിദ്യാർഥികള്‍ വീണ്ടും സമരം തുടർന്നു.

ഒരു വിദ്യാർഥിക്ക് ഇന്റേണല്‍ മാർക്കില്‍ അന്യായമായി മാർക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം ആരംഭിച്ചത്. സമരം ചെയ്ത വിദ്യാർഥികളെ റാഗിങ് കേസില്‍ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടെന്നും കുട്ടികള്‍ അവകാശപ്പെട്ടിരുന്നു.

RELATED ARTICLES

STORIES

Most Popular