Thursday, May 2, 2024
HomeIndiaഅഭിമാന നിമിഷമെന്ന് പുഷ്കർ സിംഗ് ധാമി;വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ

അഭിമാന നിമിഷമെന്ന് പുഷ്കർ സിംഗ് ധാമി;വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ

ഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ഇതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമായി. തങ്ങൾക്കിത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

‘നിയമസഭ പാസാക്കിയ യുസിസി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് സംസ്ഥാനത്തിന് സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും നിമിഷമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകും സ്ത്രീപീഡനം തടയാൻ സഹായിക്കും’, ധാമി എക്സിൽ കുറിച്ചു. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വരും.

ഫെബ്രുവരി ആറിനായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടയിലായിരുന്നു ബിൽ അവതരണം. ജയ്ശ്രീറാം മുഴക്കിയും ഭാരത് മാതാ കി ജയ് വിളിച്ചുമെല്ലാമായിരുന്നു ബിൽ അവതരണം ഭരണം പക്ഷം ആഘോഷിച്ചത്. അന്ന് തന്നെ ബിൽ സഭയിൽ പാസായി. ഫെബ്രുവരി 28 ന് ബില്ലിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുന്നത്. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബിൽ. എന്നാൽ നിയമത്തിൽ നിന്ന് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. ലിവ് ഇൻ ബന്ധങ്ങൾ നിയമപരമായി രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. അതേസമയം ബിൽ പാസാക്കിയതിന് പിന്നാലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും യുസിസി ഡ്രാഫ്റ്റ് കമ്മിറ്റി അംഗവുമായ ശത്രുഘ്നൻ സിങ്ങിൻ്റെ നേതൃത്വത്തിൽ റൂൾസ് മേക്കിംഗ് ആൻഡ് ഇംപ്ലിമെൻ്റേഷൻ കമ്മിറ്റി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. സുരേഖ ദങ്‌വാൾ, മനു ഗൗർ, ഉത്തരാഖണ്ഡ് പോലീസ് എഡിജി (അഡ്മിനിസ്‌ട്രേഷൻ) അമിത് സിൻഹ, ഉത്തരാഖണ്ഡ് റസിഡൻ്റ് കമ്മീഷണർ അജയ് മിശ്ര എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. എകീകൃത സിവിൽ കോഡ് വ്യവസ്ഥകളും വകുപ്പുകളും മാത്രമേ ബിൽ നിർവചിക്കുന്നുള്ളൂ. നിയമങ്ങൾ എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് കമ്മിറ്റി വിശദമായി നിർവ്വചിക്കും.

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍, നിര്‍ദേശക തത്വങ്ങളിലാണ് ഇത് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular