Saturday, April 27, 2024
HomeIndiaഞെട്ടിക്കുന്ന അഴിമതിയോ?, ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ ഒന്നാം സ്ഥാനത്ത് ലോട്ടറി കിംഗ് സാന്റിയാഗോ...

ഞെട്ടിക്കുന്ന അഴിമതിയോ?, ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ ഒന്നാം സ്ഥാനത്ത് ലോട്ടറി കിംഗ് സാന്റിയാഗോ മാര്‍ട്ടിന്‍

ന്യൂഡല്‍ഹി: 2019 നും 2024 നും ഇടയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ ഒന്നാം സ്ഥാനത്ത് ലോട്ടറി കിംഗ് സാന്റിയാഗോ മാര്‍ട്ടിന്‍.

മാര്‍ട്ടിന്റെ ലോട്ടറി കമ്ബനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് 2019 മുതല്‍ 2024 വരെ 1,300 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഫ്യൂച്ചര്‍ ഗെയിമിംഗ് ഇത്രയും തുകയുടെ ബോണ്ടുകള്‍ വാങ്ങിയതെന്നത് അഴിമതി തുറന്നുകാട്ടുന്നു. 2019ന്റെ തുടക്കത്തിലാണ് കള്ളപ്പണം വെളുപ്പിക്കലില്‍ കമ്ബനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ആ വര്‍ഷം ജൂലൈ ആയപ്പോഴേക്കും കമ്ബനിയുടെ 250 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 2022 ഏപ്രില്‍ 2 ന് കേസില്‍ 409.92 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. ഈ സ്വത്തുക്കള്‍ കണ്ടുകെട്ടി അഞ്ച് ദിവസത്തിന് ശേഷം ഏപ്രില്‍ 7 ന് ഫ്യൂച്ചര്‍ ഗെയിമിംഗ് 100 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളായി വാങ്ങി.

സാന്റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ കമ്ബനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സ് (പി) ലിമിറ്റഡിനുമെതിരെ (ഇപ്പോള്‍ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് (പി) ലിമിറ്റഡും മുമ്ബ് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി ലിമിറ്റഡും) പിഎംഎല്‍എയുടെ വകുപ്പുകള്‍ പ്രകാരമാണ് ഇഡി അന്വേഷണം ആരംഭിച്ചത്. നേരത്തെ സിബിഐ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

കുറ്റപത്രത്തില്‍ 1998-ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനും സിക്കിം സര്‍ക്കാരിനെ കബളിപ്പിച്ച്‌ തെറ്റായ നേട്ടം നേടുന്നതിനുമായി മാര്‍ട്ടിനും മറ്റുള്ളവരും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതായി പറയുന്നു.

01.04.2009 മുതല്‍ 31.08.2010 വരെയുള്ള കാലയളവിലെ സമ്മാനാര്‍ഹമായ ടിക്കറ്റ് ക്ലെയിം വര്‍ദ്ധിപ്പിച്ചതിന്റെ പേരില്‍ 910.3 കോടി രൂപ മാര്‍ട്ടിനും കൂട്ടാളികളും അനധികൃതമായി സമ്ബാദിച്ചെന്ന് 2019 ജൂലൈ 22-ന് ഇഡി പറഞ്ഞു. ഇതിന് പിന്നാലെ 2020 ഒക്ടോബര്‍ 21 ന് കമ്ബനി ഇലക്ടറല്‍ ബോണ്ടുകളുടെ ആദ്യ ഘട്ടം വാങ്ങി.

നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്‌റ്റൈല്‍സ്, ഹോസ്പിറ്റാലിറ്റി എന്നിവ ഉള്‍പ്പെടെ വിപുലമായ വ്യവസായലോകത്തിന്റെ അധിപനാണ് സാന്റിയാഗോ മാര്‍ട്ടിന്‍. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, സ്പോര്‍ട്സ് വാതുവെപ്പ് എന്നിവയെല്ലാം മാര്‍ട്ടിന്‍ നടത്തുന്നുവെന്ന് പറയപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular