Wednesday, May 8, 2024
HomeKeralaതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് ചോദ്യം,ക്ഷുഭിതനായി മുഖ്യമന്ത്രി,'ആകാശവാണി വിജയനെ'ന്ന് സതീശൻ

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് ചോദ്യം,ക്ഷുഭിതനായി മുഖ്യമന്ത്രി,’ആകാശവാണി വിജയനെ’ന്ന് സതീശൻ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരഞ്ഞെടുപ്പ് എന്നത് എന്താണെന്ന് ഇതേവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കില്‍ താങ്കള്‍ എന്തൊരു മാധ്യമപ്രവർത്തകനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഈ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെയല്ല കേന്ദ്ര ഭരണത്തിന്റെ പ്രവർത്തനങ്ങള്‍ വിലയിരുത്താനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

”തിരഞ്ഞെടുപ്പ് എന്നത് എന്താണെന്ന് ഇതേവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കില്‍ താങ്കള്‍ എന്തൊരു മാധ്യമപ്രവർത്തകനാണ്? നിങ്ങള്‍ക്ക് അതുപോലും മനസ്സിലാക്കാനാകുന്നില്ല എന്നല്ലേ അതിന്റെ അർഥം? ഈ തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ പ്രവർത്തനങ്ങള്‍ വിലയിരുത്താനുള്ളതല്ലേ? അതല്ലേ ഇതില്‍ പ്രധാനമായിട്ടുള്ളത്. ആരെങ്കിലും ചോദിക്കുന്നതു കേട്ട് അതേപോലെ ചോദിക്കുകയാണോ വേണ്ടത്? നിങ്ങള്‍ ഇതില്‍ സ്വയംബുദ്ധി പ്രയോഗിക്കേണ്ടേ? അപ്പോഴല്ലേ ഇത് സംസ്ഥാന ഭരണത്തിന്റെയല്ല കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാണെന്ന് മനസ്സിലാക്കുക” – ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതെസമയം സംഭവത്തില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഇതുകൊണ്ടാണ് താൻ അദ്ദേഹത്തിന് പണ്ട് ‘ആകാശവാണി വിജയൻ’ എന്നു പേരിട്ടതെന്ന് സതീശൻ പരിഹസിച്ചു.മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും സതീശൻ പറഞ്ഞു. ഒറ്റ സീറ്റു പോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കെ, തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണോയെന്നു ചോദിച്ചാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യുമെന്നും സതീശൻ ചോദിച്ചു.

”അദ്ദേഹം പൊട്ടിത്തെറിക്കും. ഏതു ചോദ്യം ചോദിച്ചാലും അദ്ദേഹം പൊട്ടിത്തെറിക്കും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേള്‍ക്കുക. ഞാൻ പണ്ട് ആകാശവാണി വിജയൻ എന്നു പേരിട്ടത് അതുകൊണ്ടാണ്. ആകാശവാണി നമുക്കു കേള്‍ക്കാൻ മാത്രമേ പറ്റൂ. ആകാശവാണിയോട് തിരിച്ച്‌ എന്തെങ്കിലും ചോദിക്കാൻ പറ്റുമോ? റേഡിയോയോട് ചോദിക്കാൻ പറ്റുമോ? അതു നിങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ അങ്ങോട്ടു ചോദിക്കാൻ പാടില്ല. പറയുന്നതു കേട്ടിട്ട് തിരിച്ചു പോരണം. മനസ്സിലായില്ലേ?- സതീശൻ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular