Thursday, May 9, 2024
HomeIndiaകടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യൻ നാവികസേന ഇറാൻ കപ്പല്‍ മോചിപ്പിച്ചു; 23 പാക് പൗരന്മാരെയും രക്ഷിച്ചു

കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യൻ നാവികസേന ഇറാൻ കപ്പല്‍ മോചിപ്പിച്ചു; 23 പാക് പൗരന്മാരെയും രക്ഷിച്ചു

ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പല്‍ 12 മണിക്കൂറിലേറെ നീണ്ട ഓപറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു.

കപ്പല്‍ ജീവനക്കാരായ 23 പാകിസ്താൻ പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് കടല്‍ക്കൊള്ളക്കാർ ‘അല്‍ കമ്ബാർ’ എന്ന കപ്പല്‍ റാഞ്ചിയത്. ഒമ്ബത് പേരാണ് കൊള്ളസംഘത്തിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച്‌ വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ നാവികസേനക്ക് വിവരം ലഭിച്ചു. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐ.എൻ.എസ് സുമേധ, ഐ.എൻ.എസ് ത്രിശൂല്‍ എന്നീ നാവികസേന കപ്പലുകള്‍ ഉടൻ തന്നെ മോചനപ്രവർത്തനത്തില്‍ ഏർപ്പെട്ടു.

സായുധരായ ഒമ്ബത് കടല്‍ക്കൊള്ളക്കാരും വൈകീട്ടോടെ കീഴടങ്ങിയതായി നാവികസേന അറിയിച്ചു. സംഭവസമയത്ത് ഇന്ത്യൻ മഹാസമുദ്രത്തില്‍ ഏദൻ ഉള്‍ക്കടലിനടുത്ത സൊകോത്ര ദ്വീപ് സമൂഹത്തില്‍നിന്ന് ഏകദേശം 90 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു മത്സ്യബന്ധന കപ്പല്‍.

മേഖലയിലെ സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ, അവർ ഏത് രാജ്യക്കാരാണെങ്കിലും ശരി, തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ നാവികസേന പറഞ്ഞു. ഇതിനായി കടല്‍കൊള്ളക്കാർക്കെതിരെ ‘ഓപറേഷൻ സങ്കല്‍പ്’ എന്ന പേരില്‍ നാവികസേന പ്രവർത്തനവുമായി മുന്നോട്ടുപോവുകയാണെന്ന് കഴിഞ്ഞദിവസം ചീഫ് അഡ്മിറല്‍ ആർ. ഹരികുമാർ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular