Tuesday, April 30, 2024
HomeKeralaസിബിഐയ‌്ക്കും കഴിയാത്തത് ജെയിംസ് കണ്ടെത്തിയോ? ജസ്‌നയുടെ പിതാവിന്റെ അന്വേഷണം വിരല്‍ചൂണ്ടുന്നത്

സിബിഐയ‌്ക്കും കഴിയാത്തത് ജെയിംസ് കണ്ടെത്തിയോ? ജസ്‌നയുടെ പിതാവിന്റെ അന്വേഷണം വിരല്‍ചൂണ്ടുന്നത്

റുവർഷമായി ഉത്തരം കിട്ടാത്തൊരു കടങ്കഥ പോലെയാണ് ജെസ്‌ന. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരിക്കെ 2018 മാർച്ച്‌ 22ന് പത്തനംതിട്ട മുക്കോട്ടുത്തറയിലെ കല്ലുമൂല കുന്നത്ത് വീട്ടില്‍ നിന്നിറങ്ങിയതാണ്.

മുണ്ടക്കയത്തേക്കുള്ള ബസില്‍ പുളികുന്ന് വരെ അവള്‍ ബസിലുണ്ടായിരുന്നു. പിന്നെ ആരും കണ്ടിട്ടില്ല. പൊലീസും ക്രൈംബ്രാഞ്ചും തോറ്റുപോയ കേസില്‍ രാജ്യത്തെ ഒന്നാം നമ്ബർ അന്വേഷണ ഏജൻസിയായ സി.ബി.ഐ വന്നിട്ടും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് സി.ബി.ഐ. 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമായ വിവരം കിട്ടിയിട്ടില്ല.

അതിനിടെ, ജെസ്‌നയുടെ പിതാവ് ജെയിംസ് തന്റെ മകള്‍ ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയമുള്ള അ‌ജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്നും കോടതിയെ അറിയിച്ചതോടെ കേസ് നിർണായക വഴിത്തിരിവിലാണ്. കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ ശ്രമിച്ചപ്പോഴാണ് തന്റെ മകളെ ദുരുപയോഗം ചെയ്ത അജ്ഞാതനായ സുഹൃത്തിനെക്കുറിച്ച്‌ പിതാവ് വെളിപ്പെടുത്തിയത്. ജെസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അജ്ഞാത സുഹൃത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിലെ ചെറിയ വീഴ്ച പോലും വലിയ പിശകില്‍ കലാശിച്ചേക്കാം. സി.ബി.ഐ തന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞാല്‍ അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയപ്പെടുന്നു. സി.ബി.ഐ രഹസ്യമായി അന്വേഷിച്ചാല്‍ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നല്‍കാം- ജെയിംസ് കോടതിയില്‍ നല്‍കിയ ഹർജിയില്‍ പറയുന്നു.

അഞ്ജാത സുഹൃത്തിന്റെ പങ്ക് സി.ബി.ഐ അന്വേഷിച്ചില്ലെന്നാണ് പിതാവിന്റെ ആരോപണം. പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിലാണ് ജസ്‌നയെ കാണാതാകുന്നത്. ഈ മേഖലയില്‍ സി.ബി.ഐ അന്വേഷണം നടത്തിയിട്ടില്ല. ജസ്‌ന അജ്ഞാത സുഹൃത്തിനാല്‍ ഉപദ്രവിക്കപ്പെട്ടിരിക്കാം. പതിവില്ലാതെ ആർത്തവ സമയത്ത് ജസ്‌നയക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നതായി ഏക സഹോദരി മൊഴി നല്‍കിയിട്ടുണ്ട്. രക്തം പുരണ്ട തുണി തിരുവല്ലം ഡിവൈ.എസ്.പി അന്വേഷണത്തിനായി ശേഖരിച്ചിരുന്നു. എന്നാല്‍ ഇത് രാസപരിശോധനയ്ക്ക് അയച്ചില്ല. രാസപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും മരുന്ന് കഴിച്ചതിന്റെ ഭാഗമായുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണോ ജസ്‌നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്താനാവൂ.

അമിത രക്തസ്രാവത്തില്‍ ഭയന്ന ജസ്‌ന ഈ വിവരം കാരണക്കാരനായ അജ്ഞാത സുഹൃത്തിനെ അറിയിക്കാൻ വീടുവിട്ട് ഇറങ്ങിയതാവാമെന്നാണ് പിതാവിന്റെ സംശയം. ഇതേക്കുറിച്ച്‌ സി.ബി.ഐ അന്വേഷിച്ചിട്ടില്ല. കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ അഞ്ച് കുട്ടികളുമായാണ് ജസ്‌നയ്ക്ക് അടുപ്പം ഉണ്ടായിരുന്നത്. ഇവരിലേക്ക് അന്വേഷണം എത്തിയിരുന്നെങ്കില്‍ അഞ്ജാത സുഹൃത്തിനെക്കുറിച്ചുളള വിവരം ലഭിക്കുമായിരുന്നു. മാത്രമല്ല ജസ്‌ന കോളേജിന് പുറത്ത് പോയത് എൻ.എസ്.എസ് ക്യാമ്ബിനാണ്. ഈ ക്യാമ്ബിന്റെ വിവരങ്ങളും സി.ബി.ഐ അന്വേഷിച്ചില്ല. ജസ്‌നയെ കാണാതായ അന്ന് വൈകിട്ട് ആറുമണിക്കും പിറ്റേന്ന് രാവിലെയും ജസ്‌നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിലേക്കും അന്വേഷണമെത്തിയില്ല. ജെസ്‌നയെ കാണായതിന്റെ തലേദിവസമുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിച്ചില്ല. മാസമുറയാണോ ഗർഭ കാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ എന്ന് സി.ബി.ഐ അന്വേഷിച്ചില്ല- പിതാവ് സംശയമുന്നയിക്കുന്നു.

എന്നാല്‍ പിതാവിന്റെ ആരോപണങ്ങളെല്ലാം സി.ബി.ഐ തള്ളുകയാണ്. മുക്കൂട്ടുത്തുറ, വെച്ചൂച്ചിറ, എരുമേലി, മുണ്ടക്കയം, പച്ചവയല്‍, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോട്ടയം, തൃശൂർ, കോഴിക്കോട്, തമിഴ്‌നാട്, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ജസ്‌ന അപ്രത്യക്ഷയായ പുളികുന്നിനും മുണ്ടക്കയത്തിനും ഇടയില്‍ വ്യാപക പരിശോധന നടത്തി. ജെസ്‌നയുടെ ആർത്തവ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നില്ല. ഈ വസ്ത്രത്തെ കുറിച്ച്‌ ജെസ്‌നയുടെ സഹോദരി ജെഫിയോട് ചോദിച്ചപ്പോള്‍ വസ്ത്രമെല്ലാം അലക്കി എന്ന മറുപടിയാണ് നല്‍കിയത്.

അജ്ഞാതനായ ആണ്‍ സുഹൃത്തിനെ സംബന്ധിച്ചോ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് ജെസ്‌നയ്ക്കുണ്ടായ അമിത രക്തസ്രാവത്തെ സംബന്ധിച്ചോ മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോഴും പിതാവ് വെളിപ്പെടുത്തിയിരുന്നില്ല. ജെസ്‌നയുടെ ബന്ധുക്കളും ഇത്തരം ആരോപണമുന്നിയിച്ചിട്ടില്ല. ജെസ്‌നയക്ക് ഒപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. അദ്ധ്യാപകരില്‍ നിന്നും മൊഴിയെടുത്തു. അദ്ധ്യാപകരുമായി ജെസ്‌ന അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. സുഹൃത്തുക്കളുമൊത്ത് കോളേജിന് പുറത്ത് ജെസ്‌ന പങ്കെടുത്ത എൻ.എസ്.എസ് ക്യാമ്ബിനെക്കുറിച്ച്‌ അന്വേഷിച്ചു. അതില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്തു. ജെസ്‌നയുടെ പിതാവിനെയും ആണ്‍ സുഹൃത്തിനെയും പോളീഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയെങ്കിലും ഫലമുണ്ടായില്ല. ജെസ്‌നയുടെ തിരോധാനത്തെ സംബന്ധിച്ച്‌ അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. ഏതെങ്കിലും പുതിയ തെളിവ് ലഭിച്ചാല്‍ ആ ദിശയില്‍ അന്വേഷണത്തിന് തയ്യാറുമാണ്. ജെസ്നയുടെ പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിച്ചതായതിനാല്‍ ഇനി തുടരന്വേഷണം ആവശ്യമില്ല- ഇതാണ് സി.ബി.ഐ നിലപാട്. ഇതേത്തുടർന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരിക്കുകയാണ്.

മരിച്ചോ ജീവനോടെ ഉണ്ടോ ?

തിരോധാനത്തിന് പിന്നില്‍ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്നും ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് പോകുമ്ബോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കാണാതായ ദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തിട്ടും ഫലമുണ്ടായില്ല. ജെസ്ന ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്തിട്ടില്ല. മുണ്ടക്കയത്ത് നിന്ന് ജെസ്ന എങ്ങോട്ട് പോയതായി കണ്ടെത്താനായിട്ടില്ല. വിമാനയാത്ര നടത്തിയതായും കണ്ടെത്താനായിട്ടില്ല. ജെസ്‌ന ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല.

സിറിയയില്‍ കണ്ടത് ജെസ്‌നയല്ല

ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സി.ബി.ഐ പറയുന്നു. ജെസ്നയെ കണ്ടെത്താൻ വിദേശത്ത് അന്വേഷണം നടത്തുന്നില്ല. ജെസ്നയ്ക്ക് പാസ്പോർട്ട് ഉണ്ടായിരുന്നില്ല. ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബംഗളൂരു വിമാനത്താവളത്തിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച്‌ പലതവണ ബംഗളൂരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പൂജപ്പുര സെൻട്രല്‍ ജയിലിലെ ഒരു തടവുകാരന് ജസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്ന് വെളിപ്പെടുത്തലുണ്ടായെങ്കിലും അതും വ്യാജമാണെന്ന് കണ്ടെത്തി. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയില്‍ ജെസ്നയോടു സാദൃശ്യമുള്ള യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതും തെറ്റായിരുന്നു.

”ജെസ്‌ന ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നു. മകളെ അപായപ്പെടുത്തിയതാണ്. സി.ബി.ഐ അന്വേഷണത്തിന് സമാന്തരമായി തങ്ങള്‍ നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ 19ന് വെളിപ്പെടുത്തും.”-ജെയിംസ്, പിതാവ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular