Tuesday, May 21, 2024
HomeKeralaനവകേരള ബസ് ഇനിമുതല്‍ ഗരുഡ പ്രീമിയം ക്ളാസ്, കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും

നവകേരള ബസ് ഇനിമുതല്‍ ഗരുഡ പ്രീമിയം ക്ളാസ്, കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും

കോഴിക്കോട്: സംസ്ഥാന സർക്കാർ നവകേരള സദസ് നടത്തിയപ്പോള്‍ മന്ത്രിമാർ സഞ്ചരിച്ച നവകേരള ബസ് ഇനിമുതല്‍ ഗരുഡ പ്രീമിയം ക്ളാസ്.

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കാണ് ബസ് സർവീസ് നടത്തുക. രാവിലെ 04.00 മണിക്ക് കോഴിക്കോട് നിന്നും യാത്രതിരിച്ച്‌ കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, ഗുണ്ടല്‍പ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 ന് ബംഗളൂരുവില്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്നും തിരിച്ച്‌ ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

ഓണ്‍ലൈൻ റിസർവേഷൻ സൗകര്യമുള്ള ബസ്സില്‍ കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു (സാറ്റ്‌ലൈറ്റ് ,ശാന്തിനഗർ) എന്നിവയാണ് സ്റ്റോപ്പുകള്‍.സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്സും നല്‍കണം. ബുധനാഴ്ച്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സർവീസായി പോകും.ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

ആധുനിക രീതിയില്‍ എയർകണ്ടിഷൻ ചെയ്ത ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്. ഫുട്‌ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസ്സിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ടോയ്‌ലെറ്റ്, വാഷ്‌ബേസിൻ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാർജർ സംവിധാനവും ബസിലുണ്ട്. യാത്രക്കാർക്ക് ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സില്‍ സജ്ജീകരിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular