Tuesday, May 21, 2024
HomeKeralaഡ്രൈവിങ് ടെസ്റ്റില്‍ കൂട്ടത്തോല്‍വി 98 പേരില്‍ പാസായത് 15 പേര് മാത്രം

ഡ്രൈവിങ് ടെസ്റ്റില്‍ കൂട്ടത്തോല്‍വി 98 പേരില്‍ പാസായത് 15 പേര് മാത്രം

ദിവസവും 100 മുതല്‍ 125 പേരെ വരെ ഡ്രൈവിങ് ടെസ്റ്റില്‍ വിജയിപ്പിച്ച്‌ ലൈസൻസ് നല്‍കിയ മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെ ‘ഈ മികവ്’ പരിശോധിക്കാൻ നടത്തിയ പരീക്ഷണത്തില്‍ കൂട്ടത്തോല്‍വി.

ഈ ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ 98 പേരുടെ ടെസ്റ്റില്‍ ആകെ പാസായത് 15 പേരാണ്. കാറിന്റെ ടെസ്റ്റിലാണ് കൂടുതല്‍ പേരും തോറ്റത്.

ഡ്രൈവിങ് ടെസ്റ്റ് വെറും 2 മിനിറ്റ് കൊണ്ട് നടത്തി പാസാക്കി വിടുന്നുവെന്നും ഇതിന്റെ പേരില്‍ വൻതോതില്‍ അഴിമതി നടക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് ഡ്രൈവിങ് െടസ്റ്റില്‍ പരിഷ്കാരം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദിവസവും 100-125 പേരെ പാസാക്കുന്ന ടെസ്റ്റ് നടത്തുന്ന വിവരം പുറത്തുവന്നത്. ഈ ഉദ്യോഗസ്ഥർ എങ്ങനെയാണ് 2 മിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്തി പാസാക്കുന്നത് എന്ന് അവർ തന്നെ എല്ലാവരുടെയും മുന്നില്‍ കാണിക്കാനായിരുന്നു നിർദേശം.

ഇതിനായി മോട്ടർ വാഹന വകുപ്പിന്റെ മുട്ടത്തറയിലെ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഇന്നലെ സൂപ്പർ ടെസ്റ്റ് നടത്തി. ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വരെ ഇന്നലത്തെ ടെസ്റ്റിന് വേണ്ടിവന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.

ഈ പരസ്യ ടെസ്റ്റില്‍ വെട്ടിലായത് ഇന്നലെ ലൈസൻസ് എടുക്കാൻ എത്തിയവരാണ്. കൂടുതല്‍ ക്യാമറകളും ഉദ്യോഗസ്ഥരും എത്തിയതോടെ പരീക്ഷയ്ക്കെത്തിയ പലരും തോറ്റു. പരീക്ഷ പ്രയാസമായിരുന്നുവെന്നും ഇൻഡിക്കേറ്റർ ഇടാൻ അല്‍പം താമസിച്ചതിന്റെ പേരില്‍ പോലും തോറ്റെന്നും പലരും പറഞ്ഞു. ഇത്തരം സൂപ്പർ ടെസ്റ്റാണ് നടക്കുന്നതെന്നറിഞ്ഞ് 22 പേർ ടെസ്റ്റിനു വന്നില്ല.

ഓരോ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനുമായി ഉദ്യോഗസ്ഥർ എത്ര സമയമെടുത്തു എന്നു നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. സൂപ്പർ ടെസ്റ്റിനു ശേഷം പ്രത്യേക സംഘം മന്ത്രിക്ക് റിപ്പോർട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. എന്നാല്‍, ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല സൂപ്പർ ടെസ്റ്റ് എന്നാണു മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം. എല്ലാ ചട്ടങ്ങളും പാലിച്ച്‌ ഈ ഉദ്യോഗസ്ഥർക്ക് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണു ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular