Tuesday, May 21, 2024
HomeKeralaസി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ കണ്ടുകെട്ടി

സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ കണ്ടുകെട്ടി

തൃശൂര്‍: സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്‌ കണ്ടുകെട്ടി. തൃശൂര്‍ എം.ജി.

റോഡിലെ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുപ്പിനു മുമ്ബു സി.പി.എം. പിന്‍വലിച്ച തുകയാണിത്‌. ഇന്നലെ ഒരു കോടി രൂപ തിരിച്ചടയ്‌ക്കാനായി സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും ഓഫീസ്‌ സെക്രട്ടറിയും ബാങ്കിലെത്തിയപ്പോഴാണ്‌ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥരെത്തി തുക കണ്ടുകെട്ടിയത്‌.
തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഈ തുക പിന്‍വലിച്ചത്‌ ആദായ നികുതി വകുപ്പ്‌ അന്വേഷിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടിലേക്ക്‌ പണമിടാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഓഫീസ്‌ സെക്രട്ടറിയും എത്തിയ വിവരം ബാങ്ക്‌ അധികൃതര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചു. ഇതോടെ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ ബാങ്കിലെത്തി. ആദായനികുതി വകുപ്പ്‌ അധികൃതരുമായും നേതാക്കള്‍ ചര്‍ച്ച നടത്തി.
മരവിപ്പിച്ച അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും എത്തിച്ച തുകയുടെ ഉറവിട രേഖകള്‍ വേണമെന്നും അറിയിച്ചതോടെ തുക ബാങ്കിന്റെ കസ്‌റ്റഡിയിലേക്കു മാറ്റി. പിന്‍വലിച്ച ഒരു കോടി രൂപയിലെ അതേ നോട്ടുകളാണെന്ന്‌ ഉറപ്പാക്കി ഇക്കാര്യം സി.പി.എം. ജില്ലാ സെക്രട്ടറിയെക്കൊണ്ട്‌ ഒപ്പിട്ടു വാങ്ങി.
മരവിപ്പിച്ച അക്കൗണ്ടിലേക്ക്‌ പണമിടാനെത്തിയതും തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്ബോള്‍ ഒരു കോടി പണമായി എത്തിച്ചതും ചട്ടലംഘനമാണ്‌. നോട്ടുകെട്ടുകള്‍ അടയാളപ്പെടുത്തി ജില്ലാ സെക്രട്ടറിയുടെ രേഖകളും കൈമാറി. സ്‌റ്റേറ്റ്‌മെന്റും എഴുതി വാങ്ങി. പണം കൊണ്ടുവന്ന ബാഗ്‌ ആദായനികുതി വകുപ്പ്‌ തെളിവായി എടുത്തു.
ആദായനികുതി വകുപ്പ്‌ സ്‌റ്റേറ്റ്‌മെന്റ്‌ എഴുതി വാങ്ങിയെന്നും മറ്റൊന്നുമില്ലെന്നും സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്‌ പറഞ്ഞു. എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ ചോദ്യം ചെയ്‌തതിന്റെ തുടര്‍ച്ചയാണിത്‌. പൈസ അടച്ചോ, തിരിച്ചടച്ചോ എന്നതല്ല പ്രശ്‌നമെന്നും എം.എം. വര്‍ഗീസ്‌ പറഞ്ഞു.
ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ എം.ജി. റോഡിലെ ശാഖയില്‍നിന്ന്‌ കഴിഞ്ഞ രണ്ടിന്‌ ഒരുകോടി പിന്‍വലിച്ചെന്നു കണ്ടെത്തിയതോടെയാണ്‌ സി.പി.എമ്മിന്റെ അക്കൗണ്ടുകളിലേക്ക്‌ അന്വേഷണം എത്തിയത്‌. സി.പി.എം. നല്‍കിയ ആദായ നികുതി റിട്ടേണുകളില്‍ ഈ അക്കൗണ്ട്‌ വിവരമില്ലെന്നും കെ.വൈ.സി. രേഖകള്‍ പൂര്‍ണമല്ലെന്നും ആദായ നികുതി വകുപ്പ്‌ പറയുന്നു. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ അഞ്ചു കോടി പത്തു ലക്ഷം രൂപയാണുണ്ടായിരുന്നത്‌. ഇതില്‍ ഒരു കോടി സ്‌ഥിര നിക്ഷേപമാണ്‌. കഴിഞ്ഞ രണ്ടിനു പിന്‍വലിച്ച പണം ചെലവാക്കരുതെന്ന്‌ ആദായനികുതി വകുപ്പ്‌ നിര്‍ദേശം നല്‍കിയിരുന്നു. പണത്തിന്റെ ഉറവിടം വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും മറ്റൊരു അക്കൗണ്ടില്‍ 10 കോടിയുടെ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ്‌ പറയുന്നു.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കേരള ബാങ്ക്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തുടങ്ങി അഞ്ചു ബാങ്കുകളിലായി ജില്ലാ കമ്മിറ്റിക്ക്‌ അക്കൗണ്ടുകളുണ്ട്‌. തൃശൂര്‍ ജില്ലയില്‍ മാത്രം സി.പി.എമ്മിന്‌ 81 അക്കൗണ്ടുകള്‍ ഉണ്ടെന്നും 91 ഇടങ്ങളില്‍ സ്വത്തു വകകള്‍ ഉണ്ടെന്നുമാണ്‌ ഇ.ഡിയുടെ കണ്ടെത്തല്‍.
ഇതിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടില്ലെന്ന്‌ ഇ.ഡിയും പറയുന്നു. എന്നാല്‍, സി.പി.എമ്മിന്റെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കുന്നത്‌ ഡല്‍ഹിയില്‍ നിന്നാണെന്നും ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ അക്കൗണ്ടിന്റെ കാര്യം വിട്ടു പോയതാണെന്നുമാണ്‌ എം.എം. വര്‍ഗീസ്‌ നേരത്തേ ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular