Wednesday, May 22, 2024
HomeKeralaറൂട്ടും തീയതിയും നിശ്ചയിച്ചു; മെയ് 5 മുതല്‍ വീണ്ടും നിരത്ത് കയ്യടക്കാൻ നവകേരള ബസ്

റൂട്ടും തീയതിയും നിശ്ചയിച്ചു; മെയ് 5 മുതല്‍ വീണ്ടും നിരത്ത് കയ്യടക്കാൻ നവകേരള ബസ്

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി നിരത്തിലിറങ്ങിയ വാഹനമാണ് നവകേരള ബസ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ബസ് ഇതാ വീണ്ടും നിരത്തിലേക്ക് ഇറങ്ങുകയാണ്.

മെയ് 5 മുതല്‍ ആയിരിക്കും ബസ് സര്‍വീസ് നടത്തുക. കോഴിക്കോട്- ബെംഗളൂരു റൂട്ടിലായിരിക്കും നവകേരള ബസിന്റെ സഞ്ചാരം.

പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച്‌ ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരുവരെയുള്ള ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്നും കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, ഗുണ്ടല്‍പേട്ട്, മൈസൂരു, മണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപുകളുമുണ്ടാകും. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച വൈകീട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തില്‍ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ റിലീസ് കാത്ത് കിടക്കുകയാണ് ബസ്. കോഴിക്കോട്- ബെംഗളൂരു റൂട്ടിലായിരിക്കും ബസ് സര്‍വീസ് നടത്തുകയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും എന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുകയെന്ന കാര്യം ഉള്‍പ്പെടെ തീരുമാനമായിരുന്നില്ല. നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണിപ്പോല്‍ സമയക്രമം ഉള്‍പ്പെടെ കെഎസ്‌ആര്‍ടിസി പുറത്തുവിട്ടത്.

മുഖ്യമന്ത്രിയും മന്ത്രിസഭയും കേരള പര്യടനം കഴിഞ്ഞ് വന്ന അന്ന് മുതല്‍ ബസ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യങ്ങള്‍ക്കാണ് ഇതോടെ ഉത്തരമാകുന്നത്. അവിടെയും ഇവിടെയും നിര്‍ത്തിയിട്ട് വിവാദമായതിന് ഒടുവില്‍, 1.25 കോടി രൂപയുടെ ബസ്സ് നേരെ ബംഗളൂരുവിലേക്ക് അയച്ചതാണ്. അരലക്ഷം മുടക്കിയ കറങ്ങുന്ന കസേര അടക്കം അലങ്കാരങ്ങള്‍ എല്ലാം അഴിച്ച്‌ മാറ്റി. യാത്രക്കാരുടെ ലഗേജ് വയക്കാനുള്ള സൗകര്യത്തിന് സീറ്റുകളുടെ ഘടനയും മാറ്റി. പുറത്തൊട്ടിച്ച സ്റ്റിക്കറും കളറും മാറ്റാൻ ഒന്നര ലക്ഷം പിന്നെയും ചെലവുള്ളതിനാല്‍ അത് തല്‍ക്കാലം വേണ്ടെന്ന് വച്ചു.

കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റ് റദ്ദാക്കി കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തില്‍ ബസ്സ് ഇപ്പോള്‍ റെഡിയാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസിന് കർണ്ണാടകയുടെ അനുമതിയും കിട്ടി. പെര്‍മിറ്റിന്റെ ചില്ലറ സാങ്കേതിക കാര്യങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. എന്തായാലും വിവാദക്കൊടുങ്കാറ്റുമായി കേരളം മുഴുവൻ കറങ്ങിയ ആ ബസ് ഇനി മെയ് അഞ്ച് മുതല്‍ സാദാ സവാരിക്കിറങ്ങും. https://onlineksrtcswift.com/ എന്ന വെബ്സൈറ്റിലൂടെ ബസിന്‍റെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വൈകാതെ ഒരുക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular