Tuesday, May 21, 2024
HomeKeralaവരുന്നു 11,560 കോടി ചെലവില്‍ കേരളത്തിലെ രണ്ടാം മെട്രോ റെയില്‍, പദ്ധതിക്ക് ജൂണില്‍ അംഗീകാരം ലഭിക്കും

വരുന്നു 11,560 കോടി ചെലവില്‍ കേരളത്തിലെ രണ്ടാം മെട്രോ റെയില്‍, പദ്ധതിക്ക് ജൂണില്‍ അംഗീകാരം ലഭിക്കും

തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകും.

11,560 കോടി രൂപ ചെലവില്‍ രണ്ട് റൂട്ടുകളിലായി നിര്‍മിക്കുന്ന 46.7 കിലോമീറ്റര്‍ മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണില്‍ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ അന്തിമ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.

പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയുള്ള ഒന്നാം ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിക്കായി 4057.7 കോടി രൂപയുമാണ് ഡിപആറില്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് സമാനമായ കണ്‍വെന്‍ഷണല്‍ മെട്രോ തന്നെയാകും തിരുവനന്തപുരത്തും നടപ്പിലാക്കുക. ഫെബ്രുവരി മാസത്തില്‍ തന്നെ ഡിപിആര്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു.

സിവില്‍, ഇലക്‌ട്രിക്കല്‍, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേര്‍ത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ. ഒന്നാം ഇടനാഴിയായ പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയുള്ള 30.8 കിലോമീറ്റര്‍ റൂട്ടില്‍ 25 സ്‌റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായും മേല്‍പ്പാലത്തിലൂടെ മാത്രം ഓടുന്ന മെട്രോ ലെയിന്‍ ആയിരിക്കും.

15.9 കിലോമീറ്റര്‍ വരുന്ന കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിയില്‍ 13 സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 11 സ്‌റ്റേഷനുകള്‍ മേല്‍പ്പാലത്തിലും രണ്ട് സ്റ്റേഷനുകള്‍ (ഈസ്റ്റ് ഫോര്‍ട്ട് ജംഗ്ഷന്‍, കിള്ളിപ്പാലം) അണ്ടര്‍ ഗ്രൗണ്ടും ആയിരിക്കും. ഏപ്രില്‍ 15ന് പദ്ധതി സംബന്ധിച്ച വിശകലനം ചെയ്യുന്നതിനായി മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അന്തിമ ഡിപിആര്‍ ഡിഎംആര്‍സി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് സമര്‍പ്പിക്കും. ഇതിന് ശേഷം ഇത് അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular