Tuesday, May 21, 2024
HomeIndiaആപ്പിലൂടെ ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇനി ആ തലവേദനയില്ല! നിയന്ത്രണം നീക്കി റെയില്‍വേ

ആപ്പിലൂടെ ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇനി ആ തലവേദനയില്ല! നിയന്ത്രണം നീക്കി റെയില്‍വേ

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്‌ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തി.

മൊബൈല്‍ ആപ്പ് വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഇതുവഴി ഇപ്പോള്‍ എവിടെനിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സാധ്യമാക്കിയിരിക്കുകയാണ്. യാത്രക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന അപ്ഡേറ്റിനെ കുറിച്ച്‌ വിശദമായി ചുവടെ വായിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് റെയില്‍വേ. ആയിരക്കണക്കിനാളുകളാണ് ഹ്രസ്വദൂര, ദീര്‍ഘദൂര യാത്രകള്‍ക്കായി തീവണ്ടികളെ ആശ്രയിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ആളുകള്‍ ബസുകളേക്കാള്‍ കൂടുതലും ട്രെയിനുകളാണ് ഇഷ്ടപ്പെടുന്നത്. നീണ്ടുനിവര്‍ന്ന് കിടന്നുറങ്ങി പോകാനും ഇരുന്ന് മടുത്താല്‍ അല്‍പ്പം നടക്കാനും. ഇടക്ക് ശങ്ക വന്നാല്‍ ശുചിമുറിയില്‍ പോകാനുമുള്ള സൗകര്യങ്ങളൊന്നും ഇത്ര കുറഞ്ഞ ചെലവില്‍ സാധ്യമാകുന്ന മറ്റൊരു സംവിധാനമില്ല.

ട്രെയിനുകളില്‍ റിസര്‍വ്ഡ്, അണ്‍റിസര്‍വ്ഡ് കോച്ചുകളുണ്ട്. ഇതില്‍ കൂടുതലും റിസര്‍വ്ഡ് കംപാര്‍ട്‌മെന്റുകളായിരിക്കും. IRCTC വെബ്‌സൈറ്റ് വഴിയും റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിലൂടെയും റിസര്‍വേഷനുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എന്നാല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്കുള്ള കോച്ചുകളുടെ എണ്ണം വളരെ കുറവായിരിക്കും. എന്നാല്‍ അതിനേക്കാള്‍ അഞ്ചിരട്ടിയാളുകള്‍ അതില്‍ കയറാനുണ്ടാകും. മുമ്ബ് ജനറല്‍ ടിക്കറ്റുകള്‍ എടുക്കാന്‍ സ്‌റ്റേഷനില്‍ ചെല്ലേണ്ടിയിരുന്നു.

എന്നാല്‍ റിസര്‍വ് ചെയ്യാത്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നതിനുള്ള ട്രെയിന്‍ ടിക്കറ്റ് ലഭിക്കാന്‍ റെയില്‍വേ ഭരണകൂടം അടുത്തകാലത്തായി യുടിഎസ് എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഈസിയായി ബുക്ക് ചെയ്യാന്‍ അവസരം കൈവന്നു. എന്നാല്‍ ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പക്ഷേ ചില നിയന്ത്രണങ്ങളുണ്ടായിരുന്നു.

അതില്‍ ഒന്നായിരുന്നു ദൂരപരിധി. യുടിഎസ് ആപ്പ് വഴി ഒരു യാത്രക്കാരന് ഈ ടിക്കറ്റുകള്‍ എടുക്കണമെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറഞ്ഞത് 500 മീറ്ററും പരമാവധി രണ്ട് കിലോമീറ്ററും അകലെയായിരിക്കണം. ഈ നിയന്ത്രണം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. തിരക്കിട്ട് റെയില്‍വേ സ്റ്റേഷനിലെത്തി അവിടുന്ന് ടിക്കറ്റ് എടുക്കാന്‍ നോക്കുമ്ബോള്‍ വമ്ബന്‍ ക്യൂ ആണെന്ന് കരുതുക. അത്തരം സാഹചര്യത്തില്‍ മൊബൈല്‍ ആപ്പ് വഴി ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു.

ദൂരപരിധിയുടെ പ്രശ്‌നമായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് റെയില്‍വേ ഈ ആപ്പിലെ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ നീക്കിയത്. ഇനിമുതല്‍ യുടിഎസ് ആപ്പ് വഴി ആര്‍ക്കും എവിടെനിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിശ്ചിത അകലത്തില്‍ നില്‍ക്കേണ്ട കാര്യമില്ലെന്ന് സാരം. നിലവിലെ നിയന്ത്രണം അനുസരിച്ച്‌ 50 കിലോമീറ്റര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഈ ആപ്പ് വഴി ഇപ്പോള്‍ ടിക്കറ്റ് എടുക്കാം.

ഇന്ത്യന്‍ റെയില്‍വേ വില്‍ക്കുന്ന ടിക്കറ്റുകളുടെ 25 ശതമാനം യുടിഎസ് ആപ്പ് വഴിയാണെന്നാണ് കണക്കുകള്‍. ദൂരപരിധി നിയന്ത്രണങ്ങള്‍ കൂടി നീക്കിയതോടെ കൂടുതല്‍ ട്രെയിന്‍ യാത്രക്കാര്‍ ഈ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് എല്ലാവരുടെ കൈയ്യിലും മൊബൈല്‍ ഉള്ളതിനാലും ടിക്കറ്റ് എടുക്കാതെ റിസ്‌ക് എടുക്കാന്‍ ആരും നില്‍ക്കാറില്ല.

എന്നാല്‍ മുകളില്‍ പറഞ്ഞ പോലെ ടിക്കറ്റ് കൗണ്ടറില്‍ നീണ്ട വരിയും ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്ന് നില്‍ക്കുന്ന വേളയിലുമാണ് ചിലര്‍ക്ക് എങ്കിലും ടിക്കറ്റെടുക്കാതെ കയറേണ്ടി വരുന്നത്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്‌ റെയില്‍വേ നടപ്പാക്കിയ പരിഷ്‌കാരം ഇത്തരത്തില്‍ ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും. അതുകൊണ്ട് തന്നെ ടിക്കറ്റ് വില്‍പ്പനയും കൂടുമെന്ന് പ്രതീക്ഷിക്കാം. അണ്‍റിസര്‍വ്ഡ് ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ യുടിഎസ് ആപ്പിലേക്ക് മാറിയാല്‍ സ്‌റ്റേഷനിലെ കൗണ്ടറുകളിലെ തിരക്കും കുറയും.

യുടിഎസ് ആപ്പ് വഴി വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് ഓണ്‍ലൈനായി പണമടച്ചാല്‍ പേപ്പര്‍ലെസ് ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഈ ടിക്കറ്റുകള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച്‌ യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് എളുപ്പമാക്കുന്നതിനായി ഈ ആപ്പിന്റെ എല്ലാ ഓപ്ഷനുകളും പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരമായി പാസഞ്ചര്‍ ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരമാണ് റെയില്‍വേയുടെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular