Saturday, July 27, 2024
HomeIndiaഐ.പി.എല്ലില്‍ രണ്ടുതവണ ഓറഞ്ച് ക്യാപ്; അതുല്യ നേട്ടത്തില്‍ വിരാട് കോഹ്‍ലി

ഐ.പി.എല്ലില്‍ രണ്ടുതവണ ഓറഞ്ച് ക്യാപ്; അതുല്യ നേട്ടത്തില്‍ വിരാട് കോഹ്‍ലി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലിക്ക്.

ഇതോടെ ഒന്നിലധികം തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും കോഹ്‍ലിയുടെ പേരിലായി. മൂന്നുതവണ ഓറഞ്ച് ക്യാപ് നേടിയ ആസ്ട്രേലിയക്കാരൻ ഡേവിഡ് വാർണറും രണ്ടുതവണ സ്വന്തമാക്കിയ വെസ്റ്റിൻഡീസുകാരൻ ക്രിസ് ഗെയിലുമാണ് കോഹ്‍ലിക്ക് മുമ്ബ് ഒന്നിലധികം തവണ ഈ നേട്ടത്തിലെത്തിയവർ.

സീസണില്‍ തകർപ്പൻ ഫോമിലായിരുന്ന കോഹ്‍ലി 15 മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയുമടക്കം 741 റണ്‍സാണ് അടിച്ചുകൂട്ടിയത്. 61.75 ശരാശരിയുള്ള ആർ.സി.ബി താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 154.69 ആണ്. 38 സിക്സറുകളാണ് കോഹ്‍ലി അടിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്‍വാദ് 14 മത്സരങ്ങളില്‍ 583ഉം മൂന്നാമതുള്ള രാജസ്ഥാൻ റോയല്‍സിന്റെ റിയാൻ പരാഗ് 16 മത്സരങ്ങളില്‍ 573 റണ്‍സുമാണ് നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് (567), രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ (531) എന്നിവരാണ് റണ്‍വേട്ടക്കാരില്‍ നാലും അഞ്ചും സ്ഥാനത്ത്. 2016ലാണ് കോഹ്‍ലി ആദ്യമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. അന്ന് 973 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഐ.പി.എല്ലിലെ ഒരു സീസണിലെ ഏറ്റവും ഉയർന്ന റണ്‍വേട്ടയാണിത്.

എലിമിനേറ്ററില്‍ രാജസ്ഥാൻ റോയല്‍സിനോട് തോറ്റാണ് കോഹ്‍ലിയും സംഘവും ഇത്തവണ പുറത്തായത്. ടൂർണമെന്റിന്റെ തുടക്കത്തില്‍ തോല്‍വി പതിവാക്കിയ ടീം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ആറ് മത്സരങ്ങളും ജയിച്ചാണ് േപ്ല ഓഫിലേക്ക് യോഗ്യത നേടിയത്.

RELATED ARTICLES

STORIES

Most Popular