Friday, April 26, 2024
HomeIndiaവിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി (Bill To Repeal Three Farm Laws). ശീതകാലസമ്മേളനം (Winter Session Of Parliament) പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്.

ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു.

ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ദില്ലി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ദില്ലിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു. ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്രസർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.

കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന. പ്രഖ്യാപനത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല. നിയമങ്ങൾ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു. എന്നാല്‍ സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തി സുരക്ഷയില്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണം ചില സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അധികാരത്തിലേറിയ ശേഷം  മോദി ആദ്യമായി കീഴടങ്ങുമ്പോള്‍ അനന്തര ഫലമെന്തെന്നത് നിര്‍ണ്ണായകമാണ്.

താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അന്നത്തെ പ്രസ്താവനയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ പാർലമെന്‍റിലേക്ക് നടത്താനിരുന്ന ട്രാക്റ്റർ റാലി ഈ പ്രഖ്യാപനത്തെത്തുടർന്ന് തൽക്കാലം റദ്ദാക്കിയ കർഷകർ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular