Sunday, May 5, 2024
HomeIndia3 വിക്കറ്റെടുത്ത സന്ദീപ് വാര്യരെ വിളിക്കാതെ പന്ത് മോഹിത്തിന്; ഫലമോ തോല്‍വി

3 വിക്കറ്റെടുത്ത സന്ദീപ് വാര്യരെ വിളിക്കാതെ പന്ത് മോഹിത്തിന്; ഫലമോ തോല്‍വി

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ നാലു റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെതിരേ വിമർശനം ശക്തം.

ഗില്ലിന്റെ മണ്ടൻ തീരുമാനങ്ങളാണ് ജയം നഷ്ടമാകാൻ കാരണമായതെന്നാണ് പരക്കെയുള്ള വിമർശനം. പ്രത്യേകിച്ചും ബൗളർമാരെ ഉപയോഗിക്കുന്നതില്‍ ഗില്‍ പൂർണ പരാജയമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മത്സരത്തില്‍ മൂന്ന് ഓവറുകള്‍ മാത്രമെറിഞ്ഞ മലയാളി താരം സന്ദീപ് വാര്യർ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പൃഥ്വി ഷാ, ജെയ്ക് ഫ്രേസർ മക്ഗ്രുക്ക്, ഷായ് ഹോപ്പ് എന്നിവരുടെ വിക്കറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് താരത്തിന് ഒരു ഓവർ കൂടി നല്‍കാൻ ഗില്‍ തയ്യാറായില്ല. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലു വിക്കറ്റുമായി തിളങ്ങിയ സായ് കിഷോർ ഡല്‍ഹിക്കെതിരേ ടീമിലുണ്ടായിരുന്നെങ്കിലും ഒരു ഓവർ മാത്രമാണ് ലഭിച്ചത്. അതും ഋഷഭ് പന്തും ട്രിസ്റ്റൻ സ്റ്റബ്ബ്സും ക്രീസില്‍ നില്‍ക്കേ 19-ാം ഓവർ. മത്സരത്തിലെ ആദ്യ ഓവർ എറിയാനെത്തുന്ന ഒരു ബൗളർക്ക് അതും സ്പിൻ ബൗളർക്ക് നിർണായകമായ 19-ാം ഓവർ നല്‍കാനുണ്ടായ ഗില്ലിന്റെ യുക്തിയെ തന്നെ പലരും ചോദ്യം ചെയ്യുന്നു. പിച്ച്‌ എത്തരത്തില്‍ പെരുമാറുന്നുവെന്ന് മനസിലാക്കാൻ പോലും നേരത്തേ ഒരു ഓവർ നല്‍കാതെയായിരുന്നു സായ് കിഷോറിനെ കൊണ്ടുവന്നത്. സ്പിന്നർമാർക്ക് ഭേദപ്പെട്ട പിന്തുണ പിച്ചില്‍ നിന്നുണ്ടായിരുന്നിട്ടും താരത്തിന് നേരത്തേ ഒരു ഓവർ നല്‍കിയില്ല. ഫലമോ ആ ഓവറില്‍ പിറന്നത് 22 റണ്‍സ്.

അതുവരെ നന്നായി പന്തെറിഞ്ഞിരുന്ന സന്ദീപിന് അപ്പോഴും ഒരു ഓവർ ബാക്കിയുണ്ടായിരുന്നു. ഡെത്ത് ഓവറുകളില്‍ സാമാന്യം നന്നായി പന്തെറിയുന്ന താരമാണ് മോഹിത് ശർമ. എന്നാല്‍ 18-ാം ഓവറില്‍ 14 റണ്‍സ് വഴങ്ങിയ മോഹിത്തിന് 20-ാം ഓവർ നല്‍കാനെടുത്ത ഗില്ലിന്റെ തീരുമാനം പൂർണമായും പാളി. നല്ല ഫോമിലായിരുന്ന ഋഷഭ് പന്ത് മോഹിത്തിന്റെ അവസാന ഓവറില്‍ നാല് പടുകൂറ്റൻ സിക്സറുകളും ഒരു ഫോറുമടക്കം അടിച്ചുകൂട്ടിയത് 31 റണ്‍സ്. മത്സരം നാലു റണ്‍സിന് തോറ്റപ്പോഴാണ് ആ അവസാന ഓവറിന്റെ വില ഗുജറാത്തിന് ബോധ്യപ്പെട്ടത്. ഇതോടെ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങിയ മോഹിത്തിന് ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ്ങെന്ന നാണക്കേടും പേറേണ്ടിവന്നു.

പന്തിന്റെ തകർപ്പൻ ബാറ്റിങ് (43 പന്തില്‍ 88) ഡല്‍ഹിയെ നാലിന് 224 റണ്‍സിലെത്തിച്ചു. മറുപടിയായി ഗുജറാത്തിന്റെ പോരാട്ടം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular