Sunday, May 12, 2024
HomeKeralaമന്ത്രി ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

മന്ത്രി ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വിസി നിയമനം സംബന്ധിച്ച് ഗവർണർക്കു കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കിൽ അവരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു നൽകിയ കത്തിലാണ് മുൻ പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാനും തൻ്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാൻസലർക്ക് സർവകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനർ നിയമനം നൽകാനും ഗവർണ്ണർ കൂടിയായ ചാൻസലറിൽ മന്ത്രി സമ്മർദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചാൻസലർ കൂടിയായ ഗവർണർ തന്നെ സർവകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ അക്കമിട്ട് നിരത്തി, ഇതേ രീതിയിൽ തനിക്ക് മുന്നോട്ട് പോകാനാകില്ല എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു കത്തു നൽകുകയുണ്ടായി.

കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണ്ണർ, സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം അടിയന്തിരമായി ഒഴിയുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. ഗവർണ്ണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഇത്തരത്തിൽ ഗവർണ്ണറിൽ സമ്മർദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂർ സർവ്വകലാശാല പ്രോ ചാൻസലർ എന്ന നിലയിൽ പ്രത്യേക അധികാരങ്ങൾ ഒന്നും സർവകലാശാലയുടെ ആക്ട് പ്രകാരം ഇല്ല. മാത്രമല്ല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ ഒരു പങ്കും അധികാരവുമില്ല. അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്ന് രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular