Friday, May 3, 2024
HomeIndiaലക്ഷ്യമിട്ടത് ചാവേർ ആക്രമണം? പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം, ഫോറൻസിക് റിപ്പോർട്ട് ഉടൻ

ലക്ഷ്യമിട്ടത് ചാവേർ ആക്രമണം? പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം, ഫോറൻസിക് റിപ്പോർട്ട് ഉടൻ

അമൃത്സർ: ലുധിയാന കോടതിയിലെ സ്ഫോടനത്തിന് (Ludhiana Court Blast)  പിന്നാലെ പഞ്ചാബിൽ (Punjab) അതീവജാഗ്രത നിർദ്ദേശം. പ്രധാനസ്ഥലങ്ങളിൽ എല്ലാം പൊലീസ് പരിശോധന തുടരുകയാണ്. ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എൻഎസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി  പഞ്ചാബ് പൊലീസ്  കേസ് എടുത്തിട്ടുണ്ട്. ഭീകരാക്രണമാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.

സംഭവത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘടനയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചാവേർ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥീരീകരിച്ചിട്ടില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടില്ല. ഇയാളാണ് സ്ഫോടനം നടത്താൻ എത്തിയതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ നടന്ന സ്ഫോടനത്തിൽ‌ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞ ശേഷം കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഉന്നതതലയോഗം വിളിച്ച സംസ്ഥാന സർക്കാർ  പൊതുയിടങ്ങളിൽ അടക്കം സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി , ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

സത്യം പുറത്ത് കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും  മുഖ്യമന്ത്രി ഛരൺജിത്ത് ഛന്നി ആരോപിച്ചു. സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ തള്ളിക്കളയാനാകില്ലെന്ന് ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ  പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു പറഞ്ഞു. കോടതികെട്ടിടത്തിൽ നടന്ന സ്ഫോടനത്തിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. മതനിന്ദ ആരോപിച്ച് രണ്ടു പേരെ കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന കോടതി സമുച്ചയത്തിലെ സ്ഫോടനമെന്നുള്ളതാണ് ശ്രദ്ധേയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular