മട്ടാഞ്ചേരി: ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് നസ്റത്ത് പള്ളിപറമ്ബില്‍ ജോണ്സണ് – ബിന്ദു ദമ്ബതികളുടെ മൂത്ത മകള്‍ എഡ്ന എം.ബി.ബി.എസ് പ്രവേശനം മെറിറ്റില്‍തന്നെ നേടിയത്.
ചെറിയ വാടക വീട്ടില്‍ ചായക്കടയും താമസവുമായി കഴിയുകയാണ് എഡ്നയുടെ അഞ്ചംഗ കുടുംബം.
പിതാവ് ജോണ്സണ് ഡ്രൈവറായിരുന്നു. നട്ടെല്ലിന് തകരാര്‍ സംഭവിച്ച് ഒരു വര്‍ഷം കിടപ്പിലായതോടെ വരുമാനം നിലച്ചു. ഒരുവര്‍ഷത്തെ ചികിത്സയുടെ ഫലമായി എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞെങ്കിലും കടം കയറി കുടുംബം ദുരിതത്തിലായി. ജീവിതമാര്‍ഗത്തിന് വണ്ടിയില്‍ ചായക്കച്ചവടം തുടങ്ങിയെങ്കിലും വാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെ താമസിക്കുന്നിടത്തുനിന്ന് ഇറങ്ങേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ സമീപവാസിയാണ് താമസിക്കാനും കച്ചവടത്തിനുമായി ചെറിയ വീട് നല്‍കിയത്.
ഈ പ്രതിസന്ധികള്‍ക്കിടയിലാണ് എഡ്നക്ക് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കുന്നത്. നേരത്തേ റുമാറ്റോ ആര്‍ത്രൈറ്റിസ് ബാധിച്ച എഡ്നയെ ചികിത്സിച്ച് ഭേദമാക്കിയത് ഡോ. ജോയ് തോമസാണ്. അന്ന് മുതല്‍ ഡോക്ടറാകണമെന്ന മോഹം പേറി നടക്കുകയായിരുന്നു എഡ്ന. എന്‍ട്രസ് പരീക്ഷ രണ്ടാം ശ്രമത്തില്‍ വിജയം കണ്ടു.
നല്ല നസ്റത്തുകാര് എന്ന വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാരവാഹികളായ കൊച്ചി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, സമ്ബത്ത് സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബത്തിന് ഇതുവരെ സഹായം നല്‍കിയത്. എഡ്നയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയും സഹായം വേണം. സഹോദരന്മാരായ സാമുവല്‍, ജോയല്‍ എന്നിവര്‍ വിദ്യാര്‍ഥികളാണ്.