Saturday, May 4, 2024
HomeEuropeഫിഫയ്ക്ക് പിന്നാലെ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കുമായി ഒളിംപിക് കമ്മിറ്റി

ഫിഫയ്ക്ക് പിന്നാലെ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കുമായി ഒളിംപിക് കമ്മിറ്റി

യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ കടുത്ത നടപടികളുമായി കായികലോകം. രാജ്യാന്തര ഫുട്‌ബോള്‍ കമ്മിറ്റി ഫിഫയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും റഷ്യന്‍ കായിക താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

നേരത്തെ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഫിഫ വിലക്കേ‍‍‍ര്‍പ്പെടുത്തിയെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇനിയൊരു തീരുമാനം വരുന്നതുവരെ റഷ്യന്‍ ദേശീയ ടീമിന് വിലക്കേര്‍പ്പെടുത്താനാണ് ഫിഫയുടെ നീക്കം.

പുതിയ നീക്കത്തിന്റെ ഭാഗമായി ഫിഫ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി(യുവേഫ) വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ ഇക്കാര്യത്തില്‍ ഫിഫയുടെ നിലപാട് റഷ്യയ്ക്ക് ഭാ​ഗികമായി അനുകൂലമായിരുന്നു. ലോകകപ്പ് പ്ലേ ഓഫ് അടക്കമുള്ള മത്സരങ്ങള്‍ കളിക്കാം. പക്ഷെ റഷ്യയുടെ ജേഴ്‌സിയോ ദേശീയ ഗാനമോ ഉപയോഗിക്കാന്‍ പാടില്ല എന്നായിരുന്നു മുന്നോട്ടുവെച്ച നിബന്ധന.

എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതോടെയാണ് ഫിഫ റഷ്യക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ റഷ്യ കളിക്കാനുള്ള സാധ്യത ഇല്ലാതായി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പ്ലേ ഓഫില്‍ എത്തിയിട്ടുള്ള ടീമാണ് റഷ്യ. പോളണ്ടുമായാണ് പ്ലേ ഓഫില്‍ റഷ്യക്ക് മത്സരിക്കാനുള്ളത്. എന്നാല്‍ റഷ്യയുമായി കളിക്കാന്‍ തയ്യാറല്ലെന്ന് പോളണ്ട് വ്യക്തമാക്കിയിരുന്നു.കൂടാതെ യുവേഫ ചാമ്ബ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, ഈ വര്‍ഷം നടക്കേണ്ട വനിതാ യൂറോ കപ്പ് എന്നിവയിലും റഷ്യയെ പങ്കെടുപ്പിക്കില്ല.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി)യും റഷ്യന്‍ കായികതാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. റഷ്യയുടെ സഖ്യരാജ്യമായ ബെലറൂസ് കായികതാരങ്ങളെയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ ഐ.ഒ.സി നിര്‍ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കായിക ഫെഡറേഷനുകള്‍ക്കാണ് ഐ.ഒ.സിയുടെ നിര്‍ദേശം. ഏറെനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒളിംപിക്‌സ് നിര്‍വാഹക സമിതി വിശദമായ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. മത്സരങ്ങളിലേക്ക് റഷ്യന്‍, ബെലറൂസിയന്‍ താരങ്ങളെ തങ്ങളുടെ രാജ്യങ്ങളുടെ ബാനറില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. പകരം ദേശീയ ചിഹ്നങ്ങളോ നിറമോ കൊടിയോ ദേശീയഗാനമോ ഒന്നുമില്ലാതെ നിഷ്പക്ഷതാരങ്ങളായി പങ്കെടുക്കാമെന്നും വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular