Thursday, May 2, 2024
HomeEditorialതോമസിനും തരൂറിനും വിലക്കിലൂടെ കോണ്‍ഗ്രസ് എന്ത് സന്ദേശം ആണ് നല്‍കുന്നത്?

തോമസിനും തരൂറിനും വിലക്കിലൂടെ കോണ്‍ഗ്രസ് എന്ത് സന്ദേശം ആണ് നല്‍കുന്നത്?

ഏപ്രില്‍ മാസത്തില്‍ കണ്ണൂര്‍ വച്ചു നടക്കുന്ന സി.പി.എം.ന്റെ ഇരുപത്തിമൂന്നാമത് പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തുന്നതില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  കെ.വി.തോമസിനെയും തിരുവനന്തപുരം എം.പി.ത ശശി തരൂറിനെയും കോണ്‍ഗ്രസ് അദ്ധ്യക്ഷ ഇടപെട്ട് വിലക്കിയിരിക്കുകയാണ്. തോമസും തരൂറും ആദ്യം ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് ആയിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.സുധാകരനും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും ഇത് സ്വീകാര്യം അല്ലായിരുന്നു. രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ബന്ധവിരോധിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുന്നത് അവര്‍ക്ക് ഒട്ടും അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല. ആശയപരമായി ഇത് പൊരുത്തപ്പെടുകയില്ലായിരുന്നു ഇവക്ക്. സുധാകരന്‍ ആദ്യമെതന്നെ തോമസിനെയും തരൂറിനെയും വിലക്കിയെങ്കിലും ഇവര്‍ ഇത് കണക്കാക്കിയില്ല. യോഗത്തില്‍ പങ്കെടുക്കുവാന്‍ തന്നെ ഇവര്‍ തീരുമാനിച്ച് ഉറച്ചു നിന്നു. അപ്പോഴാണ് സുധാകരന്‍ ഹൈക്കമാന്റിനോട് രാജി ഭീഷണി മുഴക്കിയത്. കേരളത്തിലെ പാര്‍ട്ടിയില്‍ തന്റെ ഉത്തരവ് പാലിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നിട്ട് കാര്യമില്ലെന്ന് അദ്ദേഹം ദല്‍ഹിയെ അറിയിച്ചു. ഉടന്‍ തന്നെ സോണിയ ഇടപെട്ട് തോമസിനോടും തരൂറിനോടും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിക്കുവാന്‍ ആജ്ഞാപിച്ചു. തോമസും തരൂറും അനുസരിച്ചു. സി.പി.എം. കോണ്‍ഗ്രസില്‍ പ്‌ങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. അങ്ങനെ സുധാകരന്റെ മുഖം രക്ഷിച്ചു. ഒരു പ്രതിസന്ധിയും ഒഴിവായി. പാര്‍്ട്ടികള്‍ തമ്മില്‍ ഇതുപോലുള്ള ഡയലോഗു വേണമെന്നും ഇത് വളരെ ആരോഗ്യപരമായ ഒരു കീഴ് വഴക്കം ആണെന്നും ആയിരുന്നു തോമസിന്റെയും തരൂറിന്റെയും ആദ്യനിലപാട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടുള്ള ഒരു ഇടപാടും കോണ്‍ഗ്രസിനു വേണ്ട എന്ന കടുത്ത നിലപാട് ആയിരുന്നു സുധാകരനും അദ്ദേഹത്തിന്റെ വിഭാഗത്തിനും ഉണ്ടായിരുന്നത്. ഒടുവില്‍ ഇവര്‍ തന്നെ വിജയിച്ചു. തോമസിനെയും തരൂറിനെയും വിലക്കുവാന്‍ കാരണം ആയി സുധാകരനും കൂട്ടുകാരും പറഞ്ഞത് തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍വെ പദ്ധതിയുടെ പേരില്‍ ജനങ്ങളെ സി.പി.എം. ഗവണ്‍മെന്റ് പീഡിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരു സഹകരണം ജനവികാരത്തിന് വിരുദ്ധം ആയിരിക്കും എന്നാണ്. തോമസിനെയും തരൂറിനെയും ഒതുക്കി വരുതിയില്‍ കൊണ്ടുവരുവാനുള്ള ഗ്രൂപ്പു രാഷ്ട്രീയവും ഇതിനു പിന്നില്‍ ഉണ്ട്. കോണ്‍ഗ്രസിന്റെ കടുത്ത കമ്മ്യൂണിസ്റ്റ് വിരോധവും ഇതിന് കരുവാക്കി.

മതനിരപേക്ഷത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുവാനാണ് തരൂറിനെ ക്ഷണിച്ചിരുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുവാന്‍ ആയിരുന്നു തോമസിനെ ക്ഷണിച്ചിരുന്നത്. തരൂറിനു നല്‍കിയ വിഷയത്തില്‍ അദ്ദേഹം അതിസമര്‍ത്ഥന്‍ ആണ്. അദ്ദേഹം എഴുതിയ പുസ്തകത്തിലും ലേഖനങ്ങളിലും ഇന്‍ഡ്യയില്‍ മതേതരത്വം ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദമായി വിശദീകരിച്ചിട്ടുണ്ട്. എന്താണ് ഹിന്ദുയിസം എന്നും എ്താണ് ഹിന്ദുത്വ എന്നും തിരൂര്‍ വളരെ നന്നായി പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദുയിസം എന്ന മഹത്തായ മതത്തെ രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും തെരഞ്ഞെടുപ്പുകള്‍ ജയിക്കുവാന്‍ വളച്ചൊടിച്ച് ദുരുപയോഗപ്പെടുത്തുന്നതിനെ തരൂര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. തോമസാകട്ടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് നന്നായിട്ടറിയാവുന്ന ഒരു മുതിര്‍ന്ന പാര്‍ലിമെന്റേറിയനും ആണ്. ഈ വിഷയങ്ങളെകുറിച്ച് ഇവരിലും നന്നായിട്ട് സംസാരിക്കുവാന്‍ സാധിക്കുന്ന മറ്റൊരു കോണ്‍ഗ്രസുകാരന്‍ ഉണ്ടോ എന്ന് സംശയം ആണ്. ഈ രണ്ട് വിഷയങ്ങളിലും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കും ഒരേ അഭിപ്രായം ആണ് ഉള്ളത്. അതിനാല്‍ ആശയസംഘട്ടനവും ഉണ്ടാകുന്ന പ്രശ്‌നം ഇല്ല. അപ്പോള്‍ ഇരുപാര്‍ട്ടികളിലെ സമുന്നതരായ നേതാക്കള്‍ ഒരു വേദി പങ്കിട്ട് ആശയവിനിമയം നടത്തുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ വിശാലമായ അര്‍ത്ഥത്തില്‍ തികച്ചും ഉചിതം അല്ലേ എന്നാണ് ചോദ്യം. ഈ ചോദ്യം വളരെ അര്‍ത്ഥവത്തും ആണ്.

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സങ്കുചിതമായ സമീപനത്തോടെ തോമസിനും തരൂറിനും സി.പി.എം. സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കു കല്‍പിക്കുന്നതില്‍ നിന്നും ഇവരുടെ ഹൃസ്വവീക്ഷണത്തിന് വഴങ്ങിയതില്‍ നിന്നും സോണിയയും എന്തു സന്ദേശം ആണ് നല്‍കുന്നത്? കോണ്‍ഗ്രസ്-ഇടത് സഖ്യം ഇന്‍ഡ്യ ഭരിച്ചിട്ടു ഇതാണ് 2004 ലും 2009 ലും. രണ്ടാം യു.പി.എ. ഭരണകാലത്ത് അമേരിക്കയുമായി നടത്തിയ സിവില്‍ ന്യൂക്ലിയര്‍ കരാറിനെ തുടര്‍ന്നാണ് ഇടത് പിന്തുണ പിന്‍വലിച്ചത്. ഇവരുടെ ഒരുമിച്ചുള്ള ഭരണകാലത്ത് ഒട്ടേറെ നല്ല നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മെന്റേ ഗ, ഭക്ഷ്യാവകാശം, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയ നിയമങ്ങള്‍ ഇവരുടെ കാലത്ത് കൊണ്ടുവന്നതാണ്.

ഇന്ന് സി.പി.എം. ബംഗാളിലും ത്രിപുരയിലും നിന്നു തുടച്ചു മാറ്റപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ ഏകദേശം ഇന്‍ഡ്യ മുഴുവന്‍ ഭാഗത്തുനിന്നും തന്നെ. വര്‍ഗഗീയതയും മതധ്രുവീകരണവും വ്യാപകം ആകുമ്പോള്‍ ഈ പാര്‍ട്ടികളുടെ ഒത്തുചേരല്‍ അല്ലെങ്കില്‍ ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ മതേതരശക്തികള്‍ക്കുള്ള ഒരേ ഒരു പോംവഴി എന്ന ചോദ്യം ഇവിടെ പ്രസക്തം ആണ്. മാത്രവും അല്ല പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയും. അതിന് ദേശീയ വീക്ഷണം അത്യന്താപേക്ഷിതം ആണ്. ബംഗാളിലും തമിഴ്‌നാട്ടിലും ഒരുമിച്ച്‌നിന്ന് തെരഞ്ഞെടുപ്പ് മത്സരിക്കുകയും ഇടുങ്ങിയ ചിന്താഗതിയുടെ പേരില്‍ ഇതുപോലുള്ള വേദികളില്‍ നിന്നും ഒളിച്ചോടുകയും ചെയ്യുന്നത് രാഷ്ട്രീയമായിട്ടുള്ള പലായനം ആണ്. ഒരുമിച്ചുള്ള ആശയവിനിമയത്തിലൂടെയും സംവാദത്തിലൂടെയും രാഷ്ട്രീയ സമവായങ്ങള്‍ കണ്ടെത്തുവാന്‍ അണികളെ സഹായിക്കുകയാണ് വേണ്ടത് ഇതുപോലുള്ള വേദികളിലൂടെ. അതാണ് മുമ്പോട്ടുള്ള ദേശീയ രാഷ്ട്രീയത്തിന്റെ പാത. അല്ലാതെ കണ്ണൂര്‍ സ്റ്റൈല്‍ കഠാരി രാഷ്ട്രീയത്തന്റേതല്ല.

വിരുദ്ധാശയങ്ങള്‍ ഉള്ള പാര്‍ട്ടികളും സംഘടനകളും തമ്മില്‍ വേദി പങ്കിടുന്നതും ആശയം പങ്കിടുന്നതും ആരോഗ്യപരമായ ഒരു കീഴ് വഴക്കം ആണ്. 2018 ജൂണില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രീയ സ്വയംസേവക്‌സംഘിന്റെ കേന്ദ്ര ആസഥാനമായ പുനയില്‍ എത്തി ആര്‍.എസ്.എസ്. ആചാര്യന്‍ ഡോ.കേശവ ബലിറാം ഹെഡ്‌ഗെവാറിന് ആദരവ് അര്‍പ്പിക്കുവാന്‍ പോകുന്നുവെന്ന് വാര്‍ത്തപരന്നപ്പോള്‍ കോണ്‍ഗ്രസിലും മറ്റു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലും കൊടുങ്കാറ്റ് ഇരമ്പി. ഒരു മുന്‍ കോണ്‍ഗ്രസ്  നേതാവ് ആയിരുന്ന മുഖര്‍ജി ആര്‍.എസ്.എസ്. മുഖ്യകാര്യാലയത്തില്‍ പോകരുതെന്ന് നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. സോണിയയും ഇതിനെ അനുകൂലിച്ചില്ല. പ്രണബ് ആര്‍.എസ്.ആസ്ഥാനം സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു തൊട്ടുകൂടായ്മ അല്ല രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരം. വിരുദ്ധ ആശയങ്ങളെ സമന്വയിപ്പിക്കുന്നതിനും അനുനയിപ്പിക്കുന്നതിനും ഒരു ഡയലോഗ് ആണ് ആവശ്യം. ഇന്നു ഞാന്‍ ഇവിടെ വന്നിരിക്കുന്നത് മാതൃരാജ്യത്തിന്റെ ഒരു മഹാപുത്രന് ആദരവ് അര്‍പ്പിക്കുവാന്‍ ആണ്. നമ്മള്‍ നമ്മുടെ ശക്തി ഉള്‍ക്കൊള്ളുന്നത് സഹിഷ്ണുതയില്‍ നിന്നും ആണ്. ഏതെങ്കിലും പ്രത്യേകമായ ഒരു സിദ്ധാന്തത്തിന്റെയോ മതത്തിന്റെയോ വെറുപ്പിന്റെയോ അസഹിഷ്ണുതയുടെയോ പേരില്‍ നാം നമ്മുടെ ദേശീയതയെ നിര്‍വ്വചിക്കുവാന്‍ ശ്രമിക്കുന്നത് നമ്മുടെ ദേശീയത്വത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമാണ്. നമ്മുടെ ശ്കതി സഹിഷ്ണുതയില്‍ നിന്നും ഉള്‍ക്കൊള്ളണം. നമ്മുടെ ബഹുത്വത്തെ ബഹുമാനിക്കു. അസിംഹയുടെ പാതവെടിയുക.
സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ആര്‍.എസ്.എസ്. മുഖ്യന്‍ മോഹന്‍ ഭാഗവതിന് ഒന്നു മാത്രമെ പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ. ‘സംഘ് സംഘ് ആണ്, പ്രണബ് പ്രണബും.’

കണ്ണൂരില്‍ തരൂറും തോമസും പറയുവാന്‍ പോകുമായിരുന്ന വിഷയം കോണ്‍ഗ്രസിന്റെയും സി.പി.എം.ന്റെയും അഭിപ്രായങ്ങളും ഒന്നു തന്നെയാണ്. എന്നിട്ടു എന്തിനാണ് ഈ വിലക്ക്. അഭിപ്രായപ്രകടനത്തില്‍, ആശയ സംസര്‍ഗ്ഗത്തില്‍ എന്തിന് കൂച്ചു വിലങ്ങ്? 1963-ലെ റിപ്പബ്ലിക്ക് ദിനാഘോഷപരേഡില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 100 ആര്‍.എസ്.എസ്. സ്വയം സേവകിനെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിപ്പിച്ചതും അവരെ ക്ഷണിച്ചുവരുത്തിയതും നെഹ്‌റുവിന്റെ ഈ വിശാല വീക്ഷണത്തിന്റെ ഫലമായിട്ട് ആയിരുന്നു. മോദി സര്‍ക്കാര്‍ നല്‍കിയ പത്മവിഭൂഷന്റെ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയതും ഇതുപോലുള്ള സമാധാനപരമാ സഹവര്‍ത്തിത്വത്തിന്റെ ഭാഗമായിട്ടാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഡി.എം.കെ. നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനത്തില്‍ഡ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും എല്ലാം ചെന്നെയില്‍ വേദി പങ്കിട്ടത്. ഇതിനെ ഫെഡറല്‍ സഖ്യത്തിന്റെ പ്രഖ്യാപനം എന്നാണ് മാധ്യമങ്ങള്‍ വിളിച്ചത്. സുധാകരനും ഒരു പക്ഷേ, ഇതൊന്നും മനസിലാവുകയില്ലായിരിക്കാം.
കോണ്‍ഗ്രസ് ഹൈക്കമാന്റും സോണിയയും ഇടപെട്ടുള്ള ഈ വിലക്ക് സ്വതന്ത്രചിന്തക്കും ഫ്രീസ്പിപ്പിനും എതിരെയുള്ള ആക്രമണം ആണ്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് ഇതിനൊക്കെ വേണ്ടി അല്ലെ? പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ നേതാക്കന്മാര്‍ക്ക് ഇതൊന്നും മനസിലാവുകയില്ലായിരിക്കാം. പക്ഷേ, ഇവിടെ ദല്‍ഹിയിലിരിക്കുന്ന ഹൈക്കമാന്റിനോ? ഇതുപോലുള്ള ബൗദ്ധീക സ്വാതന്ത്ര്യത്തെ വിലക്കുന്നത് ഒരു രാഷ്ട്രീയ കക്ഷിക്കും ചേര്‍ന്നതല്ല ജനാധിപത്യത്തില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular