Sunday, May 12, 2024
HomeKeralaഈ പോരാട്ടം ലഹരിയില്‍ മങ്ങിയ ചിരി വീണ്ടെടുക്കാന്‍

ഈ പോരാട്ടം ലഹരിയില്‍ മങ്ങിയ ചിരി വീണ്ടെടുക്കാന്‍

കൊച്ചി:’ഇരുപത്തിനാലുകാരന്‍ മകന്‍ ചിലനേരം കൊച്ചുകുട്ടിയെപ്പോലെ, അല്ലെങ്കില്‍ കച്ചവടക്കാരന്‍, മറ്റു ചിലപ്പോള്‍ മനോരോഗി’, ലഹരി കവര്‍ന്നെടുത്ത മകന്റെ മാനസികതാളം വിവരിക്കാന്‍ എളമക്കര സ്വദേശി സുനില്‍കുമാറിന് വാക്കുകള്‍കൊണ്ടാകുന്നില്ല.

തലച്ചോറിനെ നിയന്ത്രിക്കുന്ന ലഹരിമരുന്നുകളുടെ ക്രൂരഭാവം കണ്ടറിഞ്ഞ് മരവിച്ചുപോയതാണ് ഈ അച്ഛന്റെ മനസ്സ്. ചിരിക്കാനും ചിരിപ്പിക്കാനുമുള്ള സുനില്‍കുമാറിന്റെ ആത്മധൈര്യമാണ് കുടുംബത്തെ മുന്നോട്ടുനയിക്കുന്നത്.

തയ്യല്‍ത്തൊഴിലാളിയും ചിരിയോഗ മുഖ്യപരിശീലകനുമാണ് എളമക്കര പുതുക്കലവട്ടം സ്വദേശി എസ് വി സുനില്‍കുമാര്‍. ചാനലുകളില്‍ മുഖം കാണിച്ചിട്ടുള്ള സുനില്‍കുമാര്‍ നിരവധി പുരസ്കാരങ്ങളും നേടി. ജീവിതം പക്ഷേ സുനിലിന് കാത്തുവച്ചത് ഹൃദയം നുറുങ്ങുന്ന ദുരിതം. മകന്‍ മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞത് ഒന്നരമാസം മുമ്ബ്. താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ അറിവ്. മകന്റെ ദുരവസ്ഥ കണ്ട് തോല്‍ക്കാനല്ല, അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍, പൊരുതാനാണ് അദ്ദേഹം തീരുമാനിച്ചത്.

തയ്യല്‍ത്തൊഴിലാളിയായ മകന്റെ സ്വഭാവത്തിലെ മാറ്റത്തില്‍ നിന്നാണ് പല കഥകളും സുനില്‍ ഉള്‍പ്പെടെ പുറംലോകം അറിഞ്ഞത്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആരെയും ഉപദ്രവിക്കും. നിയന്ത്രിക്കാന്‍ കഴിയാതായതോടെ മാനസികാരോഗ്യവിദഗ്ധനെ കാണിച്ചു. ലഹരി ഉപയോഗംമൂലം ഉപദേശിച്ച്‌ തിരുത്താന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു മനോനില. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. വീടിനുസമീപത്തെ തൊഴിലാളികളുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മകന്റെ മുറി പരിശോധിച്ചപ്പോഴാണ് എല്‍എസ്ഡി സ്റ്റാമ്ബ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തത്.

പൊലീസിന് ഉള്‍പ്പെടെ വിവരം നല്‍കി. ഒരുമാസത്തെ ചികിത്സയ്ക്കുശേഷം കുറച്ചുദിവസംമുമ്ബാണ് മകന്‍ പുറത്തിറങ്ങിയത്. താളംതെറ്റിയ മനസ്സിനെ പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ലഹരിയുടെ പിടിയില്‍നിന്ന് മകനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സുനിലും ഭാര്യയും മകളും. മകന് സംഭവിച്ചത് ഇനിയാര്‍ക്കും വരല്ലേ എന്ന ആഗ്രഹത്തോടെയാണ് സുനില്‍കുമാര്‍ എല്ലാ വിവരങ്ങളും പുറത്തുപറയാന്‍ തയ്യാറായത്. “മകനെ ഒരുപക്ഷേ പൊലീസ് അറസ്റ്റ് ചെയ്തേക്കാം. അല്ലെങ്കില്‍ അവനെ ഈ നിലയിലാക്കിയ ലഹരിമാഫിയസംഘം ഉപദ്രവിച്ചേക്കാം. എന്തായാലും നേരിടാന്‍ തയ്യാറാണ്’–- സുനില്‍ പറഞ്ഞു.

ഈ വര്‍ഷം 779 കേസുകള്‍

മെയ് വരെ 779 മയക്കുമരുന്നുകേസുകളാണ് എറണാകുളം ജില്ലയില്‍മാത്രം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 18 കേസുകളില്‍ വലിയ അളവ് എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്ബുകള്‍, ഹെറോയിന്‍ ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. 2021ല്‍ 910 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡുകാലത്തിനുമുമ്ബ് വര്‍ഷം 3000 മുതല്‍ 4000 കേസുകള്‍വരെ ജില്ലയില്‍മാത്രം രജിസ്റ്റര്‍ ചെയ്തിരുന്നു. കോവിഡിനുശേഷം വീണ്ടും ലഹരിമാഫിയസംഘം വ്യാപകമാകുന്നതിന്റെ തെളിവാണ് മെയ്വരെയുള്ള കണക്കുകള്‍. പബ്ബുകള്‍, അന്തര്‍ജില്ലാ സര്‍വീസ് നടത്തുന്ന ബസുകള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ആഴ്ചതോറുമുള്ള പരിശോധന പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. നര്‍കോട്ടിക് സെല്‍, ഡാന്‍സാഫ് ഉള്‍പ്പെടെ സംഘങ്ങളുടെ പരിശോധനകളും വ്യാപകമാണ്. ലഹരി ഉപയോഗംമൂലം മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പട്ടികയും ദിവസവും കുതിക്കുകയാണ്. പലതും കണക്കുകളില്‍ അപ്രത്യക്ഷമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular