Monday, May 6, 2024
HomeKeralaസമൂഹം പ്രതിഫലിക്കണം സിനിമയില്‍: സിനിമാ വഴികളെക്കുറിച്ച്‌ വിനീത്‌കുമാര്‍ സംസാരിക്കുന്നു

സമൂഹം പ്രതിഫലിക്കണം സിനിമയില്‍: സിനിമാ വഴികളെക്കുറിച്ച്‌ വിനീത്‌കുമാര്‍ സംസാരിക്കുന്നു

ബാലതാരം, നടന്‍, നായകന്‍, സംവിധായകന്‍ ഇങ്ങനെ പല വേഷത്തിലായി മൂന്നു പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ വീനിത്കുമാറുണ്ട്.

വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുതുടങ്ങിയ സിനിമാ ജീവിതം. ദേവദൂതനിലെ മഹേശ്വരനും പ്രണയമണിത്തൂവലിലെ ബാലുവെല്ലാം മലയാളി മനസ്സുകളില്‍ ഇടംനേടി. ഇതിനിടെ, ഫഹദ് ഫാസിലിനെ നായകനാക്കി ‘അയാള്‍ ഞാനല്ല’ എന്ന ചിത്രം സംവിധാനംചെയ്തു. ആദ്യ സിനിമ എത്തി ഏഴു വര്‍ഷം പിന്നിടുമ്ബോള്‍ വീണ്ടും സംവിധായകനാകുകയാണ് വിനീത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഡിയര്‍ ഫ്രണ്ട്’ 10ന് തിയറ്ററില്‍ എത്തും. തന്റെ സിനിമാ വഴികളെക്കുറിച്ച്‌ വിനീത്കുമാര്‍ സംസാരിക്കുന്നു:

പുതിയ സിനിമ

മലയാള സിനിമയിലുണ്ടായ മാറ്റത്തെ ഉള്‍ക്കൊള്ളുന്ന, അതിനനുസരിച്ചുള്ള നറേറ്റീവും കഥാപശ്ചാത്തലവുമെല്ലാമുള്ള സിനിമയാണ് ഡിയര്‍ ഫ്രണ്ട്. ടൊവിനോയും ബേസിലുമടക്കം പുതിയ തലമുറയിലെ അഭിനേതാക്കളും സുഹാസ്–- ഷറഹു അടക്കമുള്ള എഴുത്തുകാരുമാണ് സിനിമയിലുള്ളത്. തന്മാത്രയില്‍ മോഹന്‍ ലാലിന്റെ മകനായി അഭിനയിച്ച അര്‍ജുന്‍ ലാലിലൂടെയാണ് ഞാന്‍ ഈ സിനിമയില്‍ എത്തുന്നത്. അവനാണ് കഥ പറയുന്നത്. സിനിമ എഴുതാന്‍ സുഹാസിനെയും ഷറഫുവിനെയും വിളിക്കുമ്ബോള്‍ അവര്‍ വരത്തന്‍ മാത്രമാണ് ചെയ്തിരുന്നത്. ഷൈജു ഖാലിദാണ് സംഗീതം. പുതിയ കാലഘട്ടത്തിലുള്ള സൗഹൃദവും അവരുടെ സന്തോഷങ്ങളും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.

ടൊവിനോ–- ബേസില്‍ കോമ്ബിനേഷന്‍

ഇതുവരെ കണ്ടതില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ടൊവിനോയും ബേസിലും അവതരിപ്പിക്കുന്നത്. വിനോദ് എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ആളെന്നനിലയിലാണ് സിനിമയിലേക്ക് ടൊവിനോയെ തെരഞ്ഞെടുത്തത്. താരം എന്നതിനപ്പുറത്തേക്ക് കഥാപാത്രത്തിനാണ് പരിഗണന നല്‍കിയത്. പതിവായി ബേസിലിനെ സിനിമകളില്‍ കാണുന്നതരത്തിലുള്ള കഥാപാത്രമല്ല ഇതിലേത്. വളരെ സങ്കീര്‍ണതകളുള്ള ഒന്നാണ്. അത് കൃത്യമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എഴുത്തിന്റെ ഭാഗം

ഞാന്‍ ചെയ്യുന്ന സിനിമകളില്‍ അതിന്റെ തിരക്കഥാ രചനയുടെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്. എഴുത്തിന്റെ ആദ്യഘട്ടംമുതല്‍ ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. എഴുത്തുകാരന്‍ എഴുതിയ രീതിയില്‍ത്തന്നെ നമുക്ക് ചിലപ്പോള്‍ അവതരിപ്പിക്കാന്‍ പറ്റില്ല. നമ്മള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നരീതിയില്‍ രംഗങ്ങള്‍ വേണമെന്നുള്ളതുകൊണ്ടാണ് തിരക്കഥാ രചനയുടെകൂടി ഭാഗമാകുന്നത്.

മാറുന്ന മലയാള സിനിമ

മലയാള സിനിമയുടെ ഭാഷയിലും ശൈലിയിലുമെല്ലാം വലിയ മാറ്റമുണ്ടായി. ഒരുകാലത്ത് സിനിമയില്‍ സാഹിത്യം വളരെയധികം കടന്നുവന്നിരുന്നു. പിന്നെ നാടകത്തിന്റെ രീതിയുണ്ടായിരുന്നു. ഇന്ന് ആ രീതികളെല്ലാം മാറി. സ്വാഭാവിക അഭിനയത്തിന്റേതായി. സിനിമ കുറേക്കൂടി റിയലിസ്റ്റിക്കായി. വലിയ നടന്മാരും താരങ്ങളൊന്നുമല്ലാത്ത പുതുമുഖങ്ങളുമായി വരുന്ന സിനിമകളും അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ഇപ്പോള്‍ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. മലയാള സിനിമയില്‍ വലിയൊരു തലമുറമാറ്റം ഉണ്ടായി. ഈഗോയും പ്രിവിലേജുമെല്ലാം ഇല്ലാതായി. വലിയൊരു സൗഹൃദത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടു.

കാലഘട്ടത്തിന്റെ പ്രതിഫലനം

ഓരോ കാലഘട്ടത്തിലും സമൂഹത്തിലുണ്ടാകുന്ന മാറ്റം സിനിമയിലും സ്വാഭാവികമായിട്ടും പ്രതിഫലിക്കും. നിലപാടുകളുടെ കാര്യത്തില്‍ മലയാളത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ കാര്യത്തിലൊക്കെ സിനിമയിലുണ്ടായ മാറ്റം സമൂഹത്തിലുണ്ടായ ചര്‍ച്ചകളുടെ ഭാഗമായി കൂടിയാണ്. പഴയ കാലഘട്ടത്തിലെ സിനിമകള്‍ ഇപ്പോള്‍ കീറിമുറിക്കാന്‍ കഴിയില്ല. അതേസമയം, ചരിത്രത്തിലെ തെറ്റുകളെ ന്യായീകരിക്കുന്നതും ശരിയല്ല. ഒരു സംവിധായകനെന്നനിലയില്‍ നമുക്കൊരു പ്രതിബദ്ധതയുണ്ട്. സിനിമയില്‍ നമ്മള്‍ സ്ത്രീവിരുദ്ധമായ അല്ലെങ്കില്‍ പൊളിറ്റിക്കലി തെറ്റായ സംഭാഷണം ഉപയോഗിക്കുംമുമ്ബ് അത് ആവശ്യമാണോയെന്ന് രണ്ടു തവണ ചിന്തിക്കും. എല്ലാ കഥാപാത്രങ്ങളും പൊളിറ്റിക്കലി കറക്ടായി സിനിമ ചെയ്യാന്‍ പറ്റില്ല. എന്നാല്‍, അനാവശ്യമായി അത്തരം കാര്യം ഉപയോഗിക്കില്ല.

ഇനി വലിയ ഇടവേളയുണ്ടാകില്ല

ആദ്യ സിനിമയ്ക്കുശേഷം ഡിയര്‍ ഫ്രണ്ടിനുമുമ്ബ് വേറെ ചില പ്രോജക്ടുകള്‍ ആലോചിരുന്നു. രണ്ടു സിനിമ നോക്കിയിരുന്നു. ഫഹദ് ഫാസില്‍ സിനിമയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിന്റെ എഴുത്തെല്ലാം നടന്നു. എന്നാല്‍, എഴുതിവന്നപ്പോള്‍ വിചാരിച്ചപോലെ വന്നില്ല. അങ്ങനെ അത് മാറ്റിവച്ചു. പിന്നീട് ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് വന്നത്. അങ്ങനെയാണ് ആദ്യ സിനിമയ്ക്കുശേഷം ഏഴു വര്‍ഷത്തെ ഇടവേള വന്നത്. അല്ലെങ്കില്‍ മൂന്നുവര്‍ഷം മുമ്ബുതന്നെ ഒരു സിനിമ ഉണ്ടാകേണ്ടതായിരുന്നു. ഇനി ഇതുപോലെ വലിയ ഇടവേള ഉണ്ടാകില്ല. വേഗത്തില്‍ത്തന്നെ അടുത്ത സിനിമ ഉണ്ടാകും. നായകനായി അഭിനയിച്ച സൈമണ്‍ ഡാനിയല്‍ എന്ന സിനിമ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. സാജന്‍ എന്ന പുതുമുഖ സംവിധായകനാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ദിവ്യ പിള്ളയാണ് നായിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular