Thursday, May 2, 2024
HomeUSAകാലത്തിന്റെ അനിവാര്യതകൾ ബൈഡൻ കണ്ടെത്തുന്നു

കാലത്തിന്റെ അനിവാര്യതകൾ ബൈഡൻ കണ്ടെത്തുന്നു

ചരിത്ര പ്രധാനമായ ഒരു സന്ദർശനത്തിനു ജോ ബൈഡൻ ഒരുങ്ങുമ്പോൾ ശരാശരി യു എസ് പൗരനു അറിയേണ്ട കാര്യം, സ്വന്തം വാക്കുകൾ വിഴുങ്ങി സൗദി അറേബ്യയിൽ കിരീടാവകാശിയെ കാണുന്ന പ്രസിഡന്റ് ഇന്ധന വിലയിൽ വല്ല ആശ്വാസവും കൊണ്ടു വരുമോ എന്നതാണ്. ആത്യന്തികമായി, നമ്മുടെ വയറിനെ ബാധിക്കുന്ന വിഷയങ്ങളാണല്ലോ നയതന്ത്ര പുകമറകളെക്കാൾ ജനത്തിന് പ്രധാനം. ജൂലൈ മധ്യത്തിൽ സൗദി അറേബ്യയും ഇസ്രയേലും പലസ്‌തീൻ പ്രദേശങ്ങളും സന്ദർശിക്കുന്ന ബൈഡൻ, ഗൾഫ് സഹകരണ കൗൺസിൽ (ജിസി സി) യോഗത്തിലും പങ്കെടുക്കുന്നുണ്ട്. യു എസിനു പുറമെ ഇന്ത്യയും യു എ എയും ഇസ്രയേലും ഉൾപ്പെട്ട പുതിയൊരു ഗ്രൂപ്പിനു തുടക്കമിടുന്ന ഉച്ചകോടി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഐ2യു2 എന്നാണ് ഈ ഗ്രൂപ്പിനു പേര്. രണ്ടു ഐ ഇന്ത്യക്കും ഇസ്രയേലിനും; രണ്ടു യു ആവട്ടെ യു എ ഇ, യു എസ്.

അണിയറയിൽ മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കു ശേഷമാണു നാലു ദിവസം കൊണ്ട് (ജൂലൈ 13-16) ഇത്രയേറെ രാജ്യങ്ങളെ എത്തിപ്പിടിക്കുന്ന ഒരു നയതന്ത്ര പരിശ്രമം ബൈഡൻ നടത്തുന്നത്. ഇസ്രയേൽ പഴയ സഖ്യരാഷ്ട്രമാണെങ്കിൽ പലസ്‌തീൻ അങ്ങിനെയല്ല. യു എസിന്റെ സർവകാല പിന്തുണയുള്ള സഖ്യരാഷ്ട്രത്തിന്റെ നിരന്തരമായ പീഡനം അനുഭവിക്കുന്ന, കഠിന ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു ജനതയാണ് അവിടെയുള്ളത്.  സൗദി അറേബ്യ ആവട്ടെ, 2020 പ്രസിഡൻറ് തിരഞ്ഞെടുപ്പ് കാലത്തു ബൈഡൻ ഭ്രഷ്ട്  കല്പിച്ച കിരീടാവശി തന്നെ നയിക്കുന്ന രാജ്യവുമാണ്.

സൗദി രാജകുടുംബത്തെ നിരന്തരം വിമർശിച്ച മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ തുർക്കിയിൽ വച്ച് കശാപ്പു ചെയ്‌തു വെട്ടി നുറുക്കി ചുട്ടു കരിച്ചു എന്ന ആരോപണം നേരിടുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഇടപെടില്ല എന്ന് തിരഞ്ഞടുപ്പു കാലത്തു പറഞ്ഞിരുന്ന ബൈഡൻ ഇപ്പോൾ അതിനു തയ്യാറാവുന്നു എന്നതാണ് ഈ സന്ദർശനത്തിൽ ശ്രദ്ധേയമാവുന്നത്. മറ്റു കാര്യങ്ങളിലൊന്നും നയതന്ത്രപരമായ ഒരു കുതിച്ചു ചാട്ടവും പ്രത്യേകിച്ചങ്ങിനെ കാണാനില്ല.

ഇന്ധന വിലയിൽ നിയന്ത്രണം നഷ്ടപ്പെട്ട യു എസിൽ അതിന്റെ പേരിൽ കത്തിക്കയറുന്ന ജനരോഷം ഈ നീക്കത്തിനു  പ്രേരണയായി എന്ന് ഉദ്യോഗസ്ഥന്മാർ സൂചിപ്പിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാണ് സൗദിയുടേത്. അവരുമായുള്ള സഖ്യം യു എസിനു ആ മേഖലയിൽ തന്ത്രപരമായി ഏറെ പ്രധാനപ്പെട്ടതാണ്. അതേ പോലെ തന്നെ പ്രധാനമാണ് അമേരിക്കയുടെ പ്രേരണയിൽ  സഖ്യരാഷ്ട്രങ്ങൾ റഷ്യൻ എണ്ണ ബഹിഷ്കരിക്കുമ്പോൾ അവർക്കൊരു ആശ്വാസത്തിനു പഴുതുണ്ടാവണം എന്നത്. യുദ്ധം കൊണ്ടാണു വില കൂടിയതെന്നു പറഞ്ഞു പിടിച്ചു നിക്കാൻ ജനാധിപത്യ രാജ്യങ്ങളിൽ നേതാക്കൾക്കു ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്പിൽ. അവരും ആശ്വാസത്തിന് വേണ്ടി ഉറ്റു നോക്കുന്നത് ഉത്പാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്ന ഗൾഫ് രാജ്യങ്ങളെയാണ്.

സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും പ്രസിഡന്റിന്റെ അഭിപ്രായങ്ങളും രണ്ടാണ് എന്നു കാണേണ്ടി വരുന്ന ഒരു ഘട്ടമുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ബൈഡൻ ഇപ്പോൾ എത്തിയിട്ടുള്ളത് എന്ന്  അദ്ദഹത്തെ ബോധ്യപ്പെടുത്താൻ സഹായികൾക്കു കഴിഞ്ഞു എന്ന് വ്യക്തം.

എം ബി എസ് എന്നറിയപ്പെടുന്ന കിരീടാവകാശിക്കു സൗദിയുടെ മേൽ പൂർണമായ നിയന്ത്രണമാണുള്ളത്. സൽമാൻ രാജാവ് 86 വയസിൽ ആശുപത്രിയിൽ പോയും വന്നും കഴിയുമ്പോൾ ഭരണം എം ബി എസിന്റെ കൈപ്പിടിയിലാണ്. ഈ നിയന്ത്രണം ഇന്നോ നാളെയോ അവസാനിക്കുന്നതല്ല. ബൈഡൻ അധികാരമൊഴിഞ്ഞു ചരിത്രത്തിന്റെ ഭാഗമാവുമ്പോൾ നാല്പത്തിലേക്കു അടുക്കുന്ന എം ബി എസ് ഒരു പക്ഷെ രാജാവായി കഴിഞ്ഞിരിക്കും. അതാണല്ലോ ജനാധിപത്യവും രാജഭരണവും തമ്മിലുള്ള വ്യത്യാസം.

അപ്പോൾ എം ബി എസുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് ദീർഘകാല ആവശ്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഏറെ ആവശ്യമാണെന്നു ബൈഡനെ സഹായികൾ ഉപദേശിച്ചു എന്നു കരുതണം. ഭ്രഷ്‌ട്ടൊക്കെ മാറ്റി വച്ച് അല്പം മനുഷ്യാവകാശ ഉപദേശങ്ങളും വിളമ്പി സ്വന്തം മുഖവും രക്ഷിച്ചു മടങ്ങുക എന്നതാവാം പരിപാടി.

എണ്ണ വിലയിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ സൗദിയുടെ ഭാഗത്തു നിന്നുണ്ടായാൽ അതിന്റെ മെച്ചം ബൈഡന്റെ പ്രസിഡൻസിക്കും രാജ്യത്തെ ജനങ്ങൾക്കും ഉണ്ടാവും എന്നാണ് പ്രതീക്ഷ. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ തുടർന്ന് കുതിച്ചു കയറിയ എണ്ണ വില പിടിച്ചു നിർത്താൻ പക്ഷെ സൗദി ഉൾപ്പെടെയുള്ള ഒപെക്ക് രാജ്യങ്ങൾക്കു വലിയ തിരക്കൊന്നുമില്ല എന്നതാണ് വസ്‌തുത. എണ്ണ വിറ്റു  സമ്പന്നരായ ഗൾഫ് രാജ്യങ്ങൾ വിലയിടിവുണ്ടായപ്പോൾ വികസന പദ്ധതികൾ പോലും തട്ടിൻപുറത്തു വച്ചതാണ്. എണ്ണയില്ലാത്ത സമ്പദ് വ്യവസ്ഥയെന്ന മുദ്രാവാക്യം അവർ ഉയർത്തിപ്പിടിക്കയും ചെയ്തു. ആ രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് ഇപ്പോൾ ക്രൂഡോയിൽ വില കുത്തനെ കയറിയത്.

റഷ്യൻ എണ്ണ ബഹിഷ്‌ക്കരിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ തീരുമാനിച്ചപ്പോൾ അവരുടെ കണ്ണ്  ഒപ്പെക്കിലായിരുന്നു.  ബാരലിനു 110 ഡോളർ കടന്ന ക്രൂഡോയിൽ എല്ലാ രാജ്യങ്ങളിലും വിലകൾ ഉയർത്തി. എന്നാൽ അതൊന്നും ജനത്തോടു പറഞ്ഞു നില്കാവുന്ന ന്യായമല്ല. അതു കൊണ്ട് സൗദിയും മറ്റു രാജ്യങ്ങളും ആനുകൂല്യം നൽകണം എന്നതാണ്  പടിഞ്ഞാറിന്റെ ആവശ്യം.

ഒപ്പേക്കും റഷ്യയും മറ്റു എണ്ണ ഉൽപാദകരും കഴിഞ്ഞയാഴ്ച എടുത്ത തീരുമാനം ജൂലൈ-ഓഗസ്റ്റിൽ ഉത്പാദനം പ്രതിദിനം ആറരലക്ഷം ബാരൽ വീതം കൂട്ടാനാണ്. നിർദേശം 432,000 ബാരൽ ആയിരുന്നു. എന്നാൽ ഉയർന്ന ഉല്പാദനത്തിന്റെ ഈ പ്രഖ്യാപനം കൊണ്ടു പോലും എണ്ണ വില ഇടിഞ്ഞില്ല.

എല്ലാ ഉത്പാദകർക്കും അത്രകണ്ടു വർധിപ്പിക്കാനുള്ള കഴിവില്ല എന്ന നിഗമനമാണ് അതിനു കാരണം. അങ്ങിനെ വരുമ്പോൾ ഒപ്പേക്കിലെ പ്രമുഖ ഉത്പാദക രാജ്യമായ സൗദി അറേബ്യ എത്ര കണ്ടുയർത്തും എന്നത് പ്രധാനമാവുന്നു.

ആഭ്യന്തര കരുതൽ സ്റ്റോക്കുകൾ തുറന്നു വിട്ടു എണ്ണ വില പിടിച്ചു നിർത്താൻ ബൈഡൻ നടത്തിയ ശ്രമവും ഫലിച്ചിട്ടില്ല. നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന വിലയിലാണ് യു എസിൽ ഗ്യാസോലിൻ വിൽക്കുന്നത് — ഗാലന് ആറു ഡോളർ വരെ.

ജിദ്ദയിൽ നടക്കുന്ന ജി സി സി ഉച്ചകോടി യോഗത്തിലേക്ക് ബൈഡനെ ക്ഷണിച്ചത് സൗദിയുടെ മറ്റു ചില പരിഗണനകളിലാണ്. യു എ എയുമായി അമേരിക്കയ്ക്ക് ചില തർക്കങ്ങളുണ്ട്. അത് തീർക്കാൻ അവസരമാവും. പുതിയ യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദുമായി (എം ബി സെഡ്) ബൈഡന്റെ ആദ്യ കൂടിക്കാഴ്ചയും അവിടെ നടക്കും. ഗൾഫിലെ രണ്ടു കരുത്തരായ നവതലമുറ നേതാക്കളാണ് എം ബി എസും അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതി കൂടിയായ എം ബി സെഡും.

ഗൾഫ് രാജ്യങ്ങൾക്കു പുറമെ ഈജിപ്ത്, ഇറാഖ്, ജോർദാൻ എന്നിവയും ഈ ഉച്ചകോടിക്ക് എത്തും.

ട്രംപ് ഭരണകാലത്തു രൂപം കൊണ്ട ഇസ്രയേൽ-അറബ് സഖ്യത്തിന്റെ പ്രവർത്തനങ്ങളും ബൈഡനു നേരിൽ കാണാം. എബ്രഹാം ഉടമ്പടി നടപ്പിൽ വന്ന ശേഷം മുൻപ് അറബ് രാഷ്ട്രങ്ങൾ ഭ്രഷ്ട് കല്പിച്ചിരുന്ന യഹൂദ രാഷ്ട്രത്തിനു അവരുടെ സമ്പദ് വ്യവസ്ഥയിലേക്കു പ്രവേശനം ലഭിച്ചിട്ടുണ്ട്. കൂടാതെ ഭീകര വിരുദ്ധ പ്രവർത്തനത്തിൽ ഇസ്രയേൽ സംഘടിപ്പിക്കുന്ന അമൂല്യമായ വിവരങ്ങൾ അറബ് രാജ്യങ്ങളുമായി പങ്കു വയ്ക്കുന്നുമുണ്ട്. അത്യാധുനിക ആയുധങ്ങളുടെ പ്രയോജനവും അവർക്കു ലഭിക്കുന്നുണ്ട്.

പലസ്തീനിൽ ബൈഡൻ യു എസിന്റെ പഴയ നിലപാട് ആവർത്തിക്കുമെന്ന് കരുതണം. രണ്ടു രാജ്യങ്ങൾ തൊട്ടു തൊട്ടു സമാധാനമായി നിലനിൽക്കണം എന്ന ആശയം. വെസ്റ്റ് ബാങ്കിൽ അദ്ദേഹം പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണും. എന്തെങ്കിലും നാടകീയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular