Thursday, May 2, 2024
HomeUSAനിഖിതാ മേനോന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി

നിഖിതാ മേനോന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ‘ഭരതനാട്യത്തോടും’ ‘മോഹിനിയാട്ടത്തോടും’ അടങ്ങാത്ത അഭിനിവേശം; 5 – മത്തെ വയസ് മുതല്‍ തുടങ്ങിയ നൃത്ത പഠനവും കഠിന പരിശീലനവും; ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തവേദിയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പ്രശസ്തയായ ഗുരു കലാശ്രീ ഡോ.സുനന്ദ നായരിന്റെ കീഴില്‍ 8 വര്‍ഷത്തെ പരിശീലനം; ഈ ഗുരുവിന്റെ ശിഷ്യയായ നിഖിത മേനോന്റെ അരങ്ങേറ്റം കാണികളായ നൂറു കണക്കിന് അതിഥികള്‍ക്ക് ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി.

പെയര്‍ലാന്‍ഡില്‍ ശ്രീ മീനാക്ഷി ദേവസ്ഥാനം കല്യാണ മണ്ഡപത്തില്‍ ജൂണ്‍ 12 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയം. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും  സദസ്സിനെയും വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന ‘അമൃത വര്‍ഷിണി പുഷ്പാഞ്ജലി’ യോടുകൂടിയായിരുന്നു അരങ്ങേറ്റം തുടക്കം കുറിച്ചത്. ‘അമൃതവര്‍ഷിണി’ രാഗത്തില്‍ ‘ആദി’ താളത്തില്‍ ജി. ശ്രീകാന്ത് ചിട്ടപെടുത്തിയ ചെയ്ത നൃത്തം നല്ല തുടക്കമായിരുന്നു.

ദേവസ്‌ത്രോത്ര സമര്‍പ്പണമായി ‘രാഗമാലിക’ രാഗത്തില്‍ ‘ആദി’ താളത്തില്‍ ‘കൗതവം’ ആയിരുന്നു അടുത്ത നൃത്ത ഇനം. ഭഗവാന്‍ ശിവന്റെ നൃത്തത്തില്‍ ആകൃഷ്ടയായി ഭഗവാനോടുള്ള അടങ്ങാത്ത ഭക്തിയുടെ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ദാസിയുടെ ശബ്ദമായിരുന്നു തുടര്‍ന്നവതരിപ്പിച്ച ‘തില്ലയമ്പലം’ നൃത്തത്തിലുണ്ടായിരുന്നത്. ശ്രീരഞ്ജിനി, രാഗമാലിക, കല്യാണി,സിംഹേദ്ര മധ്യമം തുടങ്ങി വിവിധ രാഗങ്ങളില്‍ ‘ശ്രീരഞ്ജിനീ വര്‍ണം – സ്വാമി നീ’ , ‘പഞ്ച ശക്തി’, ‘ശ്രീ രാമ ചന്ദ്ര’, ‘തില്ലാന’ തുടങ്ങിയ നൃത്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഭക്തിനിര്‍ഭരമായ മനസ്സോടെ നിഖിത അവതരിപ്പിച്ചപ്പോള്‍ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് നിഖിതയുടെ മികച്ച പ്രകടനത്തിന് മുമ്പില്‍ കൈയ്യടിച്ചു കൊണ്ടിരുന്നു.

ഏറ്റവും ഒടുവില്‍ ഈശ്വരനും ഗുരുവിനും സദസ്സിനും നമസ്‌കാരം അര്‍പ്പിച്ചുകൊണ്ട് നടത്തിയ ‘മംഗളം’ നൃത്തത്തോടു കൂടി രംഗപ്രവേശത്തിനു തിരശീല വീണു.

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ് അട്മിന്‌സിട്രേഷന്‍ മൈനറായും എടുത്തു പഠിക്കുന്നു. പ്രസ്തുത യൂണിവേസിറ്റിയിലെ സൊസൈറ്റി ഫോര്‍ വിമന്‍ എഞ്ചിനീയേഴ്‌സിലെ ഓഫീസറായും പ്രവര്‍ത്തിക്കുന്ന നിഖിത യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ മാഗസിന്‍ ആയ ‘ദി കൂഗര്‍’ ലെ സ്ഥിരം എഴുത്തുകാരിയാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ നിരവധി പ്രസംഗങ്ങളും നടത്തിയിട്ടുള്ള നിഖിത ഡിബേറ്റുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ‘സെവെന്‍ ലേക്സ് ഹൈ സ്‌കൂള്‍ സ്റ്റുഡന്റ് കൌണ്‍സില്‍ സെക്രട്ടറിയായിരുന്ന ഈ അനുഗ്രഹീത കലാകാരി സിറ്റി ഓഫ് ഹൂസ്റ്റണ്‍ ടീന്‍ കോര്‍ട്ട് പ്രോഗ്രാമില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തിട്ടുണ്ട്.

അനുഗ്രഹീത കലാകാരിയായ കലാശ്രീ ഡോ. സുനന്ദയുടെ ശിഷ്യയാകാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നു നിഖിത മേനോനും നിഖിതയുടെ മാതാവ് സിന്ധു മേനോനും പറഞ്ഞു

സുനന്ദയുടെ നേതൃത്വത്തിലുള്ള സുനന്ദ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിന്റെ (സ്പാര്‍ക്ക്) കീഴില്‍ വിവിധ ഗ്രൂപ്പ് ഡാന്‍സ് പെര്‍ഫോര്‍മന്‍സുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും നിഖിത പറഞ്ഞു.

അമ്പാട്ട് രാമന്‍ മേനോന്റെയും കുന്നത്ത് വിജയലക്ഷ്മി മേനോന്റെയും  കൊച്ചുമകളും, സിന്ധു മേനോന്റെയും മകളാണ് നിഖിത.

അമേരിക്കയിലെ പ്രശസ്ത സംഗീതജ്ഞനും ലോസ് ആഞ്ചലസ് കീര്‍ത്തനാ സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ്  ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ ബാബു പരമേശ്വരന്‍, പ്രശസ്ത ഫ്‌ലൂട്ടിസ്റ്റ് എ.പി. കൃഷ്ണപ്രസാദ്, പ്രമുഖ ഭരതനാട്യം അധ്യാപകന്‍ ശ്രീ സരന്‍ മോഹന്‍, മൃദംഗ വായനയില്‍ പ്രശസ്തനായ സതീഷ് കൃഷ്ണമൂര്‍ത്തി, പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ വിജയകൃഷ്ണ ഇന്ദ്ര പരമേശ്വരന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ അടങ്ങിയ ഓര്‍ക്കസ്ട്ര ടീം നിഖിതയുടെ അരങ്ങേറ്റത്തെ മികവുറ്റതാക്കി.

അരങ്ങേറ്റ പരിപാടികളുടെ തുടക്കത്തില്‍ ക്ഷേത്ര ബോര്‍ഡ് അംഗമായ വത്സകുമാര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. നിഖിതയുടെ സഹോദരന്‍ ഭരത്ത് മേനോന്‍ സ്വാഗതം ആശംസിച്ചു. അഞ്ജു രജിത്ത് എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular