Friday, April 26, 2024
HomeGulfഏഴായിരത്തില്‍പരം തീര്‍ഥാടകര്‍ യാത്രയായി; ഹജ്ജ് ക്യാമ്ബ് സമാപിച്ചു

ഏഴായിരത്തില്‍പരം തീര്‍ഥാടകര്‍ യാത്രയായി; ഹജ്ജ് ക്യാമ്ബ് സമാപിച്ചു

നെടുമ്ബാശ്ശേരി: നാഥന്റെ വിളികേട്ട് വിശുദ്ധ ഭൂമിയിലേക്ക് തിരിച്ച ഏഴായിരത്തോളം തീര്‍ഥാടകരെ യാത്രയാക്കിയ സംതൃപ്തിയോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്ബിന് സമാപനമായി.

സമാപന ദിനമായ വ്യാഴാഴ്ച മൂന്ന് വിമാനം സര്‍വിസ് നടത്തി. രാവിലെ 6.50ന് പുറപ്പെട്ട എസ്.വി 5739 വിമാനത്തില്‍ 135 പുരുഷന്മാരും 230 സ്ത്രീകളും വൈകീട്ട് ആറിനുള്ള എസ്.വി 5747 നമ്ബര്‍ വിമാനത്തില്‍ 178 പുരുഷന്മാരും 182 സ്ത്രീകളും രാത്രി 10.55നുള്ള എസ്.വി 5743 നമ്ബര്‍ വിമാനത്തില്‍ 159 പുരുഷന്മാരും 142 സ്ത്രീകളുമാണ് യാത്രയായത്.

ആകെ 7727 തീര്‍ഥാടകരാണ് നെടുമ്ബാശ്ശേരി വഴി ഹജ്ജിന് പുറപ്പെട്ടത്. ഇതില്‍ 3070 പേര്‍ പുരുഷന്മാരും 4657 സ്ത്രീകളുമാണ്. ഇവരില്‍ 5766 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. 1672 പേര്‍ തമിഴ്നാട്ടില്‍നിന്നുള്ളവരും 143 പേര്‍ ലക്ഷദ്വീപില്‍നിന്നുള്ളവരും 103 പേര്‍ അന്തമാനില്‍നിന്നുള്ളവരും 43 പേര്‍ പുതുച്ചേരിയില്‍നിന്നുള്ളവരുമാണ്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ മക്കയില്‍ എത്തിത്തുടങ്ങി.

38 വളന്‍റിയര്‍മാരാണ് ഹാജിമാരോടൊത്ത് യാത്ര പുറപ്പെട്ടത്. മന്ത്രി വി. അബ്ദുറഹ്മാന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, സഫര്‍ കയാല്‍, ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ.പി. അബ്ദുസ്സലാം, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബര്‍, സിയാല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഷബീര്‍, സീനിയര്‍ ഓപറേഷന്‍ മാനേജര്‍ ദിനേശ് കുമാര്‍, മുന്‍ എം.എല്‍.എ എ.എം. യൂസുഫ്, മുന്‍ ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ. വി. സലീം, സിയാല്‍ എന്‍ജിനീയര്‍ രാജേന്ദ്രന്‍, അസി. സെക്രട്ടറി എന്‍. മുഹമ്മദലി, സെല്‍ ഓഫിസര്‍ എസ്. നജീബ്, സ്പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം, കോഓഡിനേറ്റര്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എച്ച്‌. മുസമ്മില്‍, എം.എസ്. അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular