Tuesday, May 7, 2024
HomeKeralaപകല്‍ തുണി വില്‍പ്പന, രാത്രി മോഷണം, ഒപ്പം യുവതിയും; തോക്ക് ചൂണ്ടി മോഷണം നടത്തുന്ന സംഘം...

പകല്‍ തുണി വില്‍പ്പന, രാത്രി മോഷണം, ഒപ്പം യുവതിയും; തോക്ക് ചൂണ്ടി മോഷണം നടത്തുന്ന സംഘം തലസ്ഥാനം വിട്ട് പോയിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ്

തിരുവനന്തപുരം: നഗരത്തില്‍ പൊലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്.

രണ്ട് പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് മോനിഷും(25) കൂട്ടാളിയുമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രതികള്‍ രക്ഷപ്പെട്ട സ്കൂട്ടര്‍ പി എം ജി- വികാസ് ഭവന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്. കോവളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ദസ്തജീറില്‍ നിന്ന് പ്രതികള്‍ വാടകയ്ക്കെടുത്ത സ്കൂട്ടറാണിത്. ഇതില്‍ നിന്നുലഭിച്ച ആര്‍ സി രേഖകളില്‍ നിന്നാണ് ഉടമ ദസ്തജീറാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ വിളിപ്പിച്ച്‌ മൊഴിയെടുത്തപ്പോഴാണ് ആധാറിന്റെ പകര്‍പ്പും അയ്യായിരം രൂപ അഡ്വാന്‍സും വാങ്ങി മോനിഷിന് സ്കൂട്ടര്‍ വാടകയ്ക്ക് നല്‍കിയ വിവരം അറിഞ്ഞത്. ആധാര്‍ പകര്‍പ്പില്‍ നിന്ന് മോനിഷിന്റെ ചിത്രവും വിവരവും ലഭിച്ചു. ആക്ടീവ സ്കൂട്ടറിന്റെ യഥാര്‍ത്ഥ രജിസ്ട്രേഷന്‍ നമ്ബറിനുപകരം മറ്റൊരു നമ്ബര്‍ എഴുതിച്ചേര്‍ത്താണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇത് കഴക്കൂട്ടം ചന്തവിള ഭാഗത്തെ ലോഡിംഗ് തൊഴിലാളിയുടെ സ്കൂട്ടറിന്റെ നമ്ബറാണ്.

മോനിഷും ഒരു യുവതിയും ഉള്‍പ്പെടെയുള്ള ആറംഗ മോഷണസംഘം ഒരുമാസത്തോളമായി തിരുവനന്തപുരത്ത് തമ്ബടിച്ചിരുന്നതായാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 24നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണിവില്‍പ്പനക്കാരെന്ന വ്യാജേനയാണ് ഇവര്‍ നഗരത്തില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. മോനിഷും യുവതിയും വഞ്ചിയൂരിലെ വാടക വീട്ടിലായിരുന്നു താമസം. പകല്‍ സമയത്ത് തുണിവില്‍പ്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച്‌ പിന്നീട് കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. നഗരത്തില്‍ അടുത്തിടെ നടന്ന പല മോഷണങ്ങള്‍ക്കും പിന്നിലും ഇവരാണെന്നാണ് പോലീസിന്റെ സംശയം. മോനിഷും യുവതിയും താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് കമ്ബിപ്പാര, സ്‌ക്രൂ ഡ്രൈവറുകള്‍, വ്യാജ നമ്ബര്‍ പ്ലേറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പൊലീസ് കണ്ടെത്തി.

തിങ്കളാഴ്ചയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ ആറ്റുകാലിലെ വീട്ടില്‍ നിന്ന് ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്ന ശേഷം ഇടപ്പഴഞ്ഞിയില്‍ എത്തിയത്. ഇവിടെ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ സമീപവാസികളുടെ കണ്ണില്‍പ്പെട്ടു. ഇതോടെയാണ് തോക്ക് ചൂണ്ടി രണ്ടുപേരും രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് ഇവരെ പിന്തുടര്‍ന്നെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് നേരേയും തോക്ക് ചൂണ്ടി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ തിരുവനന്തപുരം നഗരത്തിലോ അയല്‍ ജില്ലകളിലോ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular