Saturday, May 4, 2024
HomeUSAഎല്ലാ മലയാളികളും ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍: എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എ

എല്ലാ മലയാളികളും ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍: എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എ

ഫിലാഡല്‍ഫിയ: കേരളത്തില്‍ ഇപ്പോള്‍ പത്രപ്രവര്‍ത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ  എല്‍ദോസ് കുന്നപ്പള്ളില്‍. എല്ലാവര്ക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളില്‍  സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങള്‍ അവര്‍ വാട്ട്‌സാപ്പിലോ  ഫെയ്സ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവര്‍ത്തകരായി-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാപ്റ്റര്‍ പ്രസിഡന്റ് ജീമോന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ കോവാട്ട് ആമുഖ പ്രസംഗം  നടത്തി. ട്രഷറര്‍ വിന്‍സന്റ് ഇമ്മാനുവല്‍ സ്വാഗതമാശംസിച്ചു.

മുഖ്യ പ്രസംഗം  നടത്തിയ നാഷണല്‍ പ്രസിഡന്റ്  സുനില്‍ തൈമറ്റം പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്‌കാരമായ മാധ്യമ ശ്രീ, മാധ്യമ  രത്‌ന എന്നിവ പ്രസ് ക്ലബ് നല്‍കുന്നു. അടുത്ത അവാര്‍ഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോള്‍ഗാട്ടി പാലസിലാണ്.  കേരളത്തില്‍  അകാലത്തില്‍  മരിച്ച പത്രക്കാരുടെ കുടുംബങ്ങള്‍ക്കു സഹായമെത്തിക്കാനും അപകടങ്ങളിലും   മറ്റും തളര്‍ന്നു കിടക്കുന്നവര്‍ക്ക് സഹായ ധനം നല്‍കുവാനും പ്രസ് ക്ലബിനായി. അവ തുടരും.

ടെക്‌സസ് യൂണിവേഴ്സിറ്റിയുടെ ഓസ്റ്റിന്‍ കാമ്പസില്‍ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാള വിഭാഗം ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവിടെ  12,000 മലയാളം പുസ്തകങ്ങളുണ്ട്. മലയാളത്തില്‍ ബിരുദാന്തരബിരുദം വരെ പഠിക്കാം. അമേരിക്കയില്‍  ഈ സൗകര്യമുള്ള ഏക യൂണിവേഴ്സിറ്റിയാണിത്. ഇത് നിലനിര്ത്താന് പ്രസ് ക്ലബ് ശക്തമായി  രംഗത്തിറങ്ങും. ഇതിനായി ക്രൗഡ് ഫണ്ടിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രോജക്ടിലേക്കുള്ള  ആദ്യ തുക പ്രമുഖ സംഘടനാ പ്രവര്‍ത്തകന്‍ അലക്‌സ് തോമസ് പ്രസ് ക്ലബ് നാഷണല്‍  ട്രഷറര്‍ ഷിജോ പൗലോസിനെ ഏല്പിച്ചു.

പ്രസ് ക്ലബിന്റെ നിയുക്ത നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറും ഭാവുകങ്ങള്‍ നേര്‍ന്നു.

പലതരം മാധ്യമങ്ങളാണ് ഇന്നുള്ളതെന്ന് എം.എല്‍.എ. പറഞ്ഞു. പക്ഷെ കൊടുക്കുന്ന വിവരം സത്യമാണോ എന്ന്  അന്വേഷിക്കേണ്ട ബാധ്യത ആ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ആള്‍ക്കുണ്ടാവണം. അമേരിക്കയിലേക്ക് പോരും മുന്‍പ് തനിക്കുണ്ടായ ദുരനുഭവം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി.  മമ്മുട്ടിയില്‍ നിന്ന് കത്രിക പിടിച്ചു വാങ്ങി ഉദ്ഘാടനം നടത്തി ‘കുമ്മനടി’ക്കാന്‍ എം.എല്‍.എ. ശ്രമിച്ചു എന്നായിരുന്നു വാര്‍ത്ത. അതിന് പറ്റുന്ന ചിത്രങ്ങളും വന്നു. വാര്‍ത്ത കാണുന്ന ആര്‍ക്കും അത് തെറ്റാണെന്നു സംശയിക്കാന്‍ ഒരു കാരണവുമില്ല.

അങ്കമാലിയില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ്   ഉദ്ഘാടനം ചെയ്യുന്നത് മഹാനടന്‍  മമ്മുട്ടിയാണ്. അതിന്റെ മുകളില്‍ ഷോറൂം ഉദ്ഘാടനം താനും.  വൈകി വന്ന മമ്മുട്ടിയെ കാണാന്‍ വലിയ തിരക്ക്. അപ്പോള്‍ ഉടമകള്‍ തന്നെ മുകള്‍ നിലയിലേക്ക് കൊണ്ട് പോയി. അവിടെ ജോലിക്കാരും  മറ്റുമായി  മുന്നോറോളം പേരുണ്ട്. അപ്പോഴേക്കും മമ്മുട്ടിയും  എത്തി. കത്രിക, കത്രിക  എന്ന് ചോദിച്ചാണ് അദ്ദേഹം വന്നത്. എന്നാല്‍ എം.എല്‍.എ. ആണ് ഇതിന്റെ ഉദ്ഘാടകന്‍ എന്ന് കടയുടമ പറഞ്ഞു. അത് അദേഹം കേട്ടില്ലെന്ന്  തോന്നുന്നു. തുടര്‍ന്ന്  മമ്മുക്ക കത്രിക എടുത്തപ്പോള്‍ ഉടമ ഉദ്ഘാടനം എം.എല്‍.എ. ആണ് എന്ന് പറഞ്ഞു. അപ്പോള്‍ മമ്മുക്ക  തന്നെ ചെയ്യട്ടെ എന്ന് താന്‍ പറഞ്ഞു. അപ്പോള്‍ ഉടമ പറഞ്ഞു എന്നാല്‍ എം.എല്‍.എ. കൂടി  കൈപിടിച്ചു രണ്ട് പേരും കൂടി ഉദ്ഘാടനം നടത്താന്‍. അങ്ങനെ ഞാന്‍ കൈ തൊടാന്‍ ചെന്നപ്പോള്‍ അദ്ദേഹം കത്രിക എനിക്ക് തന്നു.  മമ്മുക്ക തന്നെ  ചെയ്താല്‍  മതിയെന്നു പറഞ്ഞു കത്രിക ഞാന്‍  തിരികെ കൊടുത്തു. അങ്ങനെ അദ്ദേഹം റിബണ്‍ കട്ട്  ചെയ്തു. ഞാനും കൈ തൊട്ടു. തുടര്‍ന്ന് കത്രിക വാങ്ങി താന്‍ താഴെ  വച്ചു.

എന്നാല്‍ വന്ന വാര്‍ത്തയോ. താന്‍ കത്രിക പിടിച്ചു വാങ്ങി ഉദ്ഘാടനത്തിനു ശ്രമിച്ചെന്നും. ആ വാര്‍ത്ത  തയ്യാറാക്കിയ ആളെ വിളിച്ചപ്പോള്‍ അയാള്‍ ക്ഷമ പറഞ്ഞു. ഒരു തമാശക്ക് ചെയ്തതാണെന്നും പറഞ്ഞു. അത് ഡിലീറ്റ് ചെയ്തുവെന്നും പറഞ്ഞു. എന്തുകാര്യം. അത് ലോകമെന്നും വൈറലായി.

തനിക്ക് അത് കൊണ്ട് ദോഷമൊന്നും വന്നില്ല. പക്ഷെ  എത്ര പേര്‍  അത് സത്യമാണെന്നു  വിശ്വസിച്ചു കാണും.

രാഷ്ട്രീയക്കാര്‍  എല്ലവരും സ്‌നേഹിക്കുന്ന വ്യക്തികളല്ല. പെരുമ്പാവൂരില്‍  എല്ലാവും തനിക്ക് വോട്ട് ചെയ്തിരുന്നുവെങ്കില്‍ എത്ര വോട്ട് തനിക്കു കിട്ടുമായിരുന്നു. എതിരാളികളുടെ വോട്ട് എല്ലാം കൂട്ടിയാല്‍ താന്‍ തോറ്റു പോകുമായിരുന്നു.

അപ്പോള്‍ എല്ലാവരെയും പ്രീതിപ്പെടുത്തുക പറ്റുന്നതല്ല. ചിലര്‍ എന്നെ കോമാളിയായും ഒക്കെ പറയും. എന്നാല്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ അത് ഭംഗിയായി ചെയ്യും. 2010 ല്‍ ജില്ലാ പഞ്ചായത് പ്രസിഡന്റായപ്പോള്‍ ഒരാള്‍ ഉപദേശിച്ചത് ‘ഒരു മകളാണുള്ളത്. അഞ്ചു വര്ഷം കൊണ്ട് കിട്ടാവുന്നതൊക്കെ സമ്പാദിച്ചോണം എന്നാണ്.

എന്നാല്‍ അനര്‍ഹമായി ഒരു  പൈസ പോലും കൈപറ്റില്ലെന്നായിരുന്നു തന്റെ തീരുമാനം. ഇന്ന് വരെയും അതിനു മാറ്റമില്ല. ആ തീരുമാനം കൊണ്ടാണ് രണ്ട് തവണ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന അംഗീകാരം തനിക്കു കിട്ടിയത്.  അമേരിക്കയുടെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ പ്രോഗ്രാമില്‍ ഇവിടെ വരാന്‍ കഴിഞ്ഞത് . അഴിമതിരഹിതനായി പ്രവര്‍ത്തിക്കണമെങ്കില്‍  മറ്റൊരു വരുമാനം വേണം.

ഓണ്‍ലൈനിലൂടെ വാര്‍ത്ത അറിഞ്ഞാലും പത്രത്തില്‍ അത് കണ്ടാലേ തൃപ്തിയാകു. എന്തായാലും മാധ്യമ രംഗത്ത്  മാറ്റങ്ങള്‍ക്കു  വഴിയൊരുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. ചെറുകിട പത്രങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം. സത്യസസന്ധമായ വാര്‍ത്തകള്‍ വരാന്‍ പ്രസ് ക്ലബ് പ്രവര്‍ത്തനം ഉപകരിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

യോഗത്തില്‍ വച്ച് ജീമോന്‍ ജോര്‍ജ് (ചാപ്റ്റര്‍ പ്രസിഡന്റ്), സ്നേഹോപഹാരമായി  ലിബര്‍ട്ടി ബെല്‍  എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്ക് സമ്മാനിക്കുകയുണ്ടായി.

യോഗത്തില്‍ ഷിജോ പൗലോസ് (ഐ.പി.സി.എന്‍.എ ട്രഷറര്‍), ജോര്‍ജ് ജോസഫ് (ഇ-മലയാളി), സാജന്‍ വര്‍ഗീസ് (ട്രൈസ്റ്റേറ്റ് കേരള ഫോറം), രാജു ശങ്കരത്തില്‍ (മലയാളി മനസ്), ഈപ്പന്‍ ദാനിയേല്‍ (പമ്പ മലയാളി അസോസിയേഷന്‍), സാബു സ്‌കറിയ (ഐ.ഒ.സി), സണ്ണി കിഴക്കേമുറി (കോട്ടയം അസോസിയേഷന്‍), റോണി വര്‍ഗീസ്, ഫിലിപ്പോസ് ചെറിയാന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും ധാരാളം ആളുകള്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

ജോര്‍ജ് ഓലിക്കല്‍ നന്ദി പറഞ്ഞു.  സുധാ കര്‍ത്താ, ജോര്‍ജ് നടവയല്‍, ജോബി ജോര്‍ജ്, റോജിഷ് സാമുവേല്‍, സുമോദ് നെല്ലിക്കാല, ജിജി കോശി, സിജിന്‍ പി.സി എന്നിവര്‍  യോഗത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

English Summary:Eldose Kunnampally

എല്ലാ മലയാളികളും ഇപ്പോള്‍ മാധ്യമ  പ്രവര്‍ത്തകര്‍: എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എഎല്ലാ മലയാളികളും ഇപ്പോള്‍ മാധ്യമ  പ്രവര്‍ത്തകര്‍: എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എഎല്ലാ മലയാളികളും ഇപ്പോള്‍ മാധ്യമ  പ്രവര്‍ത്തകര്‍: എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എഎല്ലാ മലയാളികളും ഇപ്പോള്‍ മാധ്യമ  പ്രവര്‍ത്തകര്‍: എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular