Saturday, May 4, 2024
HomeUSAഏറി വരുന്ന വിദ്വേഷ കുറ്റങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കാതെ അധികൃതർ

ഏറി വരുന്ന വിദ്വേഷ കുറ്റങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കാതെ അധികൃതർ

വിദ്വേഷ കുറ്റകൃത്യങ്ങൾ യു എസിൽ തുടർച്ചയായ നാലാം വർഷവും വർധിച്ചു വരുന്നു എന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുമ്പോഴും അവയെ നേരിടാനുള്ള ഉത്സാഹം  അധികൃതരുടെ  ഭാഗത്തു കാണാനില്ലെന്നു വീണ്ടും തെളിയിക്കുന്നതാണ് ടെക്സസിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവം. ഡാളസിൽ അത്താഴം കഴിച്ചു റെസ്റ്റാറ്റാന്റിൽ നിന്നിറങ്ങിയ നാല് ഇന്ത്യൻ അമേരിക്കൻ വനിതകൾക്കു നേരെ ഒരു മെക്സിക്കൻ അമേരിക്കൻ സ്ത്രീ വംശീയ അധിക്ഷേപങ്ങൾ ചൊരിയുകയും തോക്കു ചൂണ്ടി ആക്രമിക്കാൻ ശ്രമിക്കയും ചെയ്തു. പൊലീസ് ഉടൻ രംഗത്തു  വന്നെങ്കിലും കേസ് ചാർജ് ചെയ്യാൻ 20 മണിക്കൂർ സമയം എടുത്തു.

ഡാളസ് സംഭവത്തിനു മുൻപ് കലിഫോണിയയിലെ ഫ്രിമെണ്ടിൽ ഒരു ഇന്ത്യൻ അമേരിക്കനു  നേരെ ഒരാൾ ഹിന്ദു വിരുദ്ധ അസഭ്യം ചൊരിയുകയും കൊല്ലുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. ഇതു വരെ ഈ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്ത്യസ്പോറ പോലെയുള്ള ഇന്ത്യൻ അമേരിക്കൻ സംഘടനകൾ അക്രമത്തെ അപലപിക്കാൻ തെല്ലും വൈകിയില്ല. “ഈ അക്രമങ്ങൾ വ്യക്തികളിൽ നിന്നാണ് ഉണ്ടായതെങ്കിലും അവ വിശാല സമൂഹങ്ങളെ ബാധിക്കുമെന്നതു മറക്കാൻ പാടില്ല” എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജോഷിപുര പറഞ്ഞു. അടിയന്തര നടപടി വേണമെന്നു ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ അമേരിക്കൻ പൗരന്മാർ 4.8 മില്യൺ വരെയുണ്ടു യു എസിൽ. അതിൽ 50% പേരും പറയുന്നത് അവർ വംശീയ വെറിക്കു ഇരയായിട്ടുണ്ട് എന്നതാണ്. ചൈനയിൽ നിന്നു ഉത്ഭവിച്ച കോവിഡിന്റെ പേരിൽ ഉണ്ടായ പ്രതിസന്ധി ഏഷ്യക്കാർക്കു നേരെ രോഷം ഉയർത്തി എന്നതു വാസ്തവമാണ്. ചൈനീസ്-ഇന്ത്യൻ വംശജർ അന്നു ആക്രമണത്തിന് ഇരകളായി.

അതിനു വേണ്ട ഇന്ധനം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുകയും ചെയ്തു. കോവിഡിനെ ‘കുങ് ഫ്ലൂ’ എന്നും ‘ചൈനീസ് ഫ്ലൂ’ എന്നും പരസ്യമായി വിളിച്ച പ്രസിഡന്റ് വംശീയ വെറിക്കു വേണ്ടത്ര വളമിട്ടു കൊടുത്തു. കുടിയേറ്റങ്ങൾ തടയണമെന്ന അദ്ദേഹത്തിന്റെ നയവും അതിനു കാരണമായി. ആഫ്രിക്കൻ അമേരിക്കക്കാർ, യഹൂദർ, ഹിസ്പാനിക്കുകൾ, ലാറ്റിനോകൾ എന്നിങ്ങനെ മറ്റു വിഭാഗങ്ങളും വിദ്വേഷ കുറ്റങ്ങൾക്ക് ഇരയായി.

പ്രസിഡന്റ് ബൈഡൻ 2021 മേയിൽ കൊണ്ടു വന്ന കോവിഡ് 19 ഹേറ്റ് ക്രൈംസ് ആക്ട് അനുസരിച്ചു 40 പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി.

ആഫ്രിക്കൻ അമേരിക്കൻ ജോർജ് ഫ്ളോയ്ഡിനെ പൊലീസ് നിർദയം കൊല ചെയ്തതിനെ തുടർന്നുണ്ടായ സാമൂഹ്യ നീതി സമരങ്ങളും വെള്ളക്കാരന്റെ രോഷം ഉയരാൻ കാരണമായി.

സാൻ ബെർണാർഡിനോയിലെ കലിഫോണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഹേറ്റ് ആൻഡ് എക്സ്ട്രീമിസം പറയുന്നത് 15 വൻ നഗരങ്ങളിൽ വിദ്വേഷ അക്രമം ഈ വർഷം ‘വെറും 5% മാത്രമേ’ വർധിച്ചുള്ളൂ എന്നാണ്. കഴിഞ്ഞ വർഷം 52 പ്രമുഖ നഗരങ്ങളിലായി 30% വർധന ഉണ്ടായിരുന്നു എന്നുപറഞ്ഞു വയ്ക്കുന്നു അവർ.

എന്തായാലും 2022 ൽ ഇതു വരെയുള്ള കണക്കുകൾ കാണിക്കുന്നതു തുടർച്ചയായ നാലാം വർഷവും വിദ്വേഷ കുറ്റങ്ങളിലെ വർധനയാണ്.

ഇന്ത്യൻ അമേരിക്കൻ സമൂഹം ഗുണനിലവാരത്തിലും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയിലും മുന്നിട്ടു നിൽക്കുന്നു എന്നതൊരു സത്യം മാത്രമാണെന്നു നിരീക്ഷകൻ ശ്രീധർ കൃഷ്ണസ്വാമി ചൂണ്ടിക്കാട്ടുന്നു. 1911 ൽ യു എസ് കോൺഗ്രസിന്റെ ഒരു കമ്മിഷൻ പറഞ്ഞത് ഹിന്ദുക്കൾ അമേരിക്കയിൽ വരുന്ന കുടിയേറ്റക്കാരിൽ ‘ഏറ്റവും കുറച്ചു മാത്രം പ്രിയപ്പെട്ടവർ’ എന്നാണ്. എന്നാൽ 110 വർഷങ്ങൾക്കു ശേഷം പ്രസിഡന്റ് ബൈഡൻ പറഞ്ഞത് ഓർക്കുക. നാസ ശാസ്ത്രജ്ഞ സ്വാതി മോഹനോട് അദ്ദേഹം പറഞ്ഞു: “ആശ്ചര്യകരം തന്നെ. ഇന്ത്യൻ വംശജരായ അമേരിക്കക്കാർ ഈ രാജ്യം പിടിച്ചടക്കുകയാണ്. നിങ്ങൾ, എന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, എന്റെ പ്രസംഗം എഴുതുന്ന വിനയ് റെഡ്‌ഡി…നിങ്ങൾ അവിശ്വനീയ മികവുള്ളവരാണ്.”
ബൈഡൻ ഭരണകൂടത്തിൽ 130 ഇന്ത്യൻ അമേരിക്കൻ പൗരന്മാർ സുപ്രധാന സ്ഥാനങ്ങളിലുണ്ട്.

ഈ സമൂഹത്തിൽ ബിരുദമെങ്കിലും ഉള്ളവരാണ് ഏറിയ കൂറും. ഇടത്തരം വരുമാനം $120,000 ആണ്. ഏഷ്യക്കാരിൽ ഏറ്റവും ഉയർന്ന വരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular