Saturday, May 4, 2024
HomeUSAഇടക്കാല തിരഞ്ഞെടുപ്പു കഠിനമാവും എന്ന സൂചന റിപ്പബ്ലിക്കൻ പാർട്ടിക്കും കിട്ടി തുടങ്ങി

ഇടക്കാല തിരഞ്ഞെടുപ്പു കഠിനമാവും എന്ന സൂചന റിപ്പബ്ലിക്കൻ പാർട്ടിക്കും കിട്ടി തുടങ്ങി

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ ഉറപ്പെന്നു കരുതിയിരുന്ന വിജയ തരംഗം ഇപ്പോൾ അകന്നു പോയി എന്ന ആശങ്ക റിപ്പബ്ലിക്കൻ പാർട്ടിയിൽ ഏറി വരുന്നു. പടു കൂറ്റൻ വിജയങ്ങളോടെ പാർട്ടി സെനറ്റും ഹൗസും കൈയ്യടക്കുമെന്നു പ്രവചിച്ചിരുന്ന നിരീക്ഷകർ ഇപ്പോൾ ഒന്നു പിറകോട്ടു വലിഞ്ഞു തുടങ്ങി. എന്നാൽ മത്സരം കടുകട്ടിയാവുന്നു എന്നല്ലാതെ ഡമോക്രാറ്റുകൾ ഉറപ്പായും കോൺഗ്രസ് പിടിക്കുമെന്നു പറയാൻ അവർ തയാറാവുന്നുമില്ല.

ഹൗസിൽ ഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് മറികടന്നു 236 വരെ പോകാൻ ജി ഓ പിക്ക് കഴിയുമെന്ന് പ്രവചിച്ചിരുന്നവർ ഇപ്പോൾ 226 ലേക്ക് അതു കുറച്ചിട്ടുണ്ട്. റിയൽക്ലിയർപൊളിറ്റിക്സ് പോളിംഗ് ശരാശരിയിൽ, കോൺഗ്രസ് പിടിക്കാനുള്ള റിപ്പബ്ലിക്കൻ സാധ്യത ഏപ്രിലിൽ 4.8 പോയിന്റ് ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു പോയിന്റിൽ താഴെ ആയി. പാർട്ടി കോൺഗ്രസിൽ ചരിത്ര വിജയം നേടിയ 2010 നവംബറിൽ നാലു മുതൽ ആറു വരെ പോയിന്റ് ലീഡ് ഉണ്ടായിരുന്നു.

സി ബി എസ് നടത്തിയ ഏറ്റവും ഒടുവിലത്തെ സർവേയിൽ 226 റിപ്പബ്ലിക്കൻ, 209 ഡെമോക്രാറ്റ് എന്നതാണ് ഹൗസിന്റെ പ്രവചനം.

പ്രസിഡന്റ് ജോ ബൈഡന്റെ തൊഴിൽ മികവ് കുത്തനെ ഇടിഞ്ഞു നിന്നതു ഡെമോക്രാറ്റുകളെ ഭീതിയിൽ ആഴ്ത്തിയിരുന്നു. എന്നാൽ ബൈഡൻ ഇപ്പോൾ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. നാല്പതിനു താഴെ വീണ ജനപിന്തുണ ഉയർന്നു 45% വരെ എത്തിയാതായി സി ബി എസ് പോളിങ്ങിൽ കാണുന്നു. അപ്പോഴും 55% അദ്ദേഹത്തെ അംഗീകരിക്കുന്നില്ല.

കഴിഞ്ഞ ചൊവാഴ്ച ന്യു യോർക്കിൽ നടന്ന സ്പെഷ്യൽ ഇലക്ഷനും ഡെമോക്രാറ്റുകൾക്കു വലിയ ആവേശമായി. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി രണ്ടു കക്ഷികളും നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ 19ആം ഡിസ്ട്രിക്ടിൽ നിന്ന് യു എസ് കോൺഗ്രസിലേക്കു ജയിച്ചത് ഡെമോക്രാറ്റ് പാറ്റ് റയാൻ ആയിരുന്നു.

ആ വിജയത്തിൽ പ്രധാനപ്പെട്ട ഒരു ഘടകം ഗർഭഛിദ്ര അവകാശം ആയിരുന്നു. റയാൻ അതിൽ മുറുകെ പിടിച്ചപ്പോൾ എതിരാളിയുടെ പ്രധാന മന്ത്രം വിലക്കയറ്റം ആയിരുന്നു. വിലകൾ കുറയുമ്പോൾ — പ്രത്യേകിച്ച് ഗ്യാസോലിൻ — ജി ഓ പിക്ക് മെച്ചവും കുറയുന്നു. എന്നാൽ ഗർഭഛിദ്രവകാശം അങ്ങിനെയല്ല. അത് നീണ്ടു പോകുന്ന വലിയൊരു പോരാട്ടത്തിൽ പ്രധാന വിഷയമാണ്. സ്ത്രീകൾ പ്രത്യേകിച്ചും ആ വിഷയത്തിൽ ഡെമോക്രാറ്റുകൾക്കു വോട്ടു  ചെയ്യും എന്നാണു കരുതപ്പെടുന്നത്. വോട്ട് ചെയ്യാൻ ഇടയുള്ള 41% ആണ് സർവേയിൽ ഗര്ഭച്ഛിദ്രവകാശത്തിനു വേണ്ടി വോട്ട് ചെയ്യും എന്നു പറഞ്ഞത്. 16% അതിനെ എതിർക്കുമ്പോൾ 43% പറയുന്നത് അതൊരു വിഷയമല്ല എന്നാണ്.

ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രൈമറികളിൽ നേടിയ വിജയങ്ങൾ ആ പാർട്ടിക്കു കെണിയാവാം എന്ന വസ്തുതയുമുണ്ട്. ബഹുഭൂരിപക്ഷം റിപ്പബ്ലിക്കന്മാരും അദ്ദേഹത്തോടൊപ്പമാണെന്നു കരുതപ്പെടുന്നു. എന്നാൽ ഇവിടെ രണ്ടു പ്രശ്നങ്ങളുണ്ട്: ഒന്ന്, അദ്ദേഹം ഇറക്കിയ സ്ഥാനാർത്ഥികൾക്ക് അടി പതറുന്നതായാണ് കാണുന്നത്. രണ്ട്, അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വിഷയത്തിന് — വിലക്കയറ്റം — പ്രസക്തി കുറഞ്ഞു വരുന്നു.

ജനാധിപത്യ ധ്വംസനം ജനങ്ങളെ അസ്വസ്ഥരാക്കുന്ന വിഷയങ്ങളിൽ പ്രധാനമാണെന്ന പുതിയ കണ്ടെത്തലും ട്രംപിന് ക്ഷീണമാണ്. അദ്ദേഹത്തിന്റെ അനുയായി സ്ഥാനാർഥികളിൽ ഏറിയ കൂറും 2020 തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന തെളിയിക്കാത്ത ആരോപണം ചുമക്കുന്നവരാണ്. അത് ജനാധിപത്യ ധ്വംസനം തന്നെയാണ്. ഭരണഘടനയിലും നിയമം നടപ്പാക്കുന്നതിലും വിശ്വാസമില്ലാത്തവർക്കു ജനാധിപത്യത്തിൽ എന്തു പ്രസക്തി.

ട്രംപിന്റെ വഴിയേ പോകുന്നവർ എന്തായാലും റിപ്പബ്ലിക്കന്മാർ തന്നെ. പക്ഷെ അവരല്ലല്ലോ അന്തിമ തീർപ്പു നിർണയിക്കുന്നത്. സ്വതന്ത്ര വോട്ടർമാർ ട്രംപിനെ ശാപമായാണ് കാണുന്നത്. പോളിങ്ങിൽ 75% പേരും അദ്ദേഹത്തെ നഖശിഖാന്തം എതിർക്കുന്നു. ബൈഡനോട് എതിർപ്പുള്ളവരേക്കാൾ എത്രയോ ഇരട്ടി.

ട്രംപിന്റെ ഫ്‌ളോറിഡയിലെ വീട്ടിൽ നടന്ന തിരച്ചിൽ ജനാധിപത്യത്തിന്റെ സുരക്ഷയ്ക്കാണെന്നു അവർ കരുതുന്നു. റിപ്പബ്ലിക്കൻ വോട്ടർമാർ അതിനെ രാഷ്ട്രീയ പകപോക്കലായാണ് കണ്ടത്. എന്നാൽ 85% ഡെമോക്രാറ്റുകളും 59% സ്വതന്ത്രരും റെയ്‌ഡിനെ ന്യായീകരിക്കുന്നു. എതിർത്ത റിപ്പബ്ലിക്കന്മാർ 80% ഉണ്ട്. എന്നാൽ 20% പറയുന്നത് തെരച്ചിൽ ന്യായമായിരുന്നു എന്നാണ്.

വെള്ളക്കാരിൽ കോളജ് ഡിഗ്രി ഉള്ള സ്ത്രീകളുടെ പിന്തുണ ഡെമോക്രാറ്റുകൾക്കു ജൂലൈയിൽ 45% ആയിരുന്നെങ്കിൽ ഇപ്പോൾ 54 ആയി. റിപ്പബ്ലിക്കൻസിനു ജൂലൈയിൽ 39% പിന്തുണ ഉണ്ടായിരുന്നത് 41 ആയി മാത്രമാണ് ഉയർന്നത്.

ഗ്യാസ് വില കുറയുന്നതായി 53% പേർ പറയുമ്പോൾ മാറ്റമില്ല എന്നാണ് 25% പറഞ്ഞത്.

അമേരിക്കയുടെ ഗതി ശരിയാണെന്നു ജൂലൈയിൽ പറഞ്ഞത് 39% ആയിരുന്നെകിൽ ഇപ്പോൾ അത് 52% ആയി. അതായത് ഭൂരിപക്ഷം ബൈഡന്റെ ഭരണത്തിൽ നേട്ടം കാണുന്നു. ബൈഡൻ കൊണ്ടു വന്ന പണപ്പെരുപ്പ നിയന്ത്രണ നിയമത്തെ 55% അംഗീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വായ്‌പാ ഇളവ് കൊടുത്തതിനെ 54% പേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular