Saturday, May 4, 2024
HomeKeralaയുവതിയുടെ മാതാവ് മുസ്ലീം, വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് കൊച്ചി നഗരസഭ; മതം നോക്കേണ്ടെന്ന് ഹൈക്കോടതി

യുവതിയുടെ മാതാവ് മുസ്ലീം, വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് കൊച്ചി നഗരസഭ; മതം നോക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കള്‍ രണ്ട് മതത്തിലുള്‍പ്പെട്ടവരാണെന്ന് പറഞ്ഞ് മകളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതിരുന്ന കൊച്ചി ന​ഗരസഭയ്ക്കെതിരെ ഹൈക്കോടതി.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കൊച്ചി നഗര സഭ വിസമ്മതിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

മാതാപിതാക്കള്‍ രണ്ട് മതത്തില്‍പ്പെട്ടവരാണ് എന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. വിവാഹം നടന്നിരിക്കണമെന്നതാണ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്‌, മതത്തിന്‌ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പിആര്‍ ലാലനും ഭാര്യ ഐഷയും കൊച്ചി കോര്‍പറേഷനിലെ മാര്യേജ് ഓഫിസറായ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയാണ് നിരസിച്ചത്.

ഹിന്ദു ആചാര പ്രകാരം 2001 ഡിസംബര്‍ രണ്ടിനാണ് വിവാഹം നടന്നത്. യുവതിയുടെ മാതാവ് മുസ്ലീം ആണ്. യുവതിയുടെ അമ്മ മുസ്ലീം ആയതിനാല്‍ സ്‌പെഷല്‍ മാരേജ് ആക്‌ട് പ്രകാരമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. എന്നാല്‍ മാതാപിതാക്കളുടെ മതം വിവാഹം രജിസ്‌ട്രേഷന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പോലെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജിവിച്ചിരുന്ന മണ്ണാണിത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണ് ഇത് എന്ന ഓര്‍മ്മ വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular