Thursday, May 2, 2024
HomeUSAഋഷി സുനകിന്റെ ബ്രിട്ടന്റെ അവസ്ഥ അറിഞ്ഞാല്‍ ഞെട്ടും

ഋഷി സുനകിന്റെ ബ്രിട്ടന്റെ അവസ്ഥ അറിഞ്ഞാല്‍ ഞെട്ടും

രുകാലെത്ത സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇന്ന് അനുഭവിക്കുന്നത് വന്‍ കെടുതികളെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ലിസ് ട്രെസ്സിന്റെ രാജിയും, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്ഥിത്വവുമെല്ലാം ലോകംമുഴുവന്‍ ചര്‍ച്ചയാകുമ്ബോള്‍ ബ്രിട്ടനിലെ സാമ്ബത്തിക തകര്‍ച്ചയുടെ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

‘ദി ഗാര്‍ഡിയന്‍’ ഉള്‍പ്പടെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങളനുസരിച്ച്‌ ഭക്ഷണത്തിനുപോലും അവിടത്തെ പൗരന്മാര്‍ ബുദ്ധിമുട്ടുകയാണ്. യുകെയിലെ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായപ്പോള്‍, സെപ്റ്റംബറില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു. അതായത് കോവിഡ് ലോക്ഡൗണിന്റെ ആദ്യ ആഴ്ചകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പട്ടിണിയിലാണ് എന്നാണ് ഫുഡ് ഫൗണ്ടേഷന്‍ ചാരിറ്റി സര്‍വ്വേ പറയുന്നത്.

ഫുഡ് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സര്‍വ്വേ അനുസരിച്ച്‌, കഴിഞ്ഞ ജനുവരി മുതല്‍ യു.കെയില്‍ വിശപ്പിന്റെ അളവ് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. ഏകദേശം 10 ദശലക്ഷം മുതിര്‍ന്നവര്‍ക്കും നാല് ദശലക്ഷം കുട്ടികള്‍ക്കും കഴിഞ്ഞ മാസം എന്നത്തേയും പോലെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. ചില സ്ഥലങ്ങളിലെ വിശന്നു വലഞ്ഞ സ്കൂള്‍ കുട്ടികള്‍ സഹപാഠികളില്‍ നിന്ന് ഭക്ഷണം മോഷ്ടിക്കുകയും സ്‌കൂള്‍ ഭക്ഷണം വാങ്ങാനുള്ള സാമ്ബത്തികം ഇല്ലാത്തതുകൊണ്ട് ഉച്ചഭക്ഷണം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ചിലരാണെങ്കില്‍ ഒരു കഷ്ണം റൊട്ടി മാത്രം കഴിച്ച്‌ ഒരു ദിവസം വിശപ്പടക്കുന്നുണ്ട്. ഇത്തരത്തില്‍ 800,000 കുട്ടികള്‍ ആണ് കെടുതികള്‍ അനുഭവിക്കുന്നത്.

പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധന്‍ സര്‍ മൈക്കല്‍ മാര്‍മോട്ട് വിശപ്പിന്റെ ഈ വര്‍ധനവിനെ ‘അപകടകരം’ എന്നാണ് വിളിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം, മാനസികരോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ വര്‍ധിക്കുകയും സമൂഹത്തിന്റെ മോശമായ അവസ്ഥയ്ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം ഗാര്‍ഡിയനോട് പറഞ്ഞു.

കാരണങ്ങള്‍

ബ്രിട്ടന്റെ പ്രതിസന്ധിക്ക് പല കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡും റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശവും കാരണം യു.കെയില്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നു. ഇതുകാരണം താഴ്ന്ന വരുമാനമുള്ള അഞ്ച് കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭക്ഷണ ദൗര്‍ലഭ്യം നേരിട്ടതായി ഫുഡ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇടക്ക് ഉണ്ടായ വരള്‍ച്ചയും ഉയര്‍ന്ന വാതക വിലയും കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധി ബ്രിട്ടണ്‍ നേരിടുന്നത് എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ജൂണില്‍ ആണ് ഭക്ഷ്യ അരക്ഷിതാവസ്ഥ ബ്രിട്ടനിലെ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു എന്ന തരത്തില്‍ ആദ്യമായി വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ പബ്ബുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടലിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ പല സ്ഥാപനങ്ങളും സര്‍ക്കാറിനോട് കൂടുതല്‍ സാമ്ബത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

സുനകിനെ കാത്തിരിക്കുന്നത്

രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിവാണ ബ്രിട്ടന്റെ ഭരണാധികാരിയായി ഒരു ഇന്ത്യന്‍ വംശജന്‍ എത്തുന്നു എന്നതാണ് ഋഷി സുനകിന്റെ വരവില്‍ നാം കാണുന്ന പ്രത്യേകത. ഭരണകക്ഷിയിലെ പകുതിയിലധികം എംപിമാരുടെ പിന്തുണ ലഭിച്ചെങ്കിലും ഋഷി സുനക് പാര്‍ട്ടിക്കുള്ളില്‍ അത്ര സ്വീകാര്യനല്ല. വിപ്ലവകരമായ സാമ്ബത്തികമാറ്റം പ്രതീക്ഷിച്ച്‌ ലിസ് ട്രസ് ഭരണകൂടം അവതരിപ്പിച്ച ബജറ്റ് വന്‍തകര്‍ച്ചയിലേക്ക് വഴിതെളിക്കുമെന്ന ബോധ്യമാണ് സുനകിന് വഴി തുറന്നുകൊടുത്തത്. ചുരുക്കത്തില്‍ സുനകിന്റെ സ്വീകാര്യതയല്ല, ലിസ് ട്രസിന്റെ പിടിപ്പുകേടാണ് വീണ്ടുമൊരു ഭരണമാറ്റത്തിന് വഴിതെളിച്ചത്.

മികച്ച സാമ്ബത്തിക വിദഗ്ധനായാണ് സുനക് അറിയപ്പെടുന്നത്. തകര്‍ച്ച നേരിടുന്ന ബ്രിട്ടിഷ് സമ്ബദ്‍വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കുമെന്ന വിശ്വാസം മാത്രമാണ് നിലവില്‍ അനുകൂലമായ ഘടകം. 10% വരെ വിലക്കയറ്റം നേരിടുന്ന രാജ്യത്ത് സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കാനും നികുതി നിരക്ക് വര്‍ധിപ്പിക്കാനും അദ്ദേഹം നിര്‍ബന്ധിതനാവും. സര്‍ക്കാര്‍ചെലവ് കുറയ്ക്കുന്നത് സമ്ബത്തിക മാന്ദ്യത്തിന് വഴിതെളിച്ചേക്കാം. നികുതി വര്‍ധിപ്പിച്ചാല്‍ ഊര്‍ജനികുതിയും ഉയര്‍ത്തിയേക്കും. യുക്രെയ്ന്‍-റഷ്യ യുദ്ധം മൂലം കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ മൂന്നിരട്ടിയായ ഊര്‍ജവില അതോടെ വീണ്ടും വര്‍ധിക്കും.

കുടിയേറ്റക്കാര്‍ക്ക് ഇടം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. വീസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങുന്നവരില്‍ കൂടുതല്‍ ഇന്ത്യക്കാരാണെന്ന മുന്‍ ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രേവെര്‍മന്റെ പ്രസ്താവന സാധാരണ ജനങ്ങളുടെ വികാരം വിളിച്ചറിയിക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ ആവശ്യപ്പെടുന്നത്ര ഉദാരമായ വീസ നയം സ്വീകരിക്കാന്‍ സുനക് ഭരണകൂടത്തിന് ബുദ്ധിമുട്ടായിരിക്കും. ചുരുക്കത്തില്‍ സുനകിനെ കാത്തിരിക്കുന്നത് മുള്‍ക്കിരീടമാണെന്നത് തീര്‍ച്ചയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular