Tuesday, April 30, 2024
HomeIndiaഅതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന; എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്‍റ് നിര്‍മ്മിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന; എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്‍റ് നിര്‍മ്മിച്ചു

കമാൻഡർതല ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ചൈന തയ്യാറായിട്ടില്ല. ഇതിനിടെയാണ് എട്ടിടത്ത് കൂടി ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്.

ദില്ലി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന (china). യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളിൽ ചൈന സൈനികർക്കായുള്ള ടെന്‍റുകള്‍ നിർമ്മിച്ചു. കൂടുതൽ വ്യോമതാവളങ്ങൾ ചൈന ഒരുക്കുന്നെന്ന റിപ്പോർട്ടും പുറത്തു വന്നു. ഗൽവാനിലെ ഇന്ത്യ-ചൈന സംഘർഷത്തിന് ഒന്നര വർഷത്തിന് ശേഷവും അതിർത്തിയിലെ സ്ഥിതിയിൽ മാറ്റമില്ല. പാങ്കോംഗ് തടാകത്തിന്‍റെ (Pangong) രണ്ട് തീരത്ത് നിന്നും നേരത്തെ സൈന്യത്തെ പിൻവലിച്ചിരുന്നു. ദോഗ്രയിൽ നിന്ന് പിൻമാറ്റത്തിനും ധാരണയായി. എന്നാൽ ഈ പിൻമാറ്റം ഇപ്പോഴും മന്ദഗതിയിലാണ്.

കമാൻഡർതല ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ചൈന തയ്യാറായിട്ടില്ല. ഇതിനിടെയാണ് എട്ടിടത്ത് കൂടി ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. വഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങി ഇടങ്ങളിലാണ് ചൈനീസ് പട്ടാളത്തിനായുള്ള കൂടാരങ്ങളും മറ്റ് നിർമ്മാണങ്ങളും ദൃശ്യമാകുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചെറു വ്യോമതാവളങ്ങളുടെയും ഹെലിപാഡുകളുടെയും നിർമ്മാണവും ചൈന തുടരുന്നു എന്നാണ് സൂചന. തല്‍ക്കാലം പിന്മാറ്റത്തിന് ചൈനീസ് സേന തയ്യാറല്ല എന്ന സന്ദേശമാണിത്.

അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി നല്‍കാനുള്ള സന്നാഹം ഇന്ത്യയ്ക്കുമുണ്ടെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു. 50,000 സൈനികരെയാണ് സംഘർഷം തുടങ്ങിയ ശേഷം നിയന്ത്രണ രേഖയിൽ വിന്യസിച്ചത്. ഹൗവിറ്റ്സർ തോക്കുകളും മിസൈലുകളും വിന്യസിച്ചതും പിൻവലിച്ചിട്ടില്ല. കൂടുതൽ നിർമ്മാണങ്ങൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ ഉന്നതതലത്തിൽ വിലയിരുത്തും. ചൈന അടിക്കടി ഗോൾപോസ്റ്റുകൾ മാറ്റുകയാണെന്ന് ബീജിംഗിലെ ഇന്ത്യൻ അംബാസിഡർ വിക്രം മിസ്രി കുറ്റപ്പെടുത്തി. ക്വാഡ് ഉച്ചകോടിയിലും യുഎന്നിലും ചൈനയ്ക്കെതിരായ പരോക്ഷ നിലപാട് നരേന്ദ്ര മോദി സ്വീകരിച്ച ശേഷമാണ് അതിർത്തിയിലെ ഈ പ്രകോപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular