Saturday, May 4, 2024
HomeIndia"ഇന്ത്യൻ ക്രിക്കറ്റര്‍മാര്‍ ധനികരാണ്. വിദേശ ലീഗുകളില്‍ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി

“ഇന്ത്യൻ ക്രിക്കറ്റര്‍മാര്‍ ധനികരാണ്. വിദേശ ലീഗുകളില്‍ കളിക്കേണ്ട ആവശ്യമില്ല “- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി

ന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന ടൂർണമെന്റ് തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന കാര്യത്തില്‍ സംശയമില്ല. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടൂർണമെന്റും ഐപിഎല്‍ തന്നെയാണ്.

ലോകത്താകമാനമുള്ള വമ്ബൻ ക്രിക്കറ്റർമാരൊക്കെയും ഐപിഎല്ലില്‍ അണിനിരക്കാറുണ്ട്. എന്നാല്‍ മറുവശത്ത് ഇന്ത്യൻ താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാൻ അവസരം ലഭിക്കാറുമില്ല.

ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഒരു താരത്തിന് പോലും വിദേശ ലീഗില്‍ കളിക്കണമെങ്കില്‍ ബിസിസിഐയുടെ അനുമതി അനിവാര്യമാണ്. ഇക്കാര്യത്തെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗും മുൻ ഓസ്ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റും സംസാരിക്കുന്നത്.

എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാത്തത് എന്ന ആദം ഗില്‍ക്രിസ്റ്റിന്റെ ചോദ്യത്തിന് വീരേന്ദർ സേവാഗിന്റെ മറുപടി വളരെ രസകരമായിരുന്നു. “ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് എന്നെങ്കിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാൻ കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ” എന്നായിരുന്നു ഗില്ലിയുടെ ചോദ്യം.”

ഇതിന് സേവാഗ് നല്‍കിയ ഉത്തരം ഇങ്ങനെയാണ്. “അതിന്റെ ആവശ്യം ഇന്ത്യൻ താരങ്ങള്‍ക്ക് ഇല്ലല്ലോ. ഞങ്ങള്‍ ധനികരായ ക്രിക്കറ്റർമാരാണ്. ദരിദ്ര രാജ്യങ്ങളില്‍ ക്രിക്കറ്റ് കളിക്കാൻ ഞങ്ങള്‍ പോവാറില്ല.”- ഒരു ചെറു ചിരിയോടെ വീരേന്ദർ സേവാഗ് മറുപടി പറഞ്ഞു.

മാത്രമല്ല മുൻപ് തനിക്കുണ്ടായ ഒരു അനുഭവത്തെപ്പറ്റിയും സേവാഗ് പറയുകയുണ്ടായി. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് തനിക്ക് വന്ന ഓഫറിനെ പറ്റിയാണ് സേവാഗ് സംസാരിച്ചത്. “അക്കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ സമയത്ത് ഞാൻ ഐപിഎല്ലില്‍ വളരെ സജീവമായിരുന്നു. ആ സമയത്ത് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാൻ വലിയൊരു ഓഫർ എനിക്ക് ലഭിച്ചിരുന്നു. അന്ന് ഞാൻ ചോദിച്ചത് എനിക്ക് എത്ര രൂപ തരുമെന്നാണ്. അവർ ഓഫർ ചെയ്തത് ഒരു ലക്ഷം ഡോളർ ആയിരുന്നു. എന്നാല്‍ ആ തുകയില്‍ ഞാൻ തൃപ്തനായിരുന്നില്ല. ഈ തുക കൊണ്ട് ഒരു അവധിക്കാലം ചിലവഴിക്കാൻ മാത്രമേ എനിക്ക് സാധിക്കൂ എന്ന് ഞാൻ അവരോട് പറഞ്ഞു. കഴിഞ്ഞ രാത്രിയിലെ ബില്ല് പോലും ഒരു ലക്ഷം ഡോളറാണെന്ന് ഞാൻ പറഞ്ഞു – സേവാഗ് ഓർമ പുതുക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാൻ അനുമതി നല്‍കാത്തതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്. ട്വന്റി20 ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകള്‍ പല രാജ്യങ്ങളിലായി നടക്കുന്നതിനാല്‍ തന്നെ മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാൻ ഇന്ത്യൻ താരങ്ങള്‍ക്ക് അതൊരു അവസരം തന്നെയായിരുന്നു. എന്നാല്‍ ബിസിസിഐ കൃത്യമായ ഇടപെടലിലൂടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ മറ്റു ഫ്രാഞ്ചൈസി ലീഗുകളില്‍ നിന്നും മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular