Monday, June 17, 2024
HomeUSAബോള്‍ ആകൃതിയില്‍ ഒരു വിചിത്ര രൂപം; നിറയെ രോമങ്ങള്‍, തലയും വാലും ഇല്ല; യുവതിയുടെ ക്യാമറയില്‍...

ബോള്‍ ആകൃതിയില്‍ ഒരു വിചിത്ര രൂപം; നിറയെ രോമങ്ങള്‍, തലയും വാലും ഇല്ല; യുവതിയുടെ ക്യാമറയില്‍ പതിഞ്ഞ രൂപം കണ്ട് ഞെട്ടി!

കാനഡയില്‍ ഇപ്പോള്‍ മഞ്ഞു പെയ്യുകയാണ്. തന്റെ ക്യാമറയും തൂക്കി ശൈത്യകാലത്തിന്റെ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ഇറങ്ങിയ ടെയ്‌ലര്‍ ബോര്‍ത്ത് എന്ന യുവതിയുടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

കാനഡയിലെ ഒരു പാര്‍ക്കില്‍ വച്ച്‌ എടുത്ത ചിത്രമാണ് ടെയ്‌ലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.

ശരീരം മുഴുവന്‍ രോമം നിറഞ്ഞ ബോള്‍ ആകൃതിയിലുള്ള ഒരു രൂപം. തലയും കാണാനില്ല, വാലും കാണാനില്ല. മഞ്ഞില്‍ അനങ്ങാതെ ഇരിക്കുന്ന എന്തോ ഒന്ന്! ടെയ്ലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം എന്താണെന്നറിയാന്‍ പലരും തിരക്കു കൂട്ടി. അവസാനം ടെയ്ലര്‍ അത് വെളിപ്പെടുത്തി. അത് മറ്റൊന്നുമല്ല, കാനഡയുടെ ദേശീയ മൃഗം തന്നെ. ബീവര്‍!

മഞ്ഞില്‍ കളിക്കുന്ന ബീവറുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുമ്ബോഴായിരുന്നു വ്യത്യസ്തമാര്‍ന്ന കോണില്‍ നിന്നും ചിത്രം എടുക്കാന്‍ സാധിച്ചത്. കാണുന്നവര്‍ക്ക് അത് എന്ത് മൃഗമാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഒരു ചിത്രം എടുത്തു. ‘എന്റെ ക്യാമറ കണ്ണുകളില്‍ നിന്നും ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ ബീവര്‍. ആ സമയത്ത് എടുത്ത ചിത്രം. ഈ ഫോട്ടോ ആളുകളെ വളരെയധികം ആകര്‍ഷിക്കുമെന്നും അവരില്‍ അതിശയം സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു’ എന്ന് ടെയ്‌ലര്‍ ബോര്‍ത്ത് പറഞ്ഞു. ബീവറുകളുടെ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ ടെയ്‌ലര്‍ ബോര്‍ത്ത് പകര്‍ത്തിയിട്ടുണ്ട്. ചെറിയ ചിരി സമ്മാനിക്കുന്നതും, മരകഷ്ണം കടിച്ചു മുറിക്കുന്നതുമായ ബീവറുകളുടെ ചിത്രവും ടെയ്ലര്‍ പങ്കുവെച്ചിട്ടുണ്ട്.

കാട്ടിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന ജീവിയാണ് ബീവര്‍. അണക്കെട്ടു നിര്‍മ്മാണത്തില്‍ അതിവിദഗ്ദരാണ് ബീവറുകള്‍. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളും ഉപയോഗിച്ച്‌ മരങ്ങള്‍ മുറിച്ച്‌ കാട്ടില്‍ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിര്‍ത്തി അതിനു നടുവില്‍ തന്നെ ബീവറുകള്‍ വീടും ഒരുക്കും. മരച്ചില്ലകളും ചളിയും ഉപയോഗിച്ചാണ് വീടുനിര്‍മ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതില്‍. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് ഐസാകുമ്ബോള്‍ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാര്‍ഗ്ഗങ്ങളും ബീവര്‍ വീടുനിര്‍മ്മിക്കുമ്ബോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്ബോള്‍ മഞ്ഞുരുകി ജലനിരപ്പുയര്‍ന്നാലും വീടിനെ രക്ഷിക്കാന്‍ മാര്‍ഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. കാട്ടിലെ എഞ്ചിനീയര്‍ എന്ന വിശേഷണത്തിന് ബീവര്‍ തികച്ചും യോഗ്യനാണ്.

RELATED ARTICLES

STORIES

Most Popular