Saturday, May 4, 2024
HomeIndiaലഖിംപൂര്‍ ഖേരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി; മൃതദേഹങ്ങളുമായി പ്രതിഷേധിച്ച് കർഷകർ

ലഖിംപൂര്‍ ഖേരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി; മൃതദേഹങ്ങളുമായി പ്രതിഷേധിച്ച് കർഷകർ

ഉത്തർപ്രദേശ്: ലഖിംപൂര്‍ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. രാജ്യ വ്യാപക പ്രതിഷേധത്തിനാണ് കർഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ പൊലീസ് കേസെടുത്തു.

ഇതിനിടയിൽ കർഷക കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രക്കിടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖിംപൂർ ഖേരിയ്ക്ക് സമീപം ഹർഗാവിൽ വെച്ച് പ്രിയങ്കയെ അറസ്റ്റ് ചെയ്തത് .

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അഖിലേഷിനെ പൊലീസ് തടഞ്ഞു. അഖിലേഷിന്റെ വസതിയ്ക്ക് സമീപവും സംഘർഷാവസ്ഥ തുടരുകയാണ്.

അതേസമയം, വാഹനം ഇടിച്ചു കയറ്റി കൊല്ലപ്പെട്ട കർഷകരുടെ എണ്ണം ഒമ്പതായി ഉയർന്നു. ഇന്നലെ എട്ട് പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇന്ന് പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ചത്. കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ കർഷകരാണ്.

കർഷക സമരത്തിനെതിരായി അജയ് മിശ്രയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കെതിരെ മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് മൗര്യയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അജയ് മിശ്ര.

പ്രതിഷേധിക്കാനെത്തിയ കർഷകർക്ക് നേരെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയതോടെ പ്രകോപിതരായ കർഷകർ ഒത്തുകൂടി. മന്ത്രിയുടെ വാഹനവ്യൂഹങ്ങളിൽ ഒന്നിന് തീയിട്ടു. സംഭവത്തിൽ മകൻ ആശിഷ് മിശ്രയ്ക്ക് പങ്കില്ലെന്ന് വാദിച്ച് മന്ത്രി അജയ് മിശ്ര രംഗത്തെത്തുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.

പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. അതേസമയം ജനങ്ങൾ ശാന്തരാകണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഉത്തർപ്രദേശ് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular