Saturday, May 4, 2024
HomeUSAമാഗിന്റെ 2023 വർഷത്തെ കർമ്മ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു

മാഗിന്റെ 2023 വർഷത്തെ കർമ്മ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു

ഹ്യൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) അതിൻറെ മുപ്പത്തിയേഴാം വർഷത്തിലേക്ക് കാലെടുത്ത് വെച്ചുകൊണ്ടുള്ള കർമ്മ പരിപാടികൾക്ക് ആരംഭമായി. പ്രശസ്ത നടനും എഴുത്തുകാരനും, സംവിധായകനും നിർമ്മാതാവുമായ  തമ്പി ആന്റണി മാഗിന്റെ 2023 വർഷത്തെ പ്രവർത്തനങ്ങൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ട്രഷറർ ജോർജ് വർഗീസിന്റെ സ്വാഗതപ്രസംഗത്തോടെ യോഗ നടപടികൾ ആരംഭിച്ചു. ഹ്യൂസ്റ്റൺ പ്രദേശങ്ങളിലുള്ള എല്ലാ മലയാളി അസോസിയേഷനുകളുടെയും മാതൃ സംഘടനയായ മാഗ് പുതിയ ഉയരങ്ങൾ താണ്ടുമ്പോൾ അത് പ്രവാസികളായ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് എന്ന് ഉൽഘാടന പ്രസംഗത്തിൽ തമ്പി ആന്റണി പറഞ്ഞു.

2023 വർഷത്തെ കർമ്മ പരിപാടികളെ പറ്റിയും സ്വപ്ന പദ്ധതിയെപ്പറ്റിയും തുടർന്ന് പ്രസഡന്റ് ജോജി ജോസഫ് ചുരുങ്ങിയ വാക്കുകളിൽ പറയുകയുണ്ടായി. മാഗിന്റെ മുൻകാല നേതാക്കൾ ഹ്യൂസ്റ്റൺ മലയാളികൾക്കായി നിൽകിയ സേവനങ്ങൾക്ക് നന്ദി അർപ്പിക്കുകയും അവരുടെ നല്ല മാതൃകകൾ പിന്തുടരുവാൻ തന്റെ എല്ലാ ബോർഡ് മെമ്പർമാരും ശ്രമിക്കുമെന്നും ജോജി ജോസഫ് ഓർമ്മപ്പെടുത്തി.  ചുരുങ്ങിയ ഒന്നര മാസത്തിനുള്ളിൽ നാല്പതോളം പുതിയ ആളുകൾ മാഗിന്റെ ആജീവാനന്ത  അംഗത്വം എടുത്തതും ഒരു നേട്ടമായി കാണുന്നു എന്നും ജോജി കൂട്ടിച്ചേർത്തു. നൂറോളം ആളുകൾക്ക് കാഴ്ച ശക്തി തിരികെ ലഭിക്കുവാൻ സഹായകമായ  2022 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ ഈ വർഷവും നടത്തുവാൻ ശ്രമിക്കുമെന്നും   ജോജി ജോസഫ് അറിയിച്ചു.

പുതിയ തലമുറയെ മലയാളവും കേരളവും അതിൻറെ സംസ്കാരിക തനിമയും മനസ്സിലാക്കുവാൻ ഒരു മലയാളം പാഠ്യപദ്ധതി കേരള സർക്കാരിൻറെ മലയാളം മിഷനുമായി  യോജിച്ച് ആരംഭിച്ചതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ്  ഓസ്റ്റിൻ മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ദർശനാ മനായത്ത് ശശി മാഗിന്റെ മലയാളം പാഠ്യപദ്ധതി ഉദ്ഘാടനം ചെയ്തു.

ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു  മുഖ്യ പ്രഭാഷണവും , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മോട്ടിവേഷണൽ സന്ദേശവും നൽകി.

വൈവിധ്യമാർന്ന നിരവധി കലാപരിപാടികൾ ഉദ്ഘാടന പരിപാടിയുടെ മാറ്റ് വർദ്ധിപ്പിക്കുകയും വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖ വ്യക്തികൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

സ്റ്റാഫോർഡ് സിറ്റി പ്രോ ടെം മേയർ കെൻ മാത്യു, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ്, ഫോമാ , ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യ പ്രസ് ക്ലബ്, വൈറ്റേഴ്സ് ഫോറം , ഐസിഇസിഎച്ച് , നഴ്സസ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

പ്രോഗ്രാം കോഡിനേറ്ററായി ആൻറണി ചെറുവും യൂത്ത് കോഡിനേറ്ററായ മെർലിൻ സാജൻ എംസിയായും പ്രവർത്തിച്ച ഉദ്ഘാടന ചടങ്ങിൽ  മാഗ് സെക്രട്ടറി മെവിൻ ജോൺ എബ്രഹാം  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തതോടെ ഉദ്ഘാടന പരിപാടികൾക്ക് വിരാമമായി. പരിപാടിയിൽ വന്നുചേർന്നവർക്ക് വിഭവസമൃദ്ധമായ അത്താഴം ക്രമീകരിക്കുകയും ചെയ്തു.

അജു വരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular