Saturday, May 4, 2024
HomeUSAലേ-ഓഫ് ചെയ്യപ്പെടുന്ന H-1B വിദഗ്ധർക്കു മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ യുഎസ് വിടേണ്ട സ്ഥിതി

ലേ-ഓഫ് ചെയ്യപ്പെടുന്ന H-1B വിദഗ്ധർക്കു മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ യുഎസ് വിടേണ്ട സ്ഥിതി

യുഎസ് സാങ്കേതിക മേഖലയിൽ വ്യാപകമായി നടപ്പാക്കുന്ന അടച്ചുപൂട്ടൽ പ്രവാസികളെ കഷ്ടത്തിലാക്കുന്നു. ജോലി ഇല്ലെങ്കിൽ യുഎസ് വിട്ടു പോകേണ്ടി വരുമെന്ന ഭീതിയാണ് പ്രവാസി സമൂഹത്തിൽ. ഈ വിഭാഗത്തിൽ പ്രധാനമായും ഇന്ത്യക്കാരാണ് കൂടുതൽ എന്നോർമിക്കുക.

അസാമാന്യ തൊഴിൽ മികവുള്ളവരെ താത്കാലിക വിസയിൽ കൊണ്ടു വരാൻ അനുമതി നൽകുന്ന നിയമം പ്രയോജനപ്പെടുത്തിയാണ് യുഎസ് കമ്പനികൾ ഇവരെ ഇവിടെ എത്തിച്ചിട്ടുള്ളത്. അവരിൽ പലരും ദീർഘകാലം ഇവിടെ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലേ-ഓഫ് ചെയ്യപ്പെട്ട പലർക്കും 60 ദിവസം കഴിഞ്ഞാൽ വിസ ഇല്ലാതാവും. മറ്റൊരു തൊഴിൽ കണ്ടെത്തിയില്ലെങ്കിൽ യുഎസ് വിട്ടു പോയേ തീരൂ.

പുതിയൊരു തൊഴിലുടമയ്ക്കു ഇവരെ ജോലിക്കു എടുക്കണമെങ്കിൽ സങ്കീർണമായ കുടിയേറ്റ നിയമങ്ങളുടെ കടൽ താണ്ടണം. ആയിരക്കണക്കിന് ഡോളർ മുടക്കുകയും വേണം.

സിലിക്കൺ വാലിയിലും അതിനപ്പുറത്തും നിരവധി കുടുംബങ്ങൾ തലയ്ക്കു മീതെ തൂങ്ങുന്ന വാൾ കണ്ടു ഭയക്കുമ്പോൾ രാജ്യത്തെ കുടിയേറ്റ ചട്ടങ്ങൾ പരിഷ്കരിച്ചു പ്രശ്ന പരിഹാരം കാണേണ്ടവർ നിഷ്ക്രിയരായി തുടരുന്നു. വിശാലമായ അഭിപ്രായ ഐക്യമുള്ള വിഷയങ്ങളിൽ പോലും കോൺഗ്രസ് പ്രവർത്തിക്കുന്നില്ല.

പേ പാളിൽ ജോലി ചെയ്തിരുന്ന നെറ്റ്‌വർക്ക് എൻജിനീയർ ഇന്ദു ഭൂഷൺ (36) ഭാര്യയുടെ പ്രസവം അടുത്തു വരുന്ന നേരത്തു ലെ-ഓഫ് ചെയ്യപ്പെട്ടു.  മസാച്യുസെറ്സിലെ മെതുവനിൽ താമസിക്കുന്ന ഭൂഷൺ മറ്റൊരു ജോലിക്കു ശ്രമിച്ചു. “അതി കഠിനമാണ് മറ്റൊരു ജോലി കിട്ടുക എന്നത്,” അദ്ദേഹം പറയുന്നു. മത്സരം ഭീകരം. മാത്രമല്ല, എച്1ബി  വിസ സ്പോൺസർ ചെയ്യുന്നതിന്റെ നൂലാമാലകളും പണച്ചെലവും തൊഴിലുടമകൾ പ്രശ്നമായി പറയുന്നു.

“യുഎസിലൊട്ടാകെ ലേ-ഓഫിലായ നിരവധി പേരുണ്ട്. എല്ലാവരും പകരം ജോലിക്കു ശ്രമിക്കയാണ്. അവസരങ്ങളുടെ നാട്ടിൽ നിന്ന് ഇങ്ങിനെ ഇന്ത്യയിലേക്കു മടങ്ങേണ്ടി വരുന്നത് ദയനീയമാണ്.”

ജോലി പോയാൽ 60 ദിവസം കഴിയുമ്പോൾ വിസ ഇല്ലാതാവും എന്ന വ്യവസ്ഥയിൽ അയവു വരുത്തി 120 ദിവസമാക്കാൻ ചില ഡെമോക്രാറ്റിക് സാമാജികർ ശ്രമം നടത്തി. കുടിയേറ്റ വകുപ്പ് (USCIS) ഡയറക്ടർ യുർ എം. ജദൗ കലിഫോണിയയിലെ റെപ്. അന്ന ജി. ഇഷൂ, സോ ലോഫ്ഗ്രീൻ എന്നിവർക്കു ജനുവരി 25നു അയച്ച കത്തിൽ പറയുന്നത് ഇങ്ങിനെ: “അത്തരം നടപടി ക്രമങ്ങൾ പൂർത്തിയാകാൻ വളരെയധികം ദിവസങ്ങൾ എടുക്കും.” ടൂറിസ്റ്റു വിസയോ മറ്റോ കിട്ടാൻ ശ്രമിക്കുക, കുറേക്കാലം അങ്ങിനെ നിൽക്കാം എന്ന ഉപദേശവും യുഎസ് ഐ സി എസ് നൽകുന്നുണ്ട്. എന്നാൽ ജോലി ചെയ്യാൻ അത് അനുമതി നൽകില്ല.

ആ കത്ത് താൻ ഉന്നയിച്ച ആശങ്കകൾ അവഗണിക്കയാണ് ചെയ്തതെന്നു സിലിക്കൺ വാലി ഉൾപ്പെട്ട ഡിസ്ട്രിക്ടിന്റെ പ്രതിനിധിയായ ഇഷൂ പറഞ്ഞു. അവർ യുഎസ് ഐ സി എസ് ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി നടത്തിയ ചർച്ചയിലും ഡയറക്ടർ പറഞ്ഞതിലപ്പുറം ഒന്നും കേട്ടില്ല.

ഇതൊരു തമാശയല്ലെന്നു ഇഷൂ പറഞ്ഞു. “അടിയന്തര ആവശ്യമാണ്. എച്1 ബി വിസയുള്ളവർക്കു സമയം പാഴാക്കാൻ ആവില്ല.”

കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ ടെക്ക് കമ്പനികളുടെ ഉത്പന്നങ്ങൾക്കു ആവശ്യക്കാർ പെരുകി. വീട്ടിലിരിക്കുന്ന ജോലിക്കാർക്കും വിദ്യാർഥികൾക്കും ആയിരുന്നു ആവശ്യം. അപ്പോൾ കമ്പനികൾ വൻ തോതിൽ ജീവനക്കാരെ നിയമിച്ചു. എന്നാൽ വിപണിയിലെ ആവശ്യം നീണ്ടു നില്കുമെന്ന അവരുടെ കണക്കു കൂട്ടൽ തെറ്റി. അതോടെ ടെക്ക് ഭീമന്മാരായ ആമസോൺ, ഗൂഗിൾ, മെറ്റാ ഇവയൊക്കെ ആയിരക്കണക്കിന് ആളുകളെ പിരിച്ചു വിടാൻ തുടങ്ങി.

എച്1 ബി വിസകളുടെ പരിധി ഉയർത്തണം എന്നാവശ്യപ്പെട്ടു കോൺഗ്രസിൽ സമ്മർദം ചെലുത്തിയ ചില കമ്പനികളും ഇപ്പോൾ ലേ-ഓഫ് ചെയ്യുന്നുണ്ട്.

സാങ്കേതിക രംഗത്ത് ഏറ്റവും പ്രിയം ഇന്ത്യക്കാർക്കാണ് എന്നതിനു പുറമെ മറ്റൊരു പ്രശ്നം ഓരോ രാജ്യങ്ങൾക്കും  ഗ്രീൻ കാർഡുകൾ നൽകാൻ നിശ്ചയിച്ചിട്ടുള്ള പരിധിയാണ്. വര്ഷം തോറും നൽകുന്ന 140,000 ഗ്രീൻ കാർഡുകളിൽ ഒരു രാജ്യത്തിനും 7 ശതമാനത്തിൽ കൂടുതൽ ലഭിക്കില്ല. മിക്ക രാജ്യങ്ങളിൽ നിന്നും വരുന്നവരെ അപേക്ഷിച്ചു ഇന്ത്യക്കാർക്ക് കാത്തിരിപ്പിന്റെ ദൈർഘ്യം ഏറെയാണ്.

അതു കൊണ്ട് ജോലി പോയാൽ ഗ്രീൻ കാർഡ് സംഘടിപ്പിച്ചു രക്ഷപെടാം എന്ന പ്രതീക്ഷ ഇന്ത്യക്കാർക്കില്ല. ജോലിയും അതോടൊപ്പം തൊഴിൽ വിസയും പോയാൽ യുഎസിൽ പിന്നെ കഴിയാനാവില്ല.

ഗ്രീൻ കാർഡ് പരിധിക്കെതിരെ കോൺഗ്രസിൽ സമ്മർദം ചെലുത്തുന്ന ഇമിഗ്രെഷൻ വോയിസ് എന്ന സംഘടനയുടെ മേധാവി അമൻ കപൂർ പറഞ്ഞു: “ഇന്ത്യൻ സമൂഹത്തിൽ ഒട്ടേറെ ആശങ്കയും സംഘർഷവും ഉണ്ട്. വളരെ വേഗത്തിൽ കാര്യങ്ങൾ വഷളായി കൊണ്ടിരിക്കയുമാണ്.”

Lay-off in tech sector leaves H1B visa holders in dire straits

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular