Tuesday, May 21, 2024
HomeIndia' മദ്യപിച്ച പൊലീസുകാര്‍ വനിതാ താരങ്ങളെ ആക്രമിച്ചു '

‘ മദ്യപിച്ച പൊലീസുകാര്‍ വനിതാ താരങ്ങളെ ആക്രമിച്ചു ‘

ന്യൂഡല്‍ഹി : ദ്യപിച്ച്‌ ലക്കുകെട്ട പൊലീസുകാര്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളായ സാക്ഷി മലിക്, വിനയ് ഫോഗട്ട് അടക്കമുള്ളവരെ അപമാനിച്ചുവെന്നും തല്ലിച്ചതച്ചുവെന്നും താരങ്ങള്‍.

ബുധന്‍ രാത്രി പന്ത്രണ്ടോടെയാണ് രാജ്യത്തിന്റെ അഭിമാന താരങ്ങളെ ഡല്‍ഹി പൊലീസ് തെരുവില്‍ ആക്രമിച്ചത്. മദ്യപിച്ചെത്തിയ പൊലീസുകാരന്‍ ധര്‍മേന്ദ്രയടക്കമുള്ളവര്‍ വിനേഷ് ഫോഗട്ടിനെയും സാക്ഷി മലിക്കിനെയും കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും മര്‍ദിച്ചെന്നും താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഗുസ്തി താരങ്ങളായ രാഹുല്‍ യാദവ്, ദുഷ്യന്ത് ഫോഗട്ട് എന്നിവര്‍ ചികിത്സ തേടി. ഇവരുടെ തലയില്‍നിന്ന് ചോരയൊലിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മനഃപൂര്‍വം പ്രകോപനമുണ്ടാക്കി സമരം പൊളിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയതെന്ന വിമര്‍ശം ശക്തമായി. ആരോപണം നിഷേധിച്ച പൊലീസ് ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നും പൊലീസുകാര്‍ മദ്യപിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. പരാതി നല്‍കിയാല്‍ നോക്കാമെന്നാണ് പൊലീസ് ഭാഷ്യം.

ബുധന്‍ പകല്‍ പെയ്ത മഴയില്‍ സമരവേദി കുതിര്‍ന്നതോടെ കിടക്കാന്‍ കട്ടിലുകള്‍ എത്തിച്ചത് പൊലീസ് തടഞ്ഞു. പിന്നാലെ അധിക്ഷേപവും കൈയേറ്റവും നടന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. സാക്ഷി മലിക്കും വിനേഷ് ഫോഗട്ടും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് ബജ്റംഗ് പൂനിയ ആവശ്യപ്പെട്ടു. ട്രാക്ടറുകളുമായി ഡല്‍ഹിയില്‍ എത്തി സമരത്തിന്റെ ഭാഗമാകണമെന്നും പൂനിയ കര്‍ഷകരോടും ഖാപ്പ് പഞ്ചായത്തുകളോടും വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ പൊലീസ് അതിക്രമത്തെ അപലപിച്ചു.
താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ എസ്‌എഫ്‌ഐ വനിതാ നേതാക്കള്‍ക്കുനേരെയും കൈയേറ്റമുണ്ടായി. മദ്യപിച്ച പൊലീസുകാര്‍ തങ്ങളെ അധിക്ഷേപിച്ചെന്ന് എസ്‌എഫ്‌ഐ നേതാവ് അഹാന സിങ് പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി
ലൈംഗികാതിക്രമ പരാതിയില് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഡല്ഹി പൊലീസ് കേസെടുത്തതിനാല്‍ കൂടുതല്‍ ഇടപെടലിനില്ലെന്ന് സുപ്രീംകോടതി. കൂടുതല്‍ പരാതി ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ബന്ധപ്പെട്ട മജിസ്ട്രേട്ടിനെയോ ഡല്‍ഹി ഹൈക്കോടതിയെയോ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്ദേശിച്ചു.

അന്വേഷണത്തിന് വിരമിച്ച ജഡ്ജി മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹര്‍ജിയിലെ ആവശ്യം നിറവേറ്റപ്പെട്ടതോടെ ഹര്‍ജി തീര്‍പ്പാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വനിതാതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന പൊലീസിന്റെ നിലപാടും ചീഫ് ജസ്റ്റിസ് ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവില്‍ രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular