Tuesday, May 21, 2024
HomeIndiaകർണാടകയിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി: ശിവകുമാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

കർണാടകയിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി: ശിവകുമാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

കോൺഗ്രസ് അണികളെ ദിവസങ്ങളോളം അസ്വസ്ഥരാക്കിയ ഉദ്വേഗത്തിനു ശേഷം ബുധനാഴ്ച അർധരാത്രിയോടെ കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചു തീരുമാനമായി. കർണാടക സ്വദേശി തന്നെയായ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ചു മുൻ മുഖ്യന്ത്രി സിദ്ധരാമയ്യ (75) വീണ്ടും ആ സ്ഥാനം ഏറ്റെടുക്കും. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ (61) ഉപമുഖ്യമന്ത്രിയാവും.

വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ശനിയാഴ്ചത്തേക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് 7 മണിക്കു ബംഗളുരുവിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം എൽ എ  മാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അവരെ അറിയിക്കാൻ ഖാർഗെ തന്നെ എത്തും എന്നാണറിവ്.

ശനിയാഴ്ച ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു സോണിയ ഗാന്ധിയും എത്തിച്ചേരുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ഡൽഹിയിൽ നിന്നുള്ള ഒരു അനൗദ്യോഗിക റിപ്പോർട്ട് അനുസരിച്ചു രണ്ടര വർഷം ഭരിച്ച ശേഷം സിദ്ധരാമയ്യ ശിവകുമാറിനു അധികാരം ഏല്പിച്ചു കൊടുത്തു വിരമിക്കും. അങ്ങിനെയൊരു തീർപ്പുള്ളതായി പക്ഷെ കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച സിദ്ധരാമയ്യയുടെ അനുയായികൾ നടത്തിയ ആഘോഷത്തിൽ കുപിതനായ ശിവകുമാർ നിലപാട് കടുപ്പിച്ചതോടെ ഒത്തുതീർപ്പു സാധ്യതകൾ അസ്തമിച്ചെന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടെങ്കിലും സോണിയ ഇടപെടാൻ തയാറായില്ല. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നു മത്സരിച്ചു ജയിച്ചു പ്രസിഡന്റായ ഖാർഗെ (81) ആദ്യത്തെ കടും പരീക്ഷണം അങ്ങിനെ ഏറ്റെടുത്തു. ഇരുവരുമായും കർണാടക നിരീക്ഷകനായ രൺദീപ് സിംഗ് സുർജേവാലയുമായും മറ്റു പല നേതാക്കളുമായും മാറിമാറി സംസാരിച്ച അദ്ദേഹം അർധരാത്രിയോടെ തീരുമാനം പ്രഖ്യാപിക്കുമ്പോൾ ശിവകുമാറും സിദ്ദരാമയ്യയും ഇടവും വലവും ഉണ്ടായിരുന്നു.

കർണാടകയിൽ 224 അംഗ നിയമസഭയിൽ 135 സീറ്റ് ആണ് കോൺഗ്രസ് നേടിയത്. ബി ജെ പി 66ൽ ഒതുങ്ങിയപ്പോൾ ജെ ഡി എസ് 19 സീറ്റിൽ അവസാനിച്ചു.

ജനതാ പരിവാർ പാർട്ടിയിൽ നിന്നു രാഷ്ട്രീയ ജീവിതം ആരംഭിച്ച സിദ്ധരാമയ്യ 2006 ലാണ് കോൺഗ്രസിൽ എത്തിയത്. ദേവരാജ് അർസിനു ശേഷം കാലാവധി പൂർത്തിയാക്കിയ ഏക മുഖ്യമന്ത്രിയാണ്.

Siddaramaiah to head Karnataka cabinet again: Shivkumar is deputy CM

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular