Tuesday, April 30, 2024
Homeരാത്രി പ്രത്യക്ഷപ്പെടുന്ന വിചിത്ര രൂപം, ഭയപ്പെടുത്തുന്ന നൃത്തം; ആരാണ് സെര്‍ബിയന്‍ ഡാന്‍സിംഗ് ലേഡി

രാത്രി പ്രത്യക്ഷപ്പെടുന്ന വിചിത്ര രൂപം, ഭയപ്പെടുത്തുന്ന നൃത്തം; ആരാണ് സെര്‍ബിയന്‍ ഡാന്‍സിംഗ് ലേഡി

ബെല്‍ഗ്രേഡ്: കൂരിരുട്ട്… വിജനമായ തെരുവില്‍ അസ്വഭാവികമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന അവ്യക്തമായ ഒരു സ്ത്രീ രൂപം….സെര്‍ബിയൻ ഡാൻസിംഗ് ലേഡി എന്നറിയപ്പെടുന്ന ഈ സ്ത്രീയുടെ വീഡിയോ മിക്കവരും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ കണ്ടിരിക്കും.

സെര്‍ബിയൻ നാടോടിക്കഥകളില്‍ വിവരിക്കുന്ന പോലുള്ള നൃത്തച്ചുവടുകളാണ് സ്ത്രീയുടേത്. തെരുവില്‍ ഏകയായി നൃത്തം ചെയ്യുന്ന ഈ സ്ത്രീ തന്റെ കണ്‍മുന്നില്‍ പെടുന്നവരുടെ നേര്‍ക്ക് ആക്രോശിച്ച്‌ കൊണ്ട് പാഞ്ഞടുക്കും. സ്ത്രീയുടെ കൈയ്യില്‍ ഒരു കത്തിയുമുണ്ടാകും. സെര്‍ബിയൻ ഡാൻസിംഗ് ലേഡിയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ഭയാനകമായ കഥ ഇതാണ്.

എന്നാല്‍ ശരിക്കും ആരാണ് സെര്‍ബിയൻ ഡാൻസിംഗ് ലേഡി. ഇവര്‍ക്ക് ശരിക്കും അമാനുഷിക ശക്തിയുണ്ടോ ? ഇവര്‍ മാനസിക രോഗിയോ അക്രമകാരിയോ ആണോ ? അതോ വീഡിയോ പൂര്‍ണമായും തട്ടിപ്പാണോ ?

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചോദ്യങ്ങളാണിത്. 2019 സെപ്റ്റംബറിലാണ് സെര്‍ബിയൻ ഡാൻസിംഗ് ലേഡിയെ പറ്റിയുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത്. തെരുവില്‍ നൃത്തം ചെയ്യുന്ന സെര്‍ബിയൻ ഡാൻസിംഗ് ലേഡിയുടെ ഒരു വീഡിയോയെ പറ്റിയായിരുന്നു ആ റിപ്പോര്‍ട്ട്. ഡിസംബര്‍ 29ന് ടിക്ടോക്കില്‍ ഇവരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടു.

ടിക്ടോക്കര്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ സ്ത്രീയുടെ നൃത്തം പകര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ പതുക്കെ തന്റെ നൃത്തം നിറുത്തി. പെടുന്നനെ കത്തിയുമായി ടിക്ടോക്കറുടെ നേരെ പാഞ്ഞടുക്കുകയും ചെയ്തു. ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പിന്നാലെ ഫെബ്രുവരി 11നും ഇതുപോലൊരു വീഡിയോ പുറത്തുവന്നു. ഇതോടെ സെര്‍ബിയൻ ഡാൻസിംഗ് ലേഡി ചര്‍ച്ചാ വിഷയമായി. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള പ്രാങ്ക് വീഡിയോകള്‍ ആണിതെന്ന് ഭൂരിഭാഗം പേരും വാദിക്കുന്നു. എന്നാല്‍ പാതിരാത്രി ഇരുട്ടിന്റെ മറവില്‍ ഏകയായി നൃത്തം ചെയ്യുന്ന സ്ത്രീ യാഥാര്‍ത്ഥ്യമാണെന്ന് ചിലര്‍ വിശ്വസിച്ചു.

1998 മുതല്‍ തന്നെ അത്തരം കഥകള്‍ സെര്‍ബിയയില്‍ പ്രചാരത്തിലുണ്ടെന്ന് ഇവര്‍ പറയുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് കാരണം സ്നേഹിച്ചിരുന്ന യുവാവിനെ വിവാഹം കഴിക്കാനാകാതെ മരിച്ച ഒരു സ്ത്രീയുടെ ആത്മാവ് രാത്രി തെരുവില്‍ ഏകയായി നൃത്തം ചെയ്തും പാട്ടുപാടിയും അലയാറുണ്ടെന്ന കഥ സെര്‍ബിയയില്‍ പ്രചാരത്തിലുണ്ട്. സെര്‍ബിയൻ ഡാൻസിംഗ് ലേഡിയെ ഈ കഥയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ഇതിനിടെ രാത്രി ഈ സ്ത്രീയെ കണ്ടതായും തങ്ങളെ പിന്തുടര്‍ന്നെന്നും അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തി.

ഏതായാലും ഈ വീഡിയോകളില്‍ മിക്കതും വ്യാജമാണ്. എന്നാല്‍ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോയുടെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സെര്‍ബിയൻ ഡാൻസിംഗ് ലേഡിയെന്നത് സത്യമാണെന്ന് തെളിയിക്കാനുള്ള വിശ്വസനീയമായ ഉറവിടങ്ങളൊന്നും ലഭ്യമല്ല. അതിനാല്‍ സ്ത്രീയെ ഒരു അര്‍ബാൻ ലെജന്റോ ( പലരും സത്യമാണെന്ന് വിശ്വസിക്കുന്നതും എന്നാല്‍ സത്യമല്ലാത്തതുമായ അസാധാരണ സംഭവത്തേയോ വ്യക്തിയേയോ പറ്റിയുള്ള കഥ ) മിഥ്യയോ ആണെന്ന് പൊതുവെ വിലയിരുത്തുന്നു. സെര്‍ബിയൻ ഡാൻസിംഗ് ലേഡിയെ തേടി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും അങ്ങനെ ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular