Wednesday, May 8, 2024
HomeIndiaയു.എസില്‍ നിന്നു തന്നെ എച്ച്-1ബി വിസ പുതുക്കാന്‍ തീരുമാനം

യു.എസില്‍ നിന്നു തന്നെ എച്ച്-1ബി വിസ പുതുക്കാന്‍ തീരുമാനം

വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ നിന്നു തന്നെ എച്ച്-1ബി വിസ പുതുക്കുന്നതുള്‍പ്പെടെയുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും  കരാറുകളും നരേന്ദ്ര മോദിയുടെ യു.എസ്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തെ ഫലപ്രദമാക്കി. യു.എസില്‍ നിന്നു തന്നെ എച്ച്-1ബി വിസ പുതുക്കുന്നതു സംബന്ധിച്ച തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഏറെ ഗുണകരമാകും.

യു.എസില്‍ നിലവില്‍ തൊഴില്‍ വിസയുടെ കാലാവധി കഴിയുന്നവര്‍ക്ക് രാജ്യത്തിനകത്തു നിന്നുകൊണ്ട് വിസ പുതുക്കാനാകില്ല. ഇതിനു പരിഹാരമായി രാജ്യത്തിനകത്തു നിന്നുതന്നെ പുതുക്കാമെന്നതാണ് പുതിയ തീരുമാനം.

ഇന്തോ-അമേരിക്കന്‍ നയതന്ത്രബന്ധം സുദൃഢമാക്കുന്ന കരാറുകളും പ്രഖ്യാപനങ്ങളും ഇന്ത്യ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. യു.എസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡും (എച്ച്.എ.എല്‍) സംയുക്തമായി ഇന്ത്യയില്‍ യുദ്ധവിമാന എന്‍ജിന്‍ നിര്‍മിക്കാന്‍ കരാറാണ് ഇതില്‍ പ്രധാനം.

യുദ്ധവിമാന എന്‍ജിനുകളുടെ നിര്‍മാണ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറുന്ന നിര്‍ണായക കരാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടികളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.

മറ്റു പ്രധാന തീരുമാനങ്ങള്‍ പ്രകാരം ബെംഗളൂരുവിലും അഹമ്മദാബാദിലും യു.എസ്. കോണ്‍സുലേറ്റുകള്‍ തുറക്കും. 2020 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആര്‍ട്ടെമിസ് കരാറില്‍ ഇന്ത്യ ഭാഗമാകും. സെമി കണ്ടക്ടറുകളുമായി ബന്ധപ്പെട്ട മേഖലയില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ അമേരിക്ക ചിപ്പ് നിര്‍മാതാക്കളായ ‘മൈക്രോണെ’ മോദി ക്ഷണിച്ചു.

ലോകസമാധാനത്തിനായി അമേരിക്കയ്‌ക്കൊപ്പം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചും 19 ആചാരവെടി മുഴക്കിയുമാണ് മോദിയെ വൈറ്റ് ഹൗസില്‍ വരവേറ്റത്.

അമേരിക്കയില്‍ തനിക്ക് ലഭിച്ച വരവേല്‍പ്പ് 140 കോടി ഇന്ത്യക്കാര്‍ക്കുള്ള ആദരമാണെന്ന് മോദി പറഞ്ഞു. വൈവിധ്യങ്ങളില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്നും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അര്‍പ്പണ മനോഭാവവും പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയെന്നും മോദി ചൂണ്ടിക്കാട്ടി.

21-ാം നൂറ്റാണ്ടിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ആദ്യമായാണ് ഇത്രയധികം ഇന്ത്യക്കാര്‍ക്ക് ആതിഥേയത്വമരുളാനായി വൈറ്റ് ഹൗസിന്റെ ഗേറ്റ് തുറക്കപ്പെടുന്നത്. മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റിിന്റെ ഭാഗമായി വൈറ്റ് ഹൗസിലൊരുക്കിയ ഒഫീഷ്യല്‍ ഡിന്നറിന് മുന്നോടിയായിട്ടായിരുന്നു മോദിയും ബൈഡനും ജനങ്ങളെ സംബോധന ചെയ്തത്.

എ.എസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular