Friday, May 3, 2024
HomeGulfമുത്തുവാരി, പൈതൃകമറിഞ്ഞ് കൗമാരക്കാര്‍

മുത്തുവാരി, പൈതൃകമറിഞ്ഞ് കൗമാരക്കാര്‍

ദോഹ: ഖത്തറിന്റെ സമ്ബന്നമായ മുത്തുവാരല്‍, മത്സ്യബന്ധന പാരമ്ബര്യവും പൈതൃകവും പുതുതലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി അപൂര്‍വമായ കാഴ്ചകള്‍ക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കതാറ സാക്ഷിയായത്.

പൂര്‍വികരെ പോലെ വെള്ളമുണ്ടും ബനിയനും ഉടുത്ത്, കൈയിലൊരു കൊട്ടയും ഡൈവര്‍ ഉപകരണങ്ങളുമായി കൗമാരക്കാര്‍ കടലിലേക്ക് ചാടുന്നു. നീലക്കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കൗമാരക്കാര്‍ക്ക് കൈത്താങ്ങായി പരിചയ സമ്ബന്നരായ ഡൈവര്‍മാര്‍.

കുട്ടികള്‍ക്കായി കതാറ സംഘടിപ്പിച്ച അഞ്ചാമത് അല്‍മിന പേള്‍ ഡൈവിങ് മത്സരമായിരുന്നു നൂറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള തൊഴിലറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്ന വേദിയായി മാറിയത്. പത്തിനും 15നും ഇടയില്‍ പ്രായമുള്ള 168 മത്സരാര്‍ഥികളാണ് രണ്ടു ദിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ വെള്ളിയാഴ്ച സമാപിച്ചു. ഡൈവിങ്, ഹദ്ദാഖ്, മീൻപിടിത്തും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികള്‍ മത്സരിച്ചത്.

കുട്ടികളില്‍ സഹകരണം, ഐക്യദാര്‍ഢ്യം, സ്വാശ്രയത്വം, സഹിഷ്ണുത, ക്ഷമ, സ്ഥിരോത്സാഹം എന്നിവയുടെ മൂല്യങ്ങള്‍ പഠിക്കാനും പകര്‍ന്ന് നല്‍കാനുമുള്ള അവസരമാണ് ഇതെന്നും സമുദ്ര ശാസ്ത്രത്തെക്കുറിച്ച്‌ പഠിക്കാനും സമ്ബന്നവും ഉപയോഗപ്രദവുമായ അനുഭവം സമ്മാനിക്കാനും ഈ സാഹസികപഠന യാത്രക്ക് കഴിയുമെന്നും മത്സരത്തിന് മേല്‍നോട്ടം വഹിക്കുന്ന സഈദ് അല്‍ കുവാരി പറഞ്ഞു. മീൻപിടിത്തം, മുങ്ങല്‍, ദിശ കണ്ടെത്തല്‍, കാലാവസ്ഥ, കാറ്റിന്റെ വേഗതയും ഗതിയും, തിരമാലകളുടെ ചലനം എന്നിവയെക്കുറിച്ച്‌ കുട്ടികളില്‍ അറിവ് വര്‍ധിപ്പിക്കാനും മത്സരം സഹായിക്കുമെന്നും അല്‍ കുവാരി പറഞ്ഞു. മീൻ പിടിക്കാനും മുത്ത് വാരാനുമായുള്ള പരമ്ബരാഗത സമുദ്ര വസ്ത്രം ധരിച്ചാണ് കുട്ടികളെല്ലാം മത്സരത്തിനെത്തിയത്.

പ്രഭാത നമസ്‌കാരാനന്തരം ബോട്ടിലേറി കടലിലേക്ക് പോയ കുട്ടികള്‍ രാവിലെ 10 മണിയോടെ വിശ്രമത്തിനായി കതാറയിലേക്ക് മടങ്ങുകയും ശേഷം വീണ്ടും കടലിലേക്ക് തിരിക്കുകയും ചെയ്തു. സൂര്യാസ്തമയത്തിന് മുമ്ബായി ഫാല്‍ക് ഓയ്‌സ്‌റ്റേഴ്‌സില്‍ പങ്കെടുക്കാനായി മത്സരാര്‍ഥികള്‍ വീണ്ടും കതാറയിലേക്ക് മടങ്ങും. രാത്രിയില്‍ അത്താഴവും നാടൻ ഗെയിമുകളുമായി കുട്ടികള്‍ സമയം ചെലവഴിക്കും. സൂര്യാസ്തമയത്തോടെയാണ് മത്സരത്തിന് സമാപനം കുറിച്ചത്.

ഒരാള്‍ പൊക്കം ആഴമുള്ള മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കിയായിരുന്നു മത്സരങ്ങള്‍ നടന്നത്. ട്രെയിനര്‍മാര്‍ നേരത്തേ ഇറങ്ങി നില്‍ക്കുന്ന കടലിലേക്ക് ചാടിയ ശേഷം മുങ്ങുന്ന കുട്ടികള്‍ അടിത്തട്ടിലെത്തി മുത്തുകള്‍ മുങ്ങിയെടുത്ത് തിരികെ എത്തുകയാണ് രീതി. മത്സരങ്ങള്‍ക്കു മുമ്ബ് പരിശീലനവും മറ്റും നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular