Monday, May 6, 2024
HomeIndiaപിടിവിടാതെ പനി; സംസ്ഥാനത്ത് എച്ച്‌1എന്‍1 വ്യാപനവും രൂക്ഷം

പിടിവിടാതെ പനി; സംസ്ഥാനത്ത് എച്ച്‌1എന്‍1 വ്യാപനവും രൂക്ഷം

സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. എലിപ്പനി-ഡെങ്കിപ്പനി ഭീതിക്കു പുറമേ ഇപ്പോള്‍ എച്ച്‌1 എന്‍1 പനിയും പടര്‍ന്നുപിടിക്കുകയാണ്.

ഈ മാസം മാത്രം 9 പേരാണ് എച്ച്‌1എന്‍1 ബാധിച്ച്‌ മരിച്ചത്. 171 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച്‌ ആറ് പേരും എലിപ്പനി ബാധിച്ച്‌ 5 പേരുമാണ് മരിച്ചത്. 129 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.

പനിബാധിതരുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലത്തെ കണക്ക് അനുസരിച്ച്‌ പ്രതിദിനം 15000 പനിബാധിതരാണ് ചികിത്സ തേടി സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ എത്തുന്നത്. ഇന്നലെ മാത്രം 15493 പേര്‍ ചികിത്സ തേടി. മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍. ഇവിടെ 2804 പേരാണ് ഇന്നലെ പനിബാധയെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയത്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും ഇന്നലെ പനിബാധിതരുടെ എണ്ണം ആയിവരകം കവിഞ്ഞു.

എലിപ്പനിയെക്കാളും ഡങ്കിപ്പനിയെക്കാളും കേരളത്തില്‍ മരണസംഘ്യ ഉയര്‍ത്തുന്നത് എച്ച്‌1എന്‍1 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ശക്തമായ പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നാല് ദിവസം മുന്‍പ് വരെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ എച്ച്‌1എന്‍1 സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

23ാം തീയതി മുതല്‍ മാത്രമാണ് എച്ച്‌1എന്‍1 സംബന്ധിച്ച കണക്കുകള്‍ സൈറ്റില്‍ ലഭ്യമായിത്തുടങ്ങിയത്. അപ്പോഴേക്കും രോഗം ബാധിച്ച്‌ 7 പേര്‍ മരിക്കുകയും 164 പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തിരുന്നു. ഈ വര്‍ഷം കേരളത്തില്‍ എച്ച്‌1എന്‍1 ബാധ സ്ഥിരീകരിച്ച 402 പേരില്‍ 23 പേരാണ് മരിച്ചത്. എലിപ്പനിയെക്കാളും ഡങ്കിപ്പനിയെക്കാളും അപകടസാധ്യത കൂടിയ രോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ ഇത്രയും ദിവസം സര്‍ക്കാര്‍ പുറത്തു വിടാതിരുന്നതിനെ സംബന്ധിച്ച്‌ വ്യക്തതയില്ല.

പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതില്‍ ആരോഗ്യസംവിധാനം തീര്‍ത്തും പരാജയപ്പെട്ടതായി വിമര്‍ശനമുയരുകയാണ്. പനിബാധിതരുടെ എണ്ണം കൂടിയതോടെ പല സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞുകവിഞ്ഞു. പുതുതായി എത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് പല ആശുപത്രികളും. പല സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ലഭ്യത കുറവാണെന്നു വ്യാപക പരാതിയുണ്ട്.

മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടത്തുന്നതില്‍ വന്ന വീഴ്ചയാണ് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന പരാതിയും ഉയരുന്നു. എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ മഴ ശക്തമായതോടെ ഓടകളിലും കാനകളില്‍ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. ഇവിടങ്ങളില്‍ ഇടവിട്ടുള്ള മഴ കൊതുകുകള്‍ പെരുകുന്നതിനും കാരണമാകുന്നു. കൊതുക് പരത്തുന്ന ഡെങ്കിപ്പനി സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ചിട്ടും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറായിട്ടില്ലെന്നാണ് ഉയരുന്ന പനിക്കണക്ക് സൂചിപ്പിക്കുന്നത്.

അതേസമയം വിമര്‍ശനങ്ങള്‍ തള്ളി ആരോഗ്യവകുപ്പും രംഗത്തുവന്നിട്ടുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തി പരത്താനുള്ള ശ്രമമാണിതെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളില്‍ പകര്‍ച്ചപ്പനി നേരിടാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കെഎംഎസ്‌സിഎല്‍ വഴല്‍ 200 കോടി രൂപയുടെ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മരുന്നുക്ഷാമം ഉണ്ടെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അവര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular