Saturday, May 4, 2024
HomeGulfവേനലിലും വാടാതെ തോട്ടങ്ങള്‍; പച്ചപ്പ് നിലനിര്‍ത്തും ഗ്രീന്‍ ഹൗസ്

വേനലിലും വാടാതെ തോട്ടങ്ങള്‍; പച്ചപ്പ് നിലനിര്‍ത്തും ഗ്രീന്‍ ഹൗസ്

ദോഹ: മണ്ണ് ചുട്ടുപൊള്ളുന്ന വേനലിലും രാജ്യത്തെ കൃഷിത്തോട്ടങ്ങള്‍ക്ക് തണലും പച്ചപ്പുമൊരുക്കുന്നതില്‍ നിര്‍ണായകമായി ‘ഗ്രീൻ ഹൗസ്’ കൃഷിരീതികള്‍.

പച്ചനിറത്തില്‍, കാലാവസ്ഥ വെല്ലുവിളികളെ തടഞ്ഞ് കൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ ഹരിതഗൃഹങ്ങള്‍.

കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക സീസണ്‍ ദീര്‍ഘിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക വകുപ്പ് ആരംഭിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് കര്‍ഷകര്‍ക്കുള്ള ഹരിതഗൃഹങ്ങള്‍. കര്‍ഷകര്‍ക്ക് നല്‍കുന്ന ഹരിതഗൃഹങ്ങള്‍ വേനല്‍ക്കാലത്ത് ഉല്‍പാദനം ഉറപ്പാക്കാൻ സഹായിക്കുന്നതായി കാര്‍ഷിക വകുപ്പിലെ അഗ്രികള്‍ചറല്‍ ഗൈഡൻസ് ആൻഡ് സര്‍വിസസ് വിഭാഗം മേധാവി അഹ്മദ് സാലിം അല്‍ യാഫിഈ പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി, ഉല്‍പാദനശേഷിയും കാര്യക്ഷമതയും കണക്കാക്കി എ, ബി, സി എന്ന വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യമായാണ് ഇത്തരം ഹരിതഗൃഹങ്ങള്‍ വിതരണം ചെയ്യുന്നതെന്നും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പിന്റെ നിരവധി സംരംഭങ്ങളിലൊന്നാണ് ഇതെന്നും അല്‍ യാഫിഈ കൂട്ടിച്ചേര്‍ത്തു.

പദ്ധതി പ്രകാരം കാര്‍ഷിക വകുപ്പ് ഉല്‍പാദനക്ഷമമായ എല്ലാ ഫാമുകള്‍ക്കും ഹരിതഗൃഹങ്ങള്‍ നല്‍കുന്നുണ്ടെന്നും കാര്യക്ഷമതയും ഉല്‍പാദനശേഷിയും അനുസരിച്ച്‌ ഫാമുകളെ എ, ബി, സി എന്നിങ്ങനെ വര്‍ഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഹരിതഗൃഹങ്ങള്‍ സ്ഥാപിക്കുന്നത്. വേനല്‍ക്കാലത്ത് ഉല്‍പാദനം തുടരുന്നതിലൂടെ കാര്‍ഷിക സീസണ്‍ ദീര്‍ഘിപ്പിക്കുന്നുവെന്നതാണ് ഹരിതഗൃഹങ്ങളുടെ പ്രധാന നേട്ടം -അല്‍ യാഫിഈ ചൂണ്ടിക്കാട്ടി. ഖത്തറില്‍ വേനല്‍ക്കാലത്ത് ഫാമുകള്‍ ഉല്‍പാദനം നിര്‍ത്തുകയാണ് പതിവ്. എന്നാല്‍, ഹരിതഗൃഹ സംവിധാനമുള്ളവര്‍ക്ക് വേനലിലും പച്ചക്കറി ഉല്‍പാദിപ്പിക്കാൻ സാധിക്കുമെന്നും ഫാമുകളെ അപേക്ഷിച്ച്‌ ഗുണനിലവാരമുള്ള കാര്‍ഷിക ഉല്‍പന്നങ്ങളാണ് ഹരിതഗൃഹങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കാര്‍ഷിക ഉല്‍പന്നങ്ങള്‍, വളങ്ങള്‍, ജലസേചന ഉപകരണങ്ങളും ശൃംഖലകളും എന്നിവയുടെ വിതരണം മറ്റു സംരംഭങ്ങളിലുള്‍പ്പെടുന്നു. കാര്യക്ഷമമായ കൃഷിരീതികളെക്കുറിച്ച്‌ കര്‍ഷകര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശ സേവനങ്ങളും വകുപ്പ് നല്‍കുന്നുണ്ടെന്ന് അല്‍ യാഫിഈ വ്യക്തമാക്കി. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നിനും വിപണന പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നതിനും കൂടാതെ പച്ചപ്പുല്ല് ഉല്‍പാദിപ്പിക്കുന്നതില്‍ ഭൂഗര്‍ഭജലത്തിന്റെ ഉപഭോഗം കുറക്കുന്നതിനുള്ള സംരംഭവും വകുപ്പിന് കീഴിലുണ്ട്. അദ്ദേഹം പറഞ്ഞു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഹരിതഗൃഹങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള 58 ശതമാനം ജോലികളും പൂര്‍ത്തിയായി. പ്രാദേശിക ഫാമുകള്‍ക്കായി ഏകദേശം 3478 ഫാമുകളാണ് വിതരണം ചെയ്യുന്നത്. നേരത്തേ 666 ഹെക്ടര്‍ പ്രദേശത്ത് ഹരിതഗൃഹങ്ങള്‍ സ്ഥാപിച്ചിരുന്നു. ഉല്‍പാദനച്ചെലവ് കുറക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നല്‍കി ഇറക്കുമതി ഉല്‍പന്നങ്ങളുമായി മത്സരിക്കാനുള്ള പ്രാപ്തി നല്‍കി കര്‍ഷക മേഖലയെ പരിഷ്‌കരിക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി.

കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രാദേശിക ഫാമുകളെ കൂടുതല്‍ ജലക്ഷമതയുള്ള കാര്‍ഷിക സമ്ബ്രദായം സ്വീകരിക്കാൻ സഹായിക്കാനും മന്ത്രാലയത്തിന്റെ പദ്ധതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular