Monday, May 6, 2024
HomeKeralaവീണ വിജയന് സ്വകാര്യ കമ്ബനിയില്‍ നിന്ന് മാസപ്പടി; സി.എം.ആര്‍.എല്‍ നല്‍കിയത് 1.72 കോടി

വീണ വിജയന് സ്വകാര്യ കമ്ബനിയില്‍ നിന്ന് മാസപ്പടി; സി.എം.ആര്‍.എല്‍ നല്‍കിയത് 1.72 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്ബനിയില്‍ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകള്‍.

ശശിധരൻ കര്‍ത്തയുടെ കമ്ബനിയായ കൊച്ചിൻ മിനറല്‍സ് ആന്‍റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) 1.72 കോടി രൂപ നല്‍കിയതിന്‍റെ രേഖകളാണ് മലയാള മനോരമ ദിനപത്രം പുറത്തുവിട്ടത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആര്‍.എല്‍ കമ്ബനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നും ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

2017ല്‍ വീണ വിജയന്റെ എക്‌സലോജിക് കമ്ബനിയും സി.എം.ആര്‍.എല്‍ കമ്ബനിയും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാര്‍ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയിരിക്കുന്നത്.

എന്നാല്‍, വീണ വിജയനോ എക്‌സലോജിക് കമ്ബനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ ഡയറക്ടറായ ശശിധരൻ കര്‍ത്ത ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സേവനവും നല്‍കാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്ന കണ്ടെത്തല്‍ പുറത്ത് വരുന്നത്.

വീണ വിജയന് പുറമെ ചില പ്രമുഖരായ വ്യക്തികള്‍ക്കും ട്രേഡ് യൂണിയൻ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയതിന്റെ രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ, വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ എം.എല്‍.എ ആവശ്യപ്പെട്ടു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്ബനിയില്‍ നിന്ന് ഏത് പശ്ചാത്തലത്തിലാണ് വീണ വിജയൻ ഇത്രയും തുക വാങ്ങിയതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മാസപ്പടി ആരോപണം നിയമസഭയില്‍ ഉന്നയിക്കുമെന്നും മാത്യു കുഴല്‍നാടൻ വ്യക്തമാക്കി.

വീണയുടെ കമ്ബനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി ആക്രോശം നടത്തി ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. പിണറായിയുടെ മകള്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്. കമ്ബനിക്ക് പണം വാങ്ങാം. എന്നാല്‍, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകും? ഈ വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. കേരളത്തില്‍ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവല്‍കരിക്കപ്പെട്ട അഴിമതിയുമാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular