Tuesday, May 7, 2024
HomeKeralaഒന്നിച്ച്‌ ലാന്‍ഡ് ചെയ്യാന്‍ ചന്ദ്രയാന്‍ 3ഉം റഷ്യയുടെ ലൂണയും; ചന്ദ്രന് ചുറ്റും പേടകങ്ങളുടെ തിരക്ക്, കൂട്ടിയിടിക്കുമോയെന്ന്...

ഒന്നിച്ച്‌ ലാന്‍ഡ് ചെയ്യാന്‍ ചന്ദ്രയാന്‍ 3ഉം റഷ്യയുടെ ലൂണയും; ചന്ദ്രന് ചുറ്റും പേടകങ്ങളുടെ തിരക്ക്, കൂട്ടിയിടിക്കുമോയെന്ന് ആശങ്ക

തിരുവനന്തപുരം: ചന്ദ്രന് ചുറ്റും പേടകങ്ങളുടെ തിരക്ക്. ചന്ദ്രയാൻ 3 അടുത്തയാഴ്ചയെത്തും. ഒപ്പം ഇന്നലെ വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 പേടകവും.

റഷ്യയുടെ ലൂണ 16നാണ് ചന്ദ്രന്റെ 100കിലോമീറ്റര്‍ അടുത്തെത്തുന്നത്. 21നോ, 23നോ ലാൻഡിംഗ്. ചന്ദ്രയാൻ 100കിലോമീറ്റര്‍ അടുത്തെത്തുന്നത് 17നാണ്. 23ന് ലാൻഡിംഗ്. രണ്ടും ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങുന്നത്. മിക്കവാറും ഒപ്പത്തിനൊപ്പമാവും രണ്ടിന്റെയും ലാൻഡിംഗ്.

നിലവില്‍ ആറ് പേടകങ്ങള്‍ ചന്ദ്രനെ ചുറ്റുന്നുണ്ട്. ഇവ കൂട്ടിയിടിക്കുമോ എന്ന് ആശങ്കയുണ്ട്. ലൂണാര്‍ റെക്കണയ്സൻസ് ഓര്‍ബിറ്റര്‍ ഉള്‍പ്പെടെ നാലെണ്ണവും അമേരിക്കയുടേതാണ്. കൊറിയയുടെ പാത്ത് ഫൈൻഡര്‍, ഇന്ത്യയുടെ ചന്ദ്രയാൻ 2 എന്നിവയാണ് മറ്റുള്ളവ. 2008ല്‍ അയച്ച ചന്ദ്രയാൻ1, 2009ല്‍ അയച്ച ജപ്പാന്റെ ഔന എന്നിവ പ്രവര്‍ത്തനം നിലച്ചെങ്കിലും ചന്ദ്രന് ചുറ്റും നിയന്ത്രണമില്ലാതെ കറങ്ങുയാണോ തകര്‍ന്നുവീണോ എന്നൊന്നും ഉറപ്പില്ല.

യു.എസ്, കൊറിയൻ പേടകങ്ങള്‍ പലതവണ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 2019ല്‍ ചന്ദ്രയാൻ 2നെ മൂന്ന് തവണ ഗതിമാറ്റി കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ചന്ദ്രന് ചുറ്റുമുള്ള വസ്തുക്കള്‍ വിശദമായി പഠിച്ച ശേഷമാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. കൂട്ടിയിടി ഒഴിവാക്കാൻ സിസ്റ്റം ഫോര്‍ സെയ്ഫ് ആൻഡ് സസ്റ്റെയ്‌നബിള്‍ സ്പെയ്സ് ഓപ്പറേഷൻസ് മാനേജ്മെന്റ് സംവിധാനം ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചിട്ടുണ്ട്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആശങ്കയുണ്ട്.

ചന്ദ്രന്റെ 100 – 150കിലോമീറ്റര്‍ അടുത്തുള്ളവ ലോ ലൂണാര്‍ ഓര്‍ബിറ്റുകളാണ്. ലാൻഡറുകളാണ് ഇവിടെ എത്തുക. അവ ഏതാനും ദിവസം മാത്രം തങ്ങിയ ശേഷം ലാൻഡ് ചെയ്യും. ചന്ദ്രയാൻ 3ന്റെ ലാൻഡറിനെ വേര്‍പെടുത്തിയ ശേഷം പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ഏതാനും വര്‍ഷം ചന്ദ്രനെ ചുറ്റും. അത് 150 കിലോമീറ്റര്‍ ഉയര്‍ത്തി തിരക്ക് കുറഞ്ഞ ഭ്രമണപഥത്തിലാക്കും.

1976ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് റോക്കില്‍ വിക്ഷേപിച്ചു. ഭാരം 1800 കിലോ. അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. മൂന്ന് മുതല്‍ ഏഴ് ദിവസം ചന്ദ്രനെ ചുറ്റുമ്ബോള്‍ ലാൻഡിംഗ് സ്ഥലം തിരഞ്ഞെടുക്കും. ലാൻ‌ഡറിന്റെ ഭാരം 800 കിലോ.

38 കിലോ ശാസ്‌ത്ര ഉപകരണങ്ങള്‍. കോരിക ഉപയോഗിച്ച്‌ ചന്ദ്രനിലെ പാറ 15 സെന്റീമീറ്റര്‍ തുരന്ന് ജലസാന്നിദ്ധ്യം പരിശോധിക്കും. ദക്ഷിണധ്രുവത്തില്‍ ഉറ‌ഞ്ഞ വെള്ളത്തിന്റെ വൻ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്. ഭാവിയില്‍ മനുഷ്യവാസത്തിന് വേണ്ട ഇന്ധനവും ഓക്സിജനും കുടിവെള്ളവും കിട്ടുമോ എന്നാണ് പരിശോധിക്കുന്നത്. റഷ്യൻ ലാൻഡര്‍ ഒരു വര്‍ഷം ചന്ദ്രനില്‍ പരീക്ഷണങ്ങള്‍ നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular