Saturday, May 4, 2024
HomeIndiaമുല്ലപ്പെരിയാര്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയം; ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയം; ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിയോട് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സഹാചര്യം ഇല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് എ.എന്‍. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ചര്‍ച്ചകള്‍ക്കായി കേരളം തയാറാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളവും മേല്‍നോട്ട സമിതിയുമായി ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റെന്നാള്‍ വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണെന്നും ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ വിഷയം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായി ഉയര്‍ന്നു. ശനിയാഴ്ച വൈകുന്നേരം ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാം മുന്നറിയിപ്പ് ലഭിക്കും. ഒപ്പം ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കും.142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി. അണക്കെട്ടിനോട് ചെര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ജലനിരപ്പ് 137 പിന്നിട്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ തീവ്രമാകാതെ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇന്നലെ കത്തയച്ചിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോവണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഷട്ടർ തുറക്കുകയാണെങ്കിൽ 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular