Thursday, May 2, 2024
HomeUSAയുഎസില്‍ മരുഭൂമിയില്‍ കനത്ത മഴ; ചെളിക്കുണ്ടില്‍ കുടുങ്ങി 73,000 പേര്‍

യുഎസില്‍ മരുഭൂമിയില്‍ കനത്ത മഴ; ചെളിക്കുണ്ടില്‍ കുടുങ്ങി 73,000 പേര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ നെവാഡയില്‍ മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്തതോടെ ചെളിയില്‍ കുടുങ്ങി 73,000 പേര്‍.

നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാന്‍’ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് കുടുങ്ങിയത്. ഒരാള്‍ മരിച്ചു. പ്രളയം രൂക്ഷമായതോടെ, ഉത്സവം നടക്കുന്ന ബ്ലാക്ക് റോക്ക് മരുഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. എല്ലാ വര്‍ഷവും നെവാഡയില്‍ നടക്കുന്ന പ്രശസ്തമായ കലാ, സാംസ്‌കാരിക ഉത്സവമാണ് ബേണിങ് മാന്‍. ഇതിന്റെ ഭാഗമായി വലിയ തടിക്കോലം കത്തിക്കാറുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഉത്സവം സംഘടിപ്പിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തടിക്കോലം കത്തിക്കാന്‍ സാധിച്ചിട്ടില്ല.

കനത്ത മഴയില്‍ മരുഭൂമി ചതുപ്പുനിലമായതോടെ ആളുകളുടെ കാലുകളും വാഹനങ്ങളുടെ ടയറുകളും ഉള്‍പ്പെടെ താഴ്ന്നു പോകുകയായിരുന്നു. ഒട്ടേറെ പേര്‍ കാല്‍നടയായി യാത്ര ചെയ്ത പുറത്തെത്തിയെങ്കിലും ഇതിനു സാധിക്കാതെ നിരവധിപ്പേര്‍ കുടുങ്ങിപ്പോയി. വാഹനം ഓടിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 0.8 ഇഞ്ച് മഴയാണ് വടക്കുപടിഞ്ഞാറന്‍ നെവാഡയില്‍ പെയ്തിറങ്ങിയത്. സാധാരണഗതിയില്‍ മൂന്നു മാസം കൊണ്ടാണ് ഇത്രയും മഴ ലഭിക്കാറുള്ളതെന്നാണ് ഉത്സവത്തിനെത്തിയവര്‍ ഉള്‍പ്പെടെ മാധ്യമങ്ങളോടു പറഞ്ഞത്.

ക്യാംപില്‍ കുടങ്ങിക്കിടക്കുന്നവര്‍ ഭക്ഷണം പങ്കുവയ്ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. താല്‍ക്കാലിക മൊബൈല്‍ ടവറുകള്‍, വൈഫൈ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ക്രമീകരിക്കുന്നുണ്ട്. വൈദ്യസഹായം ഉള്‍പ്പെടെ എത്തിക്കുന്നതിന് പ്രത്യേക വാഹനങ്ങളും എല്ലാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന സാധിക്കുന്ന ടയറുകളും സംഘാടകര്‍ എത്തിച്ചു.

മരുഭൂമികളിലെ വരണ്ട തടാകങ്ങളില്‍നിന്നു (പ്ലേയ) വെള്ളം ഒഴുകിപ്പോകുന്നതിനുപകരം ബാഷ്പീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ചെറിയ മഴ പെയ്താല്‍ തന്നെ ഇവ ചെളിക്കുണ്ടുകളായി മാറും. എന്നാല്‍ ഒരാള്‍ മരിച്ചതിന് കാലാവസ്ഥയുമായി ബന്ധമില്ലെന്ന് ബേണിങ് മാന്‍ സംഘാടകര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നാല്‍പതു വയസ്സുകാരനായ ഒരാള്‍ സഹായം തേടി എമര്‍ജന്‍സി വിഭാഗത്തിലേക്ക് വിളിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പെര്‍ഷിങ് കൗണ്ടി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular