Tuesday, April 30, 2024
HomeKerala'ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും പോലീസ് മര്യാദയായി സംസാരിക്കണം': വി ഡി സതീശൻ

‘ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും പോലീസ് മര്യാദയായി സംസാരിക്കണം’: വി ഡി സതീശൻ

കൊച്ചി: ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും പൊലീസ് മര്യാദയായി സംസാരിച്ചില്ലെങ്കില്‍ അതിശക്തമായ നിലയില്‍ നേരിടുമെന്ന മുന്നറിയിപ്പ് നല്‍കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറാന്‍ കേരളത്തിലെ പോലീസിന് ആരാണ് ലൈസന്‍സ് കൊടുത്തത്? ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീവിരുദ്ധ പോലീസായി കേരളാ പോലീസ് മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭാ മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പെണ്‍കുട്ടികളോട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയും ആശുപത്രിയില്‍ വച്ച് അപമര്യാദയായി പെരുമാറി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സി.ഐ മോശമായാണ് പെണ്‍കുട്ടികളോട് സംസാരിച്ചത്. സ്ത്രീവിരുദ്ധ സര്‍ക്കാരാണെന്നു തോന്നുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അനുപമയുടെ പരാതി ഡി.ജി.പിക്ക് നല്‍കി ആറു മാസം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ ഇട്ടത്. ഇത് കേരളത്തില്‍ അനുവദിച്ചുകൊടുക്കില്ല. തുല്യപങ്കാളികളായി തുല്യനീതി നല്‍കി സ്ത്രീകളോട് പെരുമാറണം. സമരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

എം.ജി സര്‍വകലാശാലയില്‍ അപമാനിക്കപ്പെട്ട എ.ഐ.എസ്.എഫ് നേതാവ് പരാതി നല്‍കിയിട്ടും പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തില്ല. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയിലെ നേതാവിനെതിരെ ലൈംഗികാതിക്രമം കാട്ടിയിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും പോലീസ് തയാറാകുന്നില്ല. ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും മര്യാദയായി സംസാരിച്ചില്ലെങ്കില്‍ അതിശക്തമായ നിലയില്‍ നേരിടും. സൂക്ഷച്ചു സംസാരക്കണമെന്ന് പൊലീസിനെ ഓര്‍മ്മപ്പെടുത്തുന്നു.

നിയമസഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയം പ്രതിപക്ഷം കൊണ്ടുവന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളാണ് അതിനു കാരണം. എന്നാല്‍ ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തില്‍ പോലീസ് ഈ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടിവരും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയേണ്ടത് പോലീസാണ്. കേസ് ഉണ്ടാകുമ്പോള്‍ അന്വേഷിക്കല്‍ മാത്രമല്ല. ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി എടുക്കേണ്ടതും പോലീസാണ്. പരാതിയുമായി ചെല്ലുന്ന സ്ത്രീകളെ പൊലീസ് പരിഹസിക്കുകയാണ്.

പിണറായി വിജയനും സര്‍ക്കാരും അലനോടും താഹയോടും മക്കള്‍ ജയിലിലായതിന്റെ വേദന അനുഭവിച്ച കുടുംബത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അലനും താഹയുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തേണ്ട കേസല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അലനും താഹയും അറസ്റ്റു ചെയ്യപ്പെട്ട അന്നുമുതല്‍ യു.എ.പി.എ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അവരുടെ വീട്ടില്‍ നിന്നും ചില പുസ്തകങ്ങള്‍ കണ്ടെടുത്തെന്നാണ് പൊലീസ് പറഞ്ഞത്. അതിനേക്കള്‍ വലിയ മാവോയിസ്റ്റ് ആശയങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ എന്റെ ലൈബ്രറിയിലുണ്ട്. അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റു ചെയ്യണം.

മാപ്പില്‍ തീരുന്ന പ്രശ്‌നമല്ല. ഇത്രയും കാലം ജയിലില്‍ കിടന്നതിന് എന്ത് പരിഹാരമാണ് ഉണ്ടാക്കുക. എത്രമാത്രം വേദനയാണ് ആ കുടുംബങ്ങള്‍ക്കുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരെയാണ് പിണറായി സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി അനാവശ്യമായി ജയിലില്‍ അടച്ചത്.

കൈയ്യിലൊരു നിയമം കിട്ടിയാല്‍ മോദിയേക്കാള്‍ വലിയ ഏകാധിപതിയായി മാറുമെന്നാണ് പിണറായി വിജയന്‍ തെളിയിച്ചത്. അതില്ലാത്തതുകൊണ്ടാണ്. അധികാരം ഉണ്ടായിരുന്നുവെങ്കില്‍ ഏകാധിപതികളുടെ പൊതുസ്വാഭാവം തന്നെയാണ് കാണിക്കുന്നത്. ഇതാണോ ഇടതുപക്ഷം? ഇതാണ് ഞങ്ങള്‍ വീണ്ടും ഉയര്‍ത്തുന്ന ചോദ്യം? യു.എ.പി.എ നിയമം ഒരു ഡ്രാക്കോണിയന്‍ നിയമമാണെന്നു പരസ്യമായി പാര്‍ലമെന്റിലും പൊതുവേദിയിലും പ്രസംഗിച്ചവര്‍ സ്വന്തം പാര്‍ട്ടിയിലെ ഒരു നിസാരപ്രശ്‌നത്തിന്റെ പേരില്‍ അതേ നിയമം ഉപയോഗിച്ച് രണ്ട് ചെറുപ്പക്കാരെ ജയിലിലാക്കി. ഇത് ഇടതുപക്ഷമാണോ? അതോ തീവ്ര വലതുപക്ഷമാണോ? ഇതു തന്നെയല്ലേ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ചെയ്യുന്നത്? ഇപ്പോള്‍ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരല്ല. തീവ്രവലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരാണ്. അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചത് അതിനുള്ള ഏറ്റവും വലിയ അടയാളമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular